മുംബൈ ഇന്ത്യന്‍സില്‍ നിന്നും പ്രതിഫലം വാങ്ങുന്നില്ല, ഇരട്ടപദവിയില്‍ സച്ചിന്റെ വിശദീകരണം

കളിക്കാരെ തെരഞ്ഞെടുക്കുന്നതിലുള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്റെ പരിധിയില്‍ വരുന്നില്ല
മുംബൈ ഇന്ത്യന്‍സില്‍ നിന്നും പ്രതിഫലം വാങ്ങുന്നില്ല, ഇരട്ടപദവിയില്‍ സച്ചിന്റെ വിശദീകരണം

ഇരട്ട പദവി വഹിക്കുന്ന വിഷയത്തില്‍ ബിസിസിഐ ഓംബുഡ്‌സ്മാന്‍ വിശദീകരണം തേടി അയച്ച നോട്ടീസില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ മറുപടി. മുംബൈ ഇന്ത്യന്‍സില്‍ നിന്നും പ്രതിഫലം വാങ്ങുന്നില്ലെന്നാണ് സച്ചില്‍ നല്‍കിയ മറുപടിയില്‍ പറയുന്നത്. 

14 പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ മറുപടി. മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണായി പ്രവര്‍ത്തിക്കുന്നത് പ്രതിഫലം വാങ്ങിയല്ല, മുംബൈ ഇന്ത്യന്‍സില്‍ തീരുമാനങ്ങള്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട ചുമതലകളിലല്ല താന്‍ പ്രവര്‍ത്തിക്കുന്നത് എന്നും സച്ചിന്‍ ചൂണ്ടിക്കാണിക്കുന്നു. 2015ലാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി അംഗമായി എന്നെ തെരഞ്ഞെടുക്കുന്നത്. മുംബൈ ഇന്ത്യന്‍സുമായുള്ള ബന്ധം ഇതിനും മുന്‍പേ തുടങ്ങിയിരുന്നു. 

ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയില്‍ എന്നെ അംഗമായി നിയമിക്കുമ്പോള്‍ തന്നെ, മുംബൈ ഇന്ത്യന്‍സുമായുള്ള എന്റെ സഹകരണത്തെ കുറിച്ച് ബിസിസിഐയ്ക്ക് അറിയാമായിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ എന്ന നിലയില്‍ വഹിക്കുന്ന ചുമതല, ഫ്രാഞ്ചൈസിയുടെ ഗവര്‍ണന്‍സിന്റെയോ, മാനേജ്‌മെന്റിന്റേയോ ഭാഗമല്ല. 

കളിക്കാരെ തെരഞ്ഞെടുക്കുന്നതിലുള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്റെ പരിധിയില്‍ വരുന്നില്ല. മുംബൈ ഇന്ത്യന്‍സിന് മുഖ്യ പരിശീലകനുണ്ട്. ബാറ്റിങ്ങിനും, ബൗളിങ്ങിനും ഫീല്‍ഡിങ്ങിനുമായി പ്രത്യേക പരിശീലകരുമുണ്ട്. യുവ താരങ്ങളെ അവരുടെ കഴിവിനെ കുറിച്ച് ബോധവാന്മാരാക്കുകയാണ് ഞാന്‍ ചെയ്യുന്നത് എന്നും സച്ചിന്‍ പറയുന്നു. 

ഫ്രാഞ്ചൈസിക്ക് മാര്‍ഗനിര്‍ദേശം നല്‍കുക എന്നത് മാത്രമാണ് എന്റെ ജോലി. യുവ താരങ്ങള്‍ക്ക് എന്റെ ക്രിക്കറ്റ് അനുഭവങ്ങള്‍  പങ്കുവെച്ച് അവരുടെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ഞാന്‍ ചെയ്യുന്നതെന്നും സച്ചിന്‍ പറയുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ മെമ്പര്‍ സഞ്ജീവ് ഗുപ്തയായിരുന്നു സച്ചിനെതിരെ പരാതി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com