ഓപ്പണര്‍മാരുടെ തന്ത്രം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍; ലോകകപ്പില്‍ ബൗളര്‍മാരെ അസ്വസ്ഥരാക്കുക ഇങ്ങനെ

പരിചയസമ്പത്തിന്റെ മികവില്‍ ബൗളര്‍മാര്‍ ചിന്തിക്കുന്ന വിധം മനസിലാക്കി അവരെ അസ്വസ്ഥരാക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കും
ഓപ്പണര്‍മാരുടെ തന്ത്രം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍; ലോകകപ്പില്‍ ബൗളര്‍മാരെ അസ്വസ്ഥരാക്കുക ഇങ്ങനെ

ബാറ്റിങ് പൊസിഷനിലെ നാലാം സ്ഥാനത്തെ ചൊല്ലി ഇനിയൊരു സംവാദത്തിന്റേയും ആവശ്യമില്ലെന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. നമുക്ക് അവിടെ വിജയ് ശങ്കറുണ്ട്. കെ.എല്‍.രാഹുലുമുണ്ട്. നായകനും, പരിശീലകനും എന്ത് തീരുമാനിക്കുന്നുവോ ഞങ്ങള്‍ അതിനൊപ്പം നില്‍ക്കുമെന്നും ധവാന്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് കളിച്ചപ്പോള്‍ പിച്ചില്‍ വലിയ മാറ്റങ്ങളുണ്ടായിരുന്നു. ഐസിസി ടൂര്‍ണമെന്റ് കളിക്കുവാന്‍ നമ്മള്‍ പോകുമ്പോഴും പിച്ചുകളില്‍ വലിയ മാറ്റമുണ്ടാവും. ഇംഗ്ലണ്ടില്‍ ഏകദിനത്തിലും ട്വന്റി20യിലും നമ്മള്‍ മികവ് കാട്ടിയിരുന്നു. 2013, 2017 ചാമ്പ്യന്‍സ് ട്രോഫി നിങ്ങള്‍ക്ക് ഓര്‍മയില്ലേ? 2013ല്‍ നമ്മളായിരുന്നു ചാമ്പ്യന്‍സ്. 2017ല്‍ ഫൈനലിലെത്തി. അന്ന് ടീമിലുണ്ടായിരുന്നവരാണ് ഇപ്പോഴും ടീമിലുള്ളത് എന്നത് പൊസിറ്റീവ് ഘടകമാണെന്നും ധവാന്‍ പറയുന്നു. 

ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ ബൗളര്‍മാര്‍ക്ക് ഇടം നല്‍കാത്തതാണ്. ഇടംകൈ വലംകൈ കോമ്പിനേഷനാണ് ഇന്ത്യയ്ക്ക് മുന്‍ തൂക്കം നല്‍കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞാനും രോഹിത്തും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. പരിചയസമ്പത്തുള്ള കളിക്കാരാണ് ഞങ്ങള്‍. ഓപ്പണിങ്ങില്‍ എങ്ങനെ ഞങ്ങളുടെ ജോലി ചെയ്യണം എന്ന് ഞങ്ങള്‍ക്ക് അറിയാം. 

ആക്രമിച്ച് കളിക്കുന്നവരാണ് ഞങ്ങള്‍ രണ്ട് പേരും. ആ പരിചയസമ്പത്തിന്റെ മികവില്‍ ബൗളര്‍മാര്‍ ചിന്തിക്കുന്ന വിധം മനസിലാക്കി അവരെ അസ്വസ്ഥരാക്കുവാന്‍ ഞങ്ങള്‍ക്ക് സാധിക്കും. അവരുടെ ലൈനിലും ലെങ്തിലും താളപ്പിഴകള്‍ വരുത്തും. ഞങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതും, ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതും അതാണെന്നും ധവാന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com