ഫുട്‌ബോള്‍ താരങ്ങളില്ലെങ്കിലെന്താ ഫുട്‌സാലുണ്ടല്ലോ; വിചിത്ര തീരുമാനവുമായി ഡാനിഷ് ഫെഡറേഷന്‍

താരങ്ങളുടെ കടുംപിടുത്തം വക വെയ്ക്കാതിരുന്ന അധികൃതര്‍ ഉടക്കി നില്‍ക്കുന്നവരെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചു. അതും ഫുട്‌സാല്‍ താരങ്ങളെ വരെ ഉള്‍ക്കൊള്ളിച്ച്
ഫുട്‌ബോള്‍ താരങ്ങളില്ലെങ്കിലെന്താ ഫുട്‌സാലുണ്ടല്ലോ; വിചിത്ര തീരുമാനവുമായി ഡാനിഷ് ഫെഡറേഷന്‍

കോപ്പന്‍ഹഗന്‍: സീനിയര്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ച് ഉടക്കി നില്‍ക്കുമ്പോള്‍ ദേശീയ ഫുട്‌ബോള്‍ ടീം എന്തുചെയ്യും. താരങ്ങളുടെ കടുംപിടുത്തം വക വെയ്ക്കാതിരുന്ന അധികൃതര്‍ ഉടക്കി നില്‍ക്കുന്നവരെ ഒഴിവാക്കി ടീം പ്രഖ്യാപിച്ചു. അതും ഫുട്‌സാല്‍ താരങ്ങളെ വരെ ഉള്‍ക്കൊള്ളിച്ച്. 

സ്ലോവാക്യക്കും വെയില്‍സിനുമെതിരെ നടക്കുന്ന യുവേഫ നേഷന്‍സ് ലീഗ് പോരാട്ടത്തിനുള്ള ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ ടീമാണ് ഫുട്‌സാല്‍ താരങ്ങളേയും മൂന്ന്, നാല് ഡിവിഷനില്‍ കളിക്കുന്ന പരിചയ സമ്പത്തില്ലാത്ത താരങ്ങളേയും ഉള്‍ക്കൊള്ളിക്കേണ്ട ഗതികേടിലെത്തിയത്. ഡെന്മാര്‍ക്കിലെയും മറ്റ് യൂറോപ്യന്‍ ലീഗിലേയും ഒന്നാം ഡിവിഷനില്‍ കളിക്കുന്നവരാരും ടീമിലില്ല. നോര്‍വെക്കാരനായ കോച്ച് എയ്ജ് ഹരെയ്‌ദെ കഴിഞ്ഞ ദിവസം സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് മുന്‍ ആഴ്‌സണല്‍ മധ്യനിര താരമായ ജോണ്‍ ജെന്‍സനാണ് ദേശീയ ടീമിന്റെ താത്കാലിക പരിശീലകന്‍. 

കുറച്ചുനാളുകളായി ഡാനിഷ് അധികൃതരും കളിക്കാരും തമ്മില്‍ പ്രശ്‌നത്തിലാണ്. കളിക്കാരുടെ സ്‌പോണ്‍സര്‍ഷിപ്പ്, പരസ്യം തുടങ്ങിയ കാര്യങ്ങളിലാണ് തര്‍ക്കം. ഇതിന് പരിഹാരം കാണാന്‍ സാധിക്കാതെ വന്നതോടെ ദേശീയ ടീമിനായി കരാറില്‍ ഇവര്‍ ഒപ്പുവെച്ചില്ല. ഇതോടെ പ്രധാന താരങ്ങളെല്ലാവരും തന്നെ കളിയില്‍ നിന്ന് വിട്ടുനിന്നു. ഈ സാഹചര്യത്തിലാണ് ഫുട്‌സാല്‍ താരങ്ങളെയടക്കമിറക്കി സാഹസത്തിന് ഡാനിഷ് അധികൃതര്‍ തയ്യാറെടുക്കുന്നത്. ഉടക്കി നില്‍ക്കുന്നവരില്‍ ക്രിസ്റ്റ്യന്‍ എറിക്‌സനും കാസ്പര്‍ ഷ്‌മൈഷേലടക്കമുള്ള സൂപ്പര്‍ താരങ്ങളും ഉള്‍പ്പെടുന്നു. 

24 അംഗ ടീമില്‍ അഞ്ച് പേരാണ്, ഡെന്മാര്‍ക്ക് ദേശീയ ഫുട്‌സാല്‍ ടീമംഗങ്ങള്‍. ഫുട്‌ബോളിന്റെ ചെറുപതിപ്പായ ഫുട്‌സാല്‍ കളിക്കാന്‍, റൊണാള്‍ഡിഞ്ഞോ അടക്കമുള്ള താരങ്ങള്‍ പോയിട്ടുണ്ടെങ്കിലും, ഫുട്‌സാല്‍ താരങ്ങള്‍ ഫുട്‌ബോള്‍ ടീമിലിടം പിടിക്കുന്നത് അപൂര്‍വ ംഭവമാണ്.

അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താരങ്ങളെല്ലാം നിലകൊള്ളുന്നതെന്ന് ക്രിസ്റ്റിയന്‍ എറിക്‌സന്‍ വ്യക്തമാക്കി. അതിന് വേണ്ടിയാണ് വാദിക്കുന്നത്. ഭാവിയില്‍ ദേശീയ ടീമിലെത്തുന്ന താരങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കണം എറിക്‌സന്‍ കൂട്ടിച്ചേര്‍ത്തു. 

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് ഒരു മാസത്തേക്ക് കൂടി കരാര്‍ നീട്ടാന്‍ താരങ്ങള്‍ സമ്മതം അറിയിച്ചെങ്കിലും ഡാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇത് തള്ളിക്കളയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com