ഇവിടൊരു മലയാളി ബംഗാളില്‍ പോയി കട്ട പണിയാണ്; പക്ഷേ ആ പണി വേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്,  ജോബി ജസ്റ്റിന്‍ പറയുന്നു

ഏഷ്യാ കപ്പിലെ തഴയല്‍, ഐലീഗിലെ സസ്‌പെന്‍ഷന്‍, എടികെയിലേക്കുള്ള വരവ്...ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം പറയുന്നു
ഇവിടൊരു മലയാളി ബംഗാളില്‍ പോയി കട്ട പണിയാണ്; പക്ഷേ ആ പണി വേണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്,  ജോബി ജസ്റ്റിന്‍ പറയുന്നു

2018 ഡിസംബര്‍ 16. കൊല്‍ക്കത്ത ഡെര്‍ബിയില്‍ 2016 മുതലേറ്റ് തുടങ്ങിയ അഭിമാനക്ഷതത്തിന് മോഹന്‍ ബഗാന് മുന്നില്‍ ഈസ്റ്റ് ബംഗാളിന് മറുപടി നല്‍കേണ്ടതുണ്ടായിരുന്നു. അവിടെ ഒരിക്കല്‍ കൂടി അവര്‍ക്ക് പിഴച്ചില്ല. 3-2ന് ജയിച്ചു കയറി. ചിരവൈരികളെ തറപറ്റിക്കാന്‍ അന്നൊരു തകര്‍പ്പന്‍ ഓവര്‍ഹെഡ് വോളിയും പിറന്നിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തേക്ക് ഞാനിതാ വരുന്നു എന്ന് ജോബി ജസ്റ്റിന്‍ എന്ന വെട്ടുകാടുകാരന്‍ ഊട്ടിയുറപ്പിച്ചു പറയുകയായിരുന്നു ആ ഓവര്‍ഹെഡ് വോളിയിലൂടെ, ഈസ്റ്റ് ബംഗാളിനെ ജയിപ്പിച്ചു കയറ്റി.  

ഇനിയുള്ള ചോദ്യമിതാണ്, ജോബിയെ ഇന്ത്യന്‍ കുപ്പായത്തില്‍ നമുക്ക് എന്ന് കാണുവാനാവും? ആ ചോദ്യം കേള്‍ക്കുമ്പോള്‍ പതിവ് ചിരിയില്‍ ജോബി പറയുന്നത് ഇതാണ്, ഞാന്‍ ഒരു കൊച്ചു പയ്യനല്ലേ...ഇനിയും സമയം എനിക്ക് മുന്നില്‍ കിടക്കുകയല്ലേ എന്ന്... എഎഫ്‌സി ഏഷ്യാ കപ്പില്‍ മുന്‍പെങ്ങുമില്ലാത്ത വിധം മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. പക്ഷേ യുഎഇക്കും ബഹ്‌റിനുമെതിരെ ഇന്ത്യയ്ക്ക് പിഴച്ചു. ആ സമയം മുന്നേറ്റ നിരയിലെ ഇന്ത്യയുടെ മൂര്‍ച്ചയില്ലായ്മയാണ് വിമര്‍ശിക്കപ്പെട്ടത്. ഐലീഗില്‍ ആ സമയം ഗോള്‍ വേട്ട നടത്തിക്കൊണ്ടിരുന്ന ജോബിയെ തഴഞ്ഞ് എഎഫ്‌സി ഏഷ്യാ കപ്പിനുള്ള ടീമിനെ തെരഞ്ഞെടുത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ജോബിക്കതില്‍ നിരാശയില്ല.

ഏഷ്യാ കപ്പില്‍ കോച്ച് ചെയ്തതാണ് ശരി

എഎഫ്‌സി ഏഷ്യാ കപ്പിനുള്ള ക്യാംപ് വിളിക്കുന്ന സമയത്താണ് എന്നെ എല്ലാവരും ഒന്ന് അറിഞ്ഞു വരുന്നത്. തന്റെ ടീമിനെ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ഒരു കോച്ചിന് പെട്ടെന്ന് ഒരു താരത്തെ ആ ടീമിലേക്ക് ഉള്‍പ്പെടുത്തുക എന്ന് പറഞ്ഞാല്‍ അത് ബുദ്ധിമുട്ടായിരിക്കും. ഇന്ത്യന്‍ പരിശീലകനായിരുന്ന കോണ്‍സ്‌റ്റൈന്‍നിന്റെ ഭാഗത്ത് നിന്ന് നോക്കുകയാണ് എങ്കില്‍ അദ്ദേഹം ചെയ്തതാണ് ശരി. ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടരുകയാണ്. ഇനിയും അവസരങ്ങള്‍ വരും, എനിക്ക് മുന്നില്‍  അവസരങ്ങളുണ്ട്. 

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്തുവാനായില്ലെങ്കിലും എനിക്ക് ആ സമയം സങ്കടമില്ലായിരുന്നു അതിന്റെ പേരില്‍. കാരണം ഐലീഗില്‍ ആ സമയം എനിക്ക് മികച്ച പ്രകടനം നടത്തുവാനായി. ഐലീഗ് എന്നൊരു പ്ലാറ്റ്‌ഫോം എനിക്ക് മുന്നിലുണ്ട്. അവിടെ മികച്ച കളി പുറത്തെടുക്കുകയാണ് എന്റെ ലക്ഷ്യം. 

ഐഎസ്എല്ലിനേക്കാള്‍ ഇഷ്ടം ഐലീഗ്

ഐഎസ്എല്ലിനേക്കാള്‍ എനിക്ക് കൂടുതല്‍ ഇഷ്ടം ഐലീഗ് തന്നെയാണ്. ഐഎസ്എല്‍ തരുന്ന പ്രശസ്തി ഐലീഗില്‍ കിട്ടില്ലായിരിക്കും. പക്ഷേ ഫുട്‌ബോളിന്റെ മികവ് കൂടുതലും ഐലീഗിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കോമ്പിറ്റീഷനായാലും ആവേശമായാലും ഐലീഗ് ആണ് മുന്നില്‍. ഐഎസ്എല്ലിന്റേത് പോലെ പ്രശസ്തിയും സാധ്യതകളും ലഭിച്ചാല്‍ ഐലീഗ് നല്‍കുന്ന ആവേശം ഇരട്ടിയാവും. 

എസ്എല്‍ ആറാം സീസണില്‍ ജോബിയുമുണ്ടാകും. എടിക്കെയ്ക്ക് വേണ്ടിയാണ് ജോബി ഇറങ്ങുക. ബംഗാളിന്റെ മണ്ണിന് ഫുട്‌ബോളിനോടുള്ള പ്രണയം കണ്ടാണ് എടിക്കെയിലേക്ക് എത്തുന്നതെന്നും ജോബി പറയുന്നു.  ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലേക്ക് വരുന്നു എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ സീസണില്‍ തന്നെ നടന്നിരുന്നു. ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലേക്ക് എത്തിയാല്‍ ഇവിടെ തന്നെ കളിക്കാം എന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ജോബി പറയുന്നു. ഇതോടെ എടിക്കെയുടെ ഓഫര്‍ സ്വീകരിച്ചു.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ എന്തെന്ന് പോലുമറിയാതെ വരവ്

പ്രൊഫഷണല്‍ ഫുട്‌ബോളിനെ കുറിച്ച് വലിയ പിടിയൊന്നും ഇല്ലാതെയാണ് ഞാന്‍ കൊല്‍ക്കത്തയിലേക്ക് എത്തുന്നത്. പ്രൊഫഷണല്‍ താരത്തിന് വേണ്ട പരിശീലനമൊന്നും എനിക്ക് കിട്ടിയിരുന്നില്ല. അതിനൊപ്പം കെഎസ്ഇബിയിലെ ലീവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടി വന്നതോടെ ആകെ സമ്മര്‍ദ്ദത്തിലായി. കൊല്‍ക്കത്തയിലെ എന്റെ ആദ്യത്തെ സീസണില്‍ ഓരോ കളിക്കാരേയും കണ്ട് അവരില്‍ നിന്നെല്ലാം ഓരോ കാര്യങ്ങള്‍ പഠിക്കുകയായിരുന്നു ഞാന്‍. അവസരങ്ങള്‍ കിട്ടുമ്പോള്‍ നന്നായി കളിക്കുവാനും ശ്രമിച്ചു. 

പിന്നത്തെ സീസണില്‍ ഞങ്ങള്‍ക്കൊരു വിദേശ പരിശീലകന്‍ വന്നു. മലേഷ്യയിലായിരുന്നു ഞങ്ങളുടെ പ്രീ സീസണ്‍. അദ്ദേഹം നിര്‍ദേശിച്ച ഡയറ്റും പരിശീലനവും ഓരോ പൊസിഷനിലും കളിക്കുന്ന കളിക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളും. കളിക്കാരെ വ്യക്തിപരമായി കണ്ട് എന്താണോ അദ്ദേഹം കളിക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നതിനെയൊക്കെ കുറിച്ച് പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിലെ എന്റെ മികച്ച പ്രകടനത്തിന് പിന്നില്‍ അദ്ദേഹം നല്‍കിയ പൊസിറ്റീവ് എനര്‍ജിയുണ്ട്. നന്നായി ഒത്തിണങ്ങിയ ടീമായിരുന്നു ഞങ്ങളുടേത്. എനിക്ക് നല്ല പാസുകള്‍ അവരില്‍ നിന്നും ലഭിച്ചു. 

സന്തോഷ് ട്രോഫി നമുക്ക് നേടിത്തന്ന ക്യാപ്റ്റന്‍ ഇഗ്നേഷ്യസ് ഉള്‍പ്പെടെയുള്ള ഫുട്‌ബോള്‍ താരങ്ങളുടെ നാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്, വെട്ടുകാട്. അവരെയെല്ലാം കണ്ടാണ് വളര്‍ന്നത്. കേരള പ്രീമിയര്‍ ലീഗില്‍ കളിക്കവെ ഈസ്റ്റ് ബംഗാളിന്റെ റിക്രൂട്ടേഴ്‌സും അവിടേക്കെത്തി. അവരുടെ കണ്ണില്‍പ്പെട്ടതോടെയാണ് കൊല്‍ക്കത്തയിലേക്ക് ചേക്കേറുന്നത്. 

ലീവ് അനുവദിക്കാതെ കെഎസ്ഇബി

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കെഎസ്ഇബിയില്‍ ജോലി ലഭിച്ചിരുന്നു. പക്ഷേ ഈസ്റ്റ് ബംഗാളിലേക്ക് കളിക്കുവാനായി പോയതോടെ ലീവിന്റെ പ്രശ്‌നം കെഎസ്ഇബി ഉയര്‍ത്തി തുടങ്ങി. ലീവ് അനുവദിക്കുവാന്‍ സാധിക്കില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. ഐലീഗില്‍ ടോപ് സ്‌കോററായി മികച്ച കളി പുറത്തെടുത്തിട്ടും ലീവ് അനുവദിക്കില്ല എന്ന കടുംപിടിത്തും കെഎസ്ഇബി തുടരുന്നത് മുന്‍പില്‍ പ്രതിസന്ധി തീര്‍ക്കുന്നു. എന്നാല്‍ കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും 
ജോബി പറയുന്നു. 

സീസണ്‍ അവസാനം വന്ന സസ്‌പെന്‍ഷന്‍

നല്ലൊരു സീസണ്‍. പക്ഷേ സീസണിന്റെ അവസാനം ജോബിക്ക് തിരിച്ചടിയുണ്ടായി. എതിര്‍താരത്തിന്റെ മുഖത്ത് തുപ്പിയതിന് ലഭിച്ച സസ്‌പെന്‍ഷനോടെ ഐലീഗ് ഫൈനല്‍ ഉള്‍പ്പെടെ ജോബിക്ക് നഷ്ടപ്പെട്ടു. എന്നെ അതിന് മുന്‍പ് മൈതാനത്ത് നിങ്ങള്‍ അത്തരം രീതിയില്‍ കണ്ടിട്ടുണ്ടോയെന്നാണ് ജോബി ചോദിക്കുന്നത്. അതുവരെ, ഗോള്‍ ആഘോഷത്തിന് ഇടയില്‍ ജേഴ്‌സി ഊരി വീശിയതിന് ലഭിച്ച മഞ്ഞക്കാര്‍ഡ് മാത്രമായിരുന്നു എനിക്ക് ലഭിച്ച ശിക്ഷ. 

എന്നാല്‍ എയ്‌സ്വാളിനെതിരായ മത്സരത്തില്‍ ആ സമയം അങ്ങനെ സംഭവിച്ച് പോയെന്നാണ് ജോബി പറയുന്നത്. കടുപ്പമേറിയ ഫൗളായിരുന്നു എനിക്കെതിരെ വന്നത്. ഞാന്‍ മൈതാനത്ത് കിടക്കവെ എന്റെ ടീം അംഗങ്ങള്‍ ഫൗളിനെ ചോദ്യം ചെയ്‌തെത്തി. അത് ഉന്തുംതള്ളിലേക്കും എത്തിയ. ഈ സമയം കരീം എന്റെ ടീം അംഗത്തിന്റെ നേര്‍ക്ക് തുപ്പി. ഇത് കണ്ട് പ്രകോപിതനായിട്ടാണ് ഞാന്‍ തിരിച്ചു തുപ്പിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com