ലാറയും സര്‍വനും വിന്‍ഡീസിനൊപ്പം; ലക്ഷ്യം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; നിര്‍ണായക നീക്കം

ടെസ്റ്റ് പരമ്പര തുടങ്ങാനിരിക്കെ നിര്‍ണായക നീക്കവുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍
ലാറയും സര്‍വനും വിന്‍ഡീസിനൊപ്പം; ലക്ഷ്യം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര; നിര്‍ണായക നീക്കം

പോര്‍ട് ഓഫ് സ്‌പെയിന്‍: ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകള്‍ അടിയറവ് വച്ചതിന്റെ ക്ഷീണത്തിലാണ് വെസ്റ്റിന്‍ഡീസ്. ഇനി അവരെ കാത്തിരിക്കുന്ന പരീക്ഷണം ടെസ്റ്റ് പരമ്പരയാണ്. പോരാട്ടം തുടങ്ങാനിരിക്കെ നിര്‍ണായക നീക്കവുമായി വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. 

ഈ മാസം 22 മുതല്‍ ആന്റിഗ്വയിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 30 മുതല്‍ തുടങ്ങും. ടെസ്റ്റ് പരമ്പര പിടിച്ച് മുഖം രക്ഷിക്കുകയാണ് വിന്‍ഡീസ് അധികൃതര്‍ മുന്നില്‍ കാണുന്നത്. ടി20, ഏകദിന പോരാട്ടങ്ങളില്‍ വിന്‍ഡീസ് ബാറ്റിങ് നിരയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. 

ഇതിന്റെ ഭാഗമായി ടീമിലെ താരങ്ങള്‍ക്ക് ബാറ്റിങ് ടെക്‌നിക്കുകള്‍ പരിശീലിപ്പിക്കാന്‍ ഇതിഹാസ താരങ്ങള്‍ ടീമിനൊപ്പം ചേരും. കരീബിയന്‍ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, രാംനരേഷ് സര്‍വന്‍ എന്നിവരാണ് ടീമിനൊപ്പം ചേരുന്നത്. ടീമിലെ യുവ താരങ്ങള്‍ക്ക് ബാറ്റിങ് മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇരുവരും ഉപദേശിക്കുക. 

ടെസ്റ്റ് പരമ്പരയ്ക്കായി 13അംഗ ടീമിനെയാണ് വിന്‍ഡീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആന്റിഗ്വയില്‍ നടക്കുന്ന പ്രീ സീസണ്‍ ക്യാമ്പില്‍ ഇരുവരും ടീമിനൊപ്പം ചേരും. മൂന്ന് ടെസ്റ്റുകള്‍ മാത്രം കളിച്ച ജോണ്‍ കാംബല്‍, ടെസ്റ്റില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ഷമ്‌റ ബ്രൂക്‌സ്, ഓഫ്‌സ്പിന്‍ ഓള്‍ റൗണ്ടര്‍ റഖീം കോണ്‍വല്‍ അടക്കമുള്ള താരങ്ങളടങ്ങിയതാണ് ടീം. 

മികച്ച യുവ ബാറ്റ്‌സ്മാന്‍മാര്‍ വിന്‍ഡീസ് ടീമിലുണ്ടെന്നും അവരാണ് ടീമിന്റെ ഭാവിയെന്നും വിന്‍ഡീസ് ക്രിക്കറ്റ് ഡയറക്ടര്‍ ജിമ്മി ആഡംസ് വ്യക്തമാക്കി. വിജയിക്കേണ്ടതെങ്ങനെ എന്നറിയാവുന്നവരാണ് ലാറയും സര്‍വനും എന്നും ഇവരുവര്‍ക്കും ക്രിക്കറ്റ് എന്നത് ഇപ്പോഴും ആവേശമാണെന്നും അദ്ദേഹം പറഞ്ഞു. വിന്‍ഡീസ് ക്രിക്കറ്റിനോട് ഇരുവര്‍ക്കും സ്‌നേഹമാണ്. ഇരുവരും തങ്ങളുടെ അനുഭവ സമ്പത്തും വൈദഗ്ധ്യവും പുതു തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ സന്നദ്ധരാണെന്നും ജിമ്മി ആഡംസ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com