പൊള്ളാര്‍ഡിന്റേയും പൂരന്റേയും വെടിക്കെട്ട്, 10 ഓവറില്‍ 127 റണ്‍സ് അടിച്ച് വിന്‍ഡിസ്; ഇന്ത്യയ്ക്ക് 316 റണ്‍സ് വിജയ ലക്ഷ്യം

പൊള്ളാര്‍ഡ് 51 പന്തില്‍ നിന്ന് 76 റണ്‍സ് നേടി അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്തു. മൂന്ന് ഫോറും ഏഴ് തകര്‍പ്പന്‍ സിക്‌സുമാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് വന്നത്
പൊള്ളാര്‍ഡിന്റേയും പൂരന്റേയും വെടിക്കെട്ട്, 10 ഓവറില്‍ 127 റണ്‍സ് അടിച്ച് വിന്‍ഡിസ്; ഇന്ത്യയ്ക്ക് 316 റണ്‍സ് വിജയ ലക്ഷ്യം

കട്ടക്ക് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 316 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 5 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സ് കണ്ടെത്തി. അവസാന പത്ത് ഓവറില്‍ നിക്കോളാസ് പൂരനും, പൊള്ളാര്‍ഡും ചേര്‍ന്ന് സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് ടോട്ടല്‍ മൂന്നൂറ് കടന്നത്‌.

നിക്കോളാസ് പൂരനും, പൊള്ളാര്‍ഡും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തി വിന്‍ഡിസിനെ കരകയറ്റുകയായിരുന്നു. പൂരന്‍ 64 പന്തില്‍ നിന്ന് 89 റണ്‍സ് നേടി പുറത്തായി. 10 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു പൂരന്റെ ഇന്നിങ്‌സ്. പൊള്ളാര്‍ഡ് 51 പന്തില്‍ നിന്ന് 76 റണ്‍സ് നേടി അവസാന ഓവറുകളില്‍ വെടിക്കെട്ട് പുറത്തെടുത്തു. മൂന്ന് ഫോറും ഏഴ് തകര്‍പ്പന്‍ സിക്‌സുമാണ് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ നിന്ന് വന്നത്. 

അവസാന പത്ത് ഓവറില്‍ 127 റണ്‍സാണ് വിന്‍ഡിസ് അടിച്ചെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരെല്ലാം ഒന്നിന് പിറകെ ഒന്നായി പൊള്ളാര്‍ഡിന്റേയും പൂരന്റേയും ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു. അഞ്ച് ബൗളര്‍മാരുടേയും ഇക്കണോമി റേറ്റ് അഞ്ചിന് മുകളിലാണ്. അരങ്ങേറ്റ ഏകദിനം കളിച്ച സെയ്‌നി 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി പിടിച്ചു നിന്നു. അവസാന 10 ഓവറിലാണ് കളി ഇന്ത്യയുടെ കൈവിട്ടു പോയത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡിസ് മെല്ലെയാണ് തുടങ്ങിയത്. ശ്രദ്ധയോടെ ലെവിസും ഹോപ്പും കളിച്ചെങ്കിലും ലെവിസിനെ മടക്കി ജഡേജയുടെ പ്രഹരമെത്തി. മെല്ലെ കളിക്കുകയായിരുന്ന ലെവിസിനെ വീഴ്ത്തി ജഡേജയാണ് ആദ്യ വിക്കറ്റ് പിഴുതത്.  50 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയോടെ 21 റണ്‍സ് നേടി നിന്ന ലെവിസിനെ സെയ്‌നി ലോങ് ഓണില്‍ പിടികൂടി മടക്കി. 

ലെവിസ് മടങ്ങിയതിന് പിന്നാലെ മുഹമ്മദ് ഷമിയുടെ ഊഴമായി. വിന്‍ഡിസിന്റെ റണ്‍വേട്ടക്കാരന്‍ ഹോപ്പിനെ 42 റണ്‍സില്‍ നില്‍ക്കെ ഷമി ബൗള്‍ഡ് ആക്കി. പിന്നാലെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി വരികയായിരുന്ന ഹെറ്റ്മയറെ അരങ്ങേറ്റക്കാരന്‍ സെയ്‌നി മടക്കി. ഫൈന്‍ ലെഗില്‍ കുല്‍ദീപിന്റെ കൈകളിലേക്ക് ഹെറ്റ്മയറെ എത്തിച്ചതിന് പിന്നാലെ ചെയ്‌സിനേയും സെയ്‌നി മടക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com