'കത്തുന്നത് നികുതി പണം'; പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവരോട് കപില്‍ ദേവ് 

'കത്തുന്നത് നികുതി പണം'; പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിക്കുന്നവരോട് കപില്‍ ദേവ് 

'അഭിപ്രായം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാലത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന വിധത്തിലാവരുത്'

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തമായി തുടരുന്നതിന് വിഷയത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ്. അഭിപ്രായം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാലത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന വിധത്തിലാവരുത് എന്നാണ് ഇന്ത്യയെ ആദ്യമായി ലോക കിരീടത്തിലേക്ക് നയിച്ച നായകന്‍ പറയുന്നത്. 

രാജ്യ താത്പര്യം നിങ്ങള്‍ മാനിക്കണം, അവിടെയാണ് വിദ്യാഭ്യാസം എന്നത് പ്രധാനപ്പെട്ടതാവുന്നത്. വിദ്യാസമ്പന്നരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് സ്വയം വിലയിരുത്താനാവും. ഇതാണ് ശരി, ഇതാണ് തെറ്റ് എന്നിങ്ങനെ പറയരുത്. പകരം സ്വയം വിലയിരുത്തുക. നമ്മുടെ സമൂഹത്തില്‍, ആള്‍ക്കൂട്ടം പറയുന്നത് എന്തോ അതാണ് ശരി എന്ന് വിശ്വസിക്കുകയാണ് പതിവ്. എന്നാല്‍ അങ്ങനെയല്ല. നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ, കപില്‍ ദേവ് പറയുന്നു. 

ക്രിക്കറ്റില്‍ ബൗളറാണ് ഫീല്‍ഡ് സെറ്റ് ചെയ്യുന്നത്. ക്യാപ്റ്റനല്ല. അതുപോലെ തന്നെ, സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളിലും, നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കൂ...നിങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാം. പക്ഷേ രാജ്യ താത്പര്യം അവിടെ സംരക്ഷിക്കപ്പെടണം. സ്വന്തം സ്‌കൂട്ടര്‍ കത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ മാത്രമേ ബസുകള്‍ കത്തിക്കാന്‍ പാടുള്ളു, കപില്‍ ദേവ് പറയുന്നു. 

നിങ്ങള്‍ അഭിപ്രായം പ്രകടിപ്പിക്കുന്ന വിധത്തിലൂടെ രാജ്യത്തിന് കോട്ടം സംഭവിച്ചാല്‍ അത് അംഗീകരിക്കാനാവില്ല. നികുതി അടക്കുന്ന പൗരനാണ് ഞാന്‍. ഇങ്ങനെയുള്ള സംഭവങ്ങള്‍ കാണുമ്പോള്‍ നമ്മളടച്ച ആ നികുതി പണം കത്തുന്നതായിട്ടാണ് തോന്നുക. അഭിപ്രായം പ്രകടിപ്പിക്കുക എന്നതിനെയാണ് ഗാന്ധിയും സര്‍ദാര്‍ പട്ടേലുമെല്ലാം പിന്തുണച്ചത്. കാഴ്ചപ്പാട് നിങ്ങള്‍ക്ക് വ്യക്തമാക്കാം. പക്ഷേ രാജ്യത്തിന്റെ വളര്‍ച്ചയെ അത് ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കപില്‍ ദേവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com