പോരാട്ടം വീണ്ടും ക്രിസ്റ്റിയാനോ, മോഡ്രിച്ച്, സല നേര്‍ക്കുനേര്‍; ഇടമില്ലാതെ മെസിയും ഗ്രീസ്മാനും

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്ക മോഡ്രിച്ച്, മുഹമ്മദ് സല എന്നിവരാണ് ഫിഫയുടെ പുരസ്‌കാരത്തിനായും അവസാന റൗണ്ടിലെത്തിയത്
പോരാട്ടം വീണ്ടും ക്രിസ്റ്റിയാനോ, മോഡ്രിച്ച്, സല നേര്‍ക്കുനേര്‍; ഇടമില്ലാതെ മെസിയും ഗ്രീസ്മാനും

ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച താരങ്ങളെ തിരഞ്ഞെടുക്കാനുള്ള അന്തിമ പട്ടിക പുറത്തിറങ്ങി. യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ച്, ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സല എന്നിവരാണ് ഫിഫയുടെ പുരസ്‌കാരത്തിനായും അവസാന റൗണ്ടിലെത്തിയത്. യുവേഫയുടെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലും ഈ മൂന്ന് പേരും തന്നെയായിരുന്നു ഇടം കണ്ടത്. വനിതാ താരങ്ങളുടെ പട്ടികയില്‍ അദ ഹെഗര്‍ബെര്‍ഗ്, സെനിഫര്‍ മരോസന്‍, മാര്‍ത്ത എന്നിവരാണ് ഇടംകണ്ടത്.

ബാഴ്‌സലോണ സൂപ്പര്‍താരം ലയണല്‍ മെസിയും ഫ്രാന്‍സിന്റെ ലോകകപ്പ് ഹീറോ അന്റോയിന്‍ ഗ്രീസ്മാനും അവസാന പട്ടികയില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. ഗ്രീസ്മാന്റെ തഴയല്‍ അത്ഭുതപ്പെടുത്തുന്നതാണ്. 

മികച്ച പരിശീലകര്‍ക്കുള്ള ലിസ്റ്റില്‍ ക്രൊയേഷ്യയുടെ മാനേജര്‍ സ്ലാറ്റ്‌കോ ഡാലിച്ച്, ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപസ്, റയലിന്റെ മുന്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ എന്നിവരാണ് ഇടം പിടിച്ചത്. 

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ ലെയ്സ്റ്റര്‍ സിറ്റിയുടെ ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷല്‍, റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസ്, ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു താരങ്ങള്‍.

മികച്ച താരത്തിനുള്ള പുരസ്‌കാരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ലയണ്‍ മെസി മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരപ്പട്ടികയിലുണ്ട്. ക്രിസ്റ്റ്യാനോ, സല എന്നിവര്‍ ഈ പട്ടികയിലുമുണ്ട്. ഗെരത് ബെയ്ല്‍, ഡെനിസ് ചെറിഷേവ്, ക്രിസ്‌റ്റോഡൗലോപൗലസ്, ജ്യോര്‍ജിയന്‍ അരസ്‌കെയ്റ്റ, റിയലി മക്ഗ്രീ, ബെഞ്ചമിന്‍ പവാര്‍ഡ്, റിക്കാര്‍ഡോ ക്വരസ്മ. 

സെപ്തംബര്‍ 24നാണ് ഫിഫയുടെ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും മാധ്യമ പ്രവര്‍ത്തകരും ആരാധകരും ചേര്‍ന്നാണ് വോട്ടെടുപ്പിലൂടെ മികച്ച താരങ്ങളെ കണ്ടെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com