'മറ്റൊരു താരവുമില്ല കോഹ് ലിയെ പോലെ', വിസ്ഡനിന്റെ പതിറ്റാണ്ടിന്റെ താരം; ഇന്ത്യന്‍ നായകന് മറ്റൊരു പൊന്‍തൂവല്‍ കൂടി

കഴിഞ്ഞ ദശകത്തിലെ അഞ്ച് ക്രിക്കറ്റ് താരങ്ങളെയാണ് വിസ്ഡന്‍ തെരഞ്ഞെടുത്തത്
'മറ്റൊരു താരവുമില്ല കോഹ് ലിയെ പോലെ', വിസ്ഡനിന്റെ പതിറ്റാണ്ടിന്റെ താരം; ഇന്ത്യന്‍ നായകന് മറ്റൊരു പൊന്‍തൂവല്‍ കൂടി

ലണ്ടന്‍: കഴിഞ്ഞു പോകുന്ന ദശകത്തിലെ കണക്കെടുപ്പ് നടത്തിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ പേര് അവിടെ മുന്‍പിലുണ്ടാവും, വാരിക്കൂട്ടിയ റണ്‍സുകളും. ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന വിസ്ഡന്‍ പതിറ്റാണ്ടിന്റെ ക്രിക്കറ്റ് താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ഇന്ത്യയുടെ റണ്‍ മെഷിന്‍ അവിടേയും സ്ഥാനം കണ്ടെത്തി. 

കഴിഞ്ഞ ദശകത്തിലെ അഞ്ച് ക്രിക്കറ്റ് താരങ്ങളെയാണ് വിസ്ഡന്‍ തെരഞ്ഞെടുത്തത്. കോഹ് ലിക്കൊപ്പം, സ്റ്റീവ് സ്മിത്ത്, ഡെയ്ല്‍ സ്റ്റെയ്ന്‍, ഡി വില്ലിയേഴ്‌സ്, വനിതാ ക്രിക്കറ്റ് താരം എലിസെ പെരി എന്നിവരാണ് പട്ടികയില്‍ ഇടം നേടിയത്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനും, 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റിനും ഇടയിലെ കോഹ് ലിയുടെ ബാറ്റിങ് ശരാശരി 63 ആണ്. നേടിയത് 21 സെഞ്ചുറിയും 13 അര്‍ധശതകവും, കോഹ് ലിയെ കുറിച്ച് വിസ്ഡന്‍ പറയുന്നു. 

മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള താരം എന്ന നേട്ടത്തിലേക്കെത്തി കോഹ് ലി. ഈ കാലയളവില്‍ സ്റ്റീവ് സ്മിത്ത് നേട്ടം കൊയ്‌തെങ്കിലും, കോഹ് ലിയെ പോലെ മറ്റാരുമില്ലെന്നാണ് വിസ്ഡന്‍ ചൂണ്ടിക്കാട്ടുന്നത്. സച്ചിന്‍ വിരമിച്ചതിനും, ധോനിയുടെ പ്രഭാവം മങ്ങിയതിനും ശേഷം കോഹ് ലിയല്ലാതെ മറ്റൊരു താരത്തിനും ദിവസം തോറും ഇത്രയേറെ സമ്മര്‍ദത്തിലൂടെ കടന്നു പോകേണ്ടി വന്നിട്ടില്ല. 

ഈ ദശകം കടന്നു പോകുമ്പോള്‍ കോഹ് ലിയുടെ നേട്ടങ്ങളാണ് ക്രിക്കറ്റ് ലോകത്ത് പ്രധാനമായും ചര്‍ച്ചയാവുന്നത്. 5775 റണ്‍സാണ് ഈ ദശകത്തില്‍ കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നത്. മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇത് അവകാശപ്പെടാനാവില്ല. 22 രാജ്യാന്തര സെഞ്ചുറികള്‍...ഇതിലും മറ്റൊരു ക്രിക്കറ്റ് താരത്തിനും അവകാശവാദമില്ല. 

2019ല്‍ മാത്രം 2,370 റണ്‍സാണ് കോഹ് ലി നേടിയത്. ബാറ്റിങ് ശരാശരി 64.05. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് കോഹ് ലി കലണ്ടര്‍ വര്‍ഷം 2000ന് മുകളില്‍ റണ്‍സ് കണ്ടെത്തുന്നത്. വിസ്ഡന്റെ ദശകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നതിന് മുന്‍പ്, വിസ്ഡന്‍ തെരഞ്ഞെടുത്ത ദശകത്തിലെ പ്ലേയിങ് ഇലവനെ നയിച്ചത് കോഹ് ലിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com