ഖത്തർ ഇനി ഏഷ്യൻ രാജാക്കൻമാർ; കന്നിക്കിരീട നേട്ടം; ചരിത്രം

ആരും പ്രതീക്ഷിക്കാത്ത കുതിപ്പിന് ഒടുവിൽ ഖത്തർ ഏഷ്യൻ കപ്പിൽ മുത്തമിടുകയായിരുന്നു
ഖത്തർ ഇനി ഏഷ്യൻ രാജാക്കൻമാർ; കന്നിക്കിരീട നേട്ടം; ചരിത്രം

അബുദാബി: ചരിത്രത്തെ വഴി മാറ്റി വീര ചരിതമെഴുതി ഖത്തർ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ആദ്യമായി സ്വന്തമാക്കി. ടൂർണമെന്റിൽ ഇതുവരെ ക്വാർട്ടറിനപ്പുറം പോകാത്ത ഖത്തർ ഇത്തവണ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഫൈനലിൽ കരുത്തരായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് വീഴ്ത്തിയാണ് കന്നി കിരീടത്തിൽ മുത്തമിട്ടത്. നിലവിൽ ഖത്തർ ക്ലബിൽ കളിക്കുന്ന മുൻ ബാഴ്സലോണ താരവും സ്പാനിഷ് ഇതിഹാസവുമായ ഷാവി ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുന്നെ പ്രവചിച്ച ഖത്തറിന്റെ കിരീട വിജയം യാഥാർഥ്യമായി. 

ആരും പ്രതീക്ഷിക്കാത്ത കുതിപ്പിന് ഒടുവിൽ ഖത്തർ ഏഷ്യൻ കപ്പിൽ മുത്തമിടുകയായിരുന്നു. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ കപ്പ് ഉയർത്തിയ ജപ്പാനെ തകർത്താണ് നേട്ടമെന്നതും ലോകോത്തരം എന്ന് വിലയിരുത്താവുന്ന രണ്ട് ഗോളുകളുടെ ബലത്തിലാണ് വിജയമെന്നതും കിരീടത്തിന്റെ മാറ്റ് കൂട്ടുന്നു. 

കളിയുടെ ആദ്യ 30 മിനുട്ടുകളിൽ തന്നെ ഖത്തർ ആരെന്ന് ലോകത്തിന് ശരിക്കും മനസിലായി. ടൂർണമെന്റിലുടനീളം മുന്നേറിയത് ഭാ​ഗ്യത്തിന്റെ ബലത്തിൽ മാത്രമല്ല മികവും അതിനൊപ്പമുണ്ടെന്ന് അവർ കളിച്ചു കാണിച്ചു. കളിയുടെ 12ാം മിനുട്ടിൽ അൽമോസ് അലി നേടിയ അത്ഭുത ഗോൾ തന്നെ കിരീടം എങ്ങോട്ട് ആണ് പോകുന്നത് എന്ന് വ്യക്തമായ സൂചന നൽകി. അഫീഫിൽ നിന്ന് പന്ത് സ്വീകരിക്കുമ്പോൾ അൽമോസ് ഗോളിനെ എതിരായായിരുന്നു നിൽക്കുന്നത്. എന്നാൽ രണ്ട് മനോഹര ടച്ചുകൾക്ക് ശേഷം ഒരു ബൈസിക്കിൾ കിക്കിലൂടെ അൽമോസ് പന്ത് ജപ്പാൻ വലയിൽ എത്തിച്ചു.

ഈ ഏഷ്യൻ കപ്പിലെ ഒൻപതാം ഗോളാണ് ഫൈനലിൽ അൽമോസ് നേടിയത്. ഒരു ഏഷ്യൻ കപ്പ് ടൂർണമെന്റിൽ തന്നെ ഒൻപത് ഗോളുകൾ നേടുന്ന ആദ്യ താരമായും അൽമോസ് മാറി. ലീഡ് തുടക്കത്തിൽ തന്നെ നേടി കളി ഖത്തർ തന്നെ നിയന്ത്രിച്ചു. 27ാം മിനുട്ടിൽ ഖത്തർ രണ്ടാം ഗോളും നേടി. ഇത്തവണ ഹതീമിന്റെ ഇടം കാലൻ സ്ക്രീമർ ആണ് ജപ്പാൻ വല തുളച്ചത്. രണ്ടാം ​ഗോൾ പിറന്നതോടെ ഖത്തർ പ്രതിരോധം സൂക്ഷിക്കുന്നതിൽ ശ്രദ്ധിച്ചു. പല അറ്റാക്കുകളും ജപ്പാൻ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. 

നിരന്തര മുന്നേറ്റങ്ങൾ രണ്ടാം പകുതിയിൽ ജപ്പാന് അനുകൂല ഫലം നൽകി. 68ാം മിനുട്ടിൽ മിനമിനോയിലൂടെ ജപ്പാൻ അവരുടെ ലൈഫ് ലൈൻ ആയ ഗോൾ കണ്ടെത്തി. ഖത്തർ ഈ ടൂർണമെന്റിൽ വഴങ്ങിയ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. 

ജപ്പാൻ സമനില നേടിയേക്കും എന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എന്നാൽ ഭാ​ഗ്യം ഖത്തറിന് തുണയായി. ഒരു ഹാൻഡ്ബോളിന് റഫറി ഖത്തറിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. വാറിന്റെ സഹായത്തിലായിരുന്നു ഖത്തറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത ഹഫീഫിന് ഒട്ടും പിഴച്ചില്ല. ഖത്തർ 3-1ന് മുന്നിൽ. കിരീടത്തിനും ഖത്തറിനും മുന്നിൽ പിന്നെ തടസങ്ങൾ സൃഷ്ടിക്കാൻ ജപ്പാന് സാധിച്ചില്ല. ഖത്തർ ഇനി ഏഷ്യയുടെ രാജാക്കൻമാർ. 2022ലെ ലോകകപ്പിനൊരുങ്ങുന്ന ടീമിന് ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com