ഹൈദരാബാദ് ട്വന്റി20; രോഹിത്തിനൊപ്പം സഞ്ജു ഇറങ്ങും? സാധ്യത പ്ലേയിങ് ഇലവന്‍

ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള പരീക്ഷണങ്ങള്‍ ഇന്ത്യ വിന്‍ഡിസിനെതിരായ പരമ്പരയിലും തുടരും
ഹൈദരാബാദ് ട്വന്റി20; രോഹിത്തിനൊപ്പം സഞ്ജു ഇറങ്ങും? സാധ്യത പ്ലേയിങ് ഇലവന്‍

സ്വന്തം മണ്ണിലെ തേരോട്ടം തുടരാന്‍ ഉറച്ചാണ് വിന്‍ഡിസിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ടുള്ള പരീക്ഷണങ്ങള്‍ ഇന്ത്യ വിന്‍ഡിസിനെതിരായ പരമ്പരയിലും തുടരും. ഹൈദരാബാദില്‍ പരമ്പരയിലെ ആദ്യ ട്വന്റി20ക്ക് ഇറങ്ങുന്ന ഇന്ത്യയുടെ സാധ്യത പ്ലേയിങ് ഇലവന്‍ ഇങ്ങനെയാണ്...

രോഹിത് ശര്‍മ

ട്വിന്റി20യിലെ റണ്‍വേട്ടക്കാരനായ രോഹിത് വെസ്റ്റ് ഇന്‍ഡീസിനെതിരേയും റണ്‍സ് വാരിക്കൂട്ടാന്‍ ഉറച്ചാവും ഓപ്പണിങ്ങില്‍ ഇറങ്ങുക. പരമ്പരയില്‍ രോഹിത്തിന് വിശ്രമം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത് എങ്കിലും അതുണ്ടായില്ല. പ്ലേയിങ് ഇലവനിലുള്ള രോഹിത്തില്‍ നിന്ന് തകര്‍പ്പന്‍ കളി ഗ്യാരന്റിയാണ്. മാത്രമല്ല, ട്വന്റി20യിലെ റണ്‍വേട്ടയില്‍ ഒന്നാമതെത്താന്‍ കോഹ് ലി ശ്രമിക്കുമ്പോള്‍, ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള കളി രോഹിത്തില്‍ നിന്നും വരും. 

രാഹുല്‍

പരിക്കേറ്റ ധവാന് പകരം ഓപ്പണറായി കെ എല്‍ രാഹുല്‍ എത്തുമെന്ന് ഏറെ കുറെ വ്യക്തമാണ്. ധവാന് പകരം ടീമിലെടുത്ത സഞ്ജുവിനെ ഓപ്പണിങ്ങില്‍ ഇറക്കാനുള്ള സാധ്യത ആദ്യ ട്വന്റി20യില്‍ ഇല്ല. ഓപ്പണിങ്ങില്‍ രാഹുലിന്റെ പ്രകടനം വിലയിരുത്തിയതിന് ശേഷമാവും സഞ്ജുവിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനം നിര്‍ണയിക്കുക. 

കോഹ് ലി 

ഇടവേളയ്ക്ക് ശേഷം വീണ്ടും ട്വന്റി20 പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ കോഹ് ലി എത്തുന്നു. ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ട് ശരിയായ ടീം കോമ്പിനേഷന്‍ ചിട്ടപ്പെടുത്താനാവും കോഹ് ലിയുടെ ശ്രമം. 

ശ്രേയസ് അയ്യര്‍ 

മധ്യനിരയില്‍ ബാലന്‍സ് കൊണ്ടുവരാന്‍ ശ്രേയസിന് കഴിഞ്ഞിട്ടുണ്ട്. റണ്‍സ് വേണ്ട സമയത്ത് അടിച്ചു കളിക്കാന്‍ സാധിക്കുമെന്ന് ബംഗ്ലാദേശിനെതിരായ പരമ്പരയിലും ശ്രേയസ് തെളിയിച്ചു. നാലാം സ്ഥാനത്ത് ഇന്ത്യയുടെ തലവേദനയ്ക്കുള്ള ഉത്തരമാവും ശ്രേയസ് എന്ന് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തന്നെ പറഞ്ഞു കഴിഞ്ഞു. 

മനീഷ് പാണ്ഡേ

മധ്യനിരയില്‍ മനീഷ് പാണ്ഡേയ്ക്ക് വീണ്ടും അവസരം ലഭിച്ചേക്കും. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യില്‍ മനീഷ് ഇറങ്ങിയിരുന്നു. കിട്ടയ അവസരം മുതലെടുത്ത ഭേദപ്പെട്ട പ്രകടനം നടത്താനും അന്ന് മനീഷിനായി. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനവും താരത്തെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ തുണയ്ക്കും. 

റിഷഭ് പന്ത് 

കാര്യങ്ങള്‍ പന്തിന്റെ കൈകളില്‍ നിന്ന് വഴുതി പോവുന്ന സമയമാണ്. ബാറ്റിങ്ങില്‍ സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ വരികയും, വിക്കറ്റിന് പിന്നില്‍ വിയര്‍ക്കുകയും ചെയ്തതോടെ ടീം മാനേജ്‌മെന്റിന് ടെസ്റ്റില്‍ സാഹയെ കൊണ്ടുവരേണ്ടി വന്നു. സഞ്ജുവിന്റെ നേര്‍ക്ക് ഇപ്പോള്‍ ശ്രദ്ധ എത്തുമ്പോള്‍ പന്തിന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ. 

ശിവം ദുബെ

ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ശിവം ദുബെയ്ക്ക് കൂടുതല്‍ അവസരം ലഭിക്കാനാണ് സാധ്യത. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ദുബെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നാല്‍ കൂറ്റനടികള്‍ക്ക് പ്രാപ്തമായ താരം ബാറ്റിങ്ങില്‍ പരാജയമായി. 

രവീന്ദ്ര ജഡേജ

ക്രുനാല്‍ പാണ്ഡ്യയ്ക്ക് പകരമാണ് രവീന്ദ്ര ജഡേജ ടീമിലേക്കെത്തിയത്. ആദ്യ ട്വന്റി20യില്‍ ജഡേജയും ഇടംപിടിക്കാനാണ് സാധ്യത. ബിഗ് ഹിറ്റുകള്‍ക്കുള്ള പ്രാപ്തിയും, നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്താനുള്ള കഴിവും ജഡേജയുടെ പ്ലസ് ആണ്. ഫീല്‍ഡിങ്ങിലെ മികവ് കൂടിയാകുമ്പോള്‍ ഇന്ത്യയ്ക്ക് ജഡേജയെ അവഗണിക്കാനാവില്ല. 

ചഹല്‍

പ്ലേയിങ് ഇലവനിലെ സ്ഥാനം ഉറപ്പിക്കാന്‍ വിന്‍ഡിസിനെതിരായ പരമ്പര ചഹല്‍ ലക്ഷ്യം വയ്ക്കും. ജഡേജയും ദുബെയും ഓള്‍റൗണ്ടര്‍മാരായി എത്തുമ്പോള്‍, കുല്‍ദീപിന് പകരം ചഹലാവും ടീമിലേക്കെത്താന്‍ സാധ്യത. 

ഭുവനേശ്വര്‍ കുമാര്‍ 

പരിക്കില്‍ നിന്ന് തിരിച്ചു വരുന്ന ഭുവിക്ക് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാനാണ് സാധ്യത. ട്വന്റി20യില്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്ന ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ തന്നെയാണ്. 

ദീപക് ചഹര്‍

ബംഗ്ലാദേശിനെതിരെ ഹാട്രിക് നേടിയ ദീപക് ചഹര്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലുണ്ടാവുമെന്ന് ഉറപ്പാണ്. ബൂമ്രയുടെ അഭാവത്തില്‍ ദീപക് ചഹറിന്റെ ടീമിലെ ഇടത്തിന് ഭീഷണിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com