അരങ്ങേറ്റത്തില്‍ സെഞ്ച്വറി, വിരമിക്കല്‍ ഇന്നിങ്‌സിലും ആവര്‍ത്തനം; അവിസ്മരണീയം അലസ്റ്റയര്‍ കുക്ക്

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് തന്റെ വരവ് ലോകത്തോട് പ്രഖ്യാപിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റയര്‍ കുക്ക് വിരമിക്കുന്നതും സെഞ്ച്വറി നേട്ടത്തോടെ
അരങ്ങേറ്റത്തില്‍ സെഞ്ച്വറി, വിരമിക്കല്‍ ഇന്നിങ്‌സിലും ആവര്‍ത്തനം; അവിസ്മരണീയം അലസ്റ്റയര്‍ കുക്ക്

ലണ്ടന്‍: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച് തന്റെ വരവ് ലോകത്തോട് പ്രഖ്യാപിച്ച മുന്‍ ഇംഗ്ലണ്ട് നായകന്‍ അലസ്റ്റയര്‍ കുക്ക് വിരമിക്കുന്നതും സെഞ്ച്വറി നേട്ടത്തോടെ. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ കുക്ക് 103 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ക്യാപ്റ്റന്‍ ജോ റൂട്ട് 92 റണ്‍സുമായി മുന്‍ നായകന് കൂട്ടായി ക്രീസിലുണ്ട്. 

40 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇംഗ്ലണ്ടിന് 283 റണ്‍സ് ലീഡ്. 

222 പന്തുകള്‍ നേരിട്ട് എട്ട് ഫോറുകളുടെ അകമ്പടിയിലാണ് കുക്ക് ടെസ്റ്റ് കരിയറിലെ 33ാം ശതകം സ്വന്തമാക്കിയത്. സെഞ്ച്വറി നേട്ടത്തോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ കുക്ക് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ പിന്തള്ളിയാണ് കുക്ക് അഞ്ചാമതായത്. 

10 റണ്‍സെടുത്ത ജെന്നിങ്‌സ്, 20 റണ്‍സെടുത്ത മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യക്കായി മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com