അപേക്ഷിച്ചത് ഡൊമനെക്കും അല്ലാര്‍ഡൈസും വരെ; പക്ഷേ സാധ്യത ഈ സൂപ്പര്‍ കോച്ചിന്

250ഓളം അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത്. ഇതില്‍ ലോകകപ്പിലേക്ക് ടീമിനെ നയിച്ച വിഖ്യാത പരിശീലകര്‍ വരെയുണ്ട്
അപേക്ഷിച്ചത് ഡൊമനെക്കും അല്ലാര്‍ഡൈസും വരെ; പക്ഷേ സാധ്യത ഈ സൂപ്പര്‍ കോച്ചിന്

ന്യൂഡല്‍ഹി: എഎഫ്‌സി ഏഷ്യന്‍ കപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചിരുന്നു. ഇംഗ്ലീഷ് കോച്ചിന് പകരക്കാരനെ ഇതുവരെ ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ നിയമിച്ചിരുന്നില്ല. പുതിയ പരിശീലകനെ നിയമിക്കുന്നതിനായുള്ള എഐഎഫ്എഫ് ശ്രമത്തിന് ലോകമെമ്പാടും നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 250ഓളം അപേക്ഷകളാണ് പരിശീലക സ്ഥാനത്തേക്ക് ലഭിച്ചത്. ഇതില്‍ ലോകകപ്പിലേക്ക് ടീമിനെ നയിച്ച വിഖ്യാത പരിശീലകര്‍ വരെയുണ്ട്.

ഫ്രാന്‍സ് ടീമിനെ 2006, 2010 ലോകകപ്പുകളില്‍ പരിശീലിപ്പിച്ച റെയ്മണ്ട് ഡൊമ്‌നെക്ക്, ഇംഗ്ലണ്ട് പരിശീലകന്‍ സാം അല്ലാര്‍ഡൈസ്, ഇറ്റാലിയന്‍ പരിശീലകന്‍ ജിയോവാന്നി ഡി ബയാസി, സ്വീഡിഷ് കോച്ച് ഹകന്‍ എറിക്‌സന്‍ തുടങ്ങിയ വമ്പന്‍മാര്‍ അപേക്ഷിച്ചവരില്‍ പെടുന്നു. മുന്‍ ബംഗളൂരു എഫ്‌സി പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്കയും പട്ടികയിലുണ്ട്.  

അതേസമയം വലിയ പേരുള്ളവരേക്കാള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നവര്‍ മതിയെന്നാണ് അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്റെ തീരുമാനം. സമീപ ദിവസങ്ങളില്‍ തന്നെ 250 പേരില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കും. 

ആല്‍ബര്‍ട്ട് റോക്കയാണ് അടുത്ത പരിശീലകനാകാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ മുന്നിലുള്ളത്. ഈ സ്പാനിഷ് പരിശീലകന്റെ മിടുക്ക് ഐഎസ്എലിലും സൂപ്പര്‍കപ്പിലും കണ്ടതാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ നന്നായറിയുന്ന റോക്കയുടെ കാര്യത്തില്‍ ഫുട്‌ബോള്‍ ഫെഡറേഷനും താത്പര്യമുണ്ട്. സുനില്‍ ഛേത്രി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്കും റോക്കയോട് താല്പര്യമാണ്.

മുന്‍ പരിശീലകന് രണ്ട് കോടിയായിരുന്നു പ്രതിഫലം. പുതിയ കോച്ചിന് മൂന്ന് കോടിയോളം രൂപ വേണ്ടിവരുമെന്നാണ് ഫെഡറേഷന്റെ വിലയിരുത്തല്‍. ചിലപ്പോള്‍ ഇതിലും കൂടിയേക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com