ഇന്ത്യന്‍ മുന്‍ താരം വി ബി ചന്ദ്രശേഖറിന്റേത് ആത്മഹത്യ, ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

മുറിയില്‍ നിന്ന് പ്രതികരണം ഒന്നുമില്ലാതെ വന്നതോടെ ഭാര്യ അയല്‍ക്കാരെ അറിയിക്കുകയും, വാതില്‍ ചവിട്ടി തുറക്കുകയുമായിരുന്നു
ഇന്ത്യന്‍ മുന്‍ താരം വി ബി ചന്ദ്രശേഖറിന്റേത് ആത്മഹത്യ, ഞെട്ടലില്‍ ക്രിക്കറ്റ് ലോകം

ചെന്നൈ: മുന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖറിന്റെ വിയോഗത്തില്‍ ഞെട്ടി ഇന്ത്യന്‍, തമിഴ്‌നാട് ക്രിക്കറ്റ് ലോകം. വ്യാഴാഴ്ച വൈകുന്നേരം വിബി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വന്നത്. എന്നാല്‍ ഹൃദയാഘാതമല്ല, വിബി ചന്ദ്രശേഖര്‍ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി. 

58ാം ജന്മദിനത്തിന് അഞ്ച് ദിവസം മാത്രമുള്ളപ്പോഴാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ജീവിതം അവസാനിപ്പിച്ചിരിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമുണ്ട്‌. ചന്ദ്രശേഖറിന്റെ ആത്മഹത്യയെ സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വ്യാഴാഴ്ച വൈകുന്നേരം 5.45ടെ ഭാര്യയ്‌ക്കൊപ്പം ചായ കുടിച്ചതിന് ശേഷം വിബി തന്റെ മുറിയിലേക്ക് പോയി. രണ്ട് മണിക്കൂറിന് ശേഷവും മുറിയില്‍ നിന്ന് പുറത്തിറങ്ങാതായതോടെ ഭാര്യ വാതിലില്‍ തട്ടി വിളിച്ചു. 

മുറിയില്‍ നിന്ന് പ്രതികരണം ഒന്നുമില്ലാതെ വന്നതോടെ ഭാര്യ അയല്‍ക്കാരെ അറിയിക്കുകയും, വാതില്‍ ചവിട്ടി തുറക്കുകയുമായിരുന്നു. വാതില്‍ തുറന്നപ്പോള്‍ തൂങ്ങിമരിച്ച നിലയില്‍ നില്‍ക്കുന്ന വിബിയെയാണ് കണ്ടത്. ദുരൂഹസാഹചര്യത്തിലെ മരണവുമായി ബന്ധപ്പെട്ട് മയ്‌ലാപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വിബിയുടെ മരണത്തില്‍ ക്രിക്കറ്റ് ലോകം ഞെട്ടല്‍ രേഖപ്പെടുത്തിയെത്തുന്നു. വിബിയുടെ വിയോഗം വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞാണ് കെ.ശ്രീകാന്ത്, അനില്‍ കുംബ്ലേ, ഡബ്ല്യുവി രാമന്‍, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന എന്നിവരെത്തിയത്. 

ഹാര്‍ഡ് ഹിറ്റിങ് ഓപ്പണര്‍ എന്ന പേരിലാണ് വിബി ഇന്ത്യന്‍ ടീമിലേക്കെത്തിയത്. 53 റണ്‍സാണ് ഏകദിനത്തിലെ ഇദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 81 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 4999 റണ്‍സ് വാരിക്കൂട്ടിയിട്ടുണ്ട്. 10 സെഞ്ചുറികളും. 1988-89ലെ ഇറാനി ട്രോഫിയില്‍ 56 പന്തില്‍ നിന്ന് സെഞ്ചുറി നേടിയാണ് തന്റെ ബാറ്റിങ് കരുത്ത് വിബി പുറത്തെടുക്കുന്നത്. ആ സമയം ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയായിരുന്നു അത്. 

ഏറ്റവും ഒടുവില്‍ തമിഴ്‌നാട് രഞ്ജി ട്രോഫി കിരീടം നേടിയപ്പോള്‍ വിബി ടീമിലംഗമായിരുന്നു. 1988ലായിരുന്നു അത്. ആ സീസണില്‍ തമിഴ്‌നാടിന് വേണ്ടി എട്ട് കളിയില്‍ നിന്നും 551 റണ്‍സാണ് അദ്ദേഹം നേടിയത്. തമിഴ്‌നാട് ടീമിന്റെ നായക സ്ഥാനം വഹിച്ച വിബി പിന്നെ ഗോവ ടീമിലേക്കും ചേക്കേറി. പിന്നാലെ കോച്ചിങ്ങിലും കമന്ററിയിലുമായി ശ്രദ്ധ കൊടുക്കുകയായിരുന്നു. 

തമിഴ്‌നാട് രഞ്ജി ട്രോഫി ടീമിന്റെ പരിശീലകനുമായിരുന്നു. രാഹുല്‍ ദ്രാവിഡുമായി വിബി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. സ്വീപ്പ് ഷോട്ട് കളിക്കാന്‍ ദ്രാവിഡിനെ പഠിപ്പിച്ചത് താനാണെന്നാണ് വിബി പറഞ്ഞിരുന്നത്. ദ്രാവിഡിന്റെ മകനും ചെന്നൈയിലെ വിബിയിടെ കോച്ചിങ് സെന്ററില്‍ പരിശീലനത്തിനെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com