ഇപ്പോള്‍ പിഎസ്ജി തുരത്തി, രണ്ടാം പാദത്തില്‍ തിരിച്ചടിക്കാമെന്നു വെച്ചാല്‍ അവിടെ യുനൈറ്റഡിന് കണക്കുകളുടെ തിരിച്ചടി

ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് ഒരിക്കല്‍ക്കൂടിയെത്തിയ തങ്ങളുടെ മുന്‍ താരമായ ഡി മരിയയെ കൂവിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകര്‍ സ്വീകരിച്ചത്
ഇപ്പോള്‍ പിഎസ്ജി തുരത്തി, രണ്ടാം പാദത്തില്‍ തിരിച്ചടിക്കാമെന്നു വെച്ചാല്‍ അവിടെ യുനൈറ്റഡിന് കണക്കുകളുടെ തിരിച്ചടി

വിജയം മാത്രം കൊയ്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തിരിച്ചു വരവിന് തടയിട്ട് സൂപ്പര്‍ താരങ്ങളില്ലാതെ ഇറങ്ങിയ പിഎസ്ജി. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ഓള്‍ഡ് ട്രഫോര്‍ഡില്‍ പിടിച്ചു കെട്ടി. 53ാം മിനിറ്റില്‍ കിംബെബയും, 60ാം മിനിറ്റില്‍ എംബാപ്പെയും പിഎസ്ജിക്ക് വേണ്ടി വല കുലുക്കി. 

രണ്ട് ഗോളും പിറന്നത് എയ്ഞ്ചല്‍ ഡി മരിയയുടെ അസിസ്റ്റില്‍ നിന്നും. ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് ഒരിക്കല്‍ക്കൂടിയെത്തിയ തങ്ങളുടെ മുന്‍ താരമായ ഡി മരിയയെ കൂവിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആരാധകര്‍ സ്വീകരിച്ചത്. പക്ഷേ അവസാന ചിരി മരിയക്കായിരുന്നു. മൗറിഞ്ഞോ പോയതിന് ശേഷം ജയത്തിലേക്ക് മാത്രം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എത്തിച്ച ഒലെ സോള്‍ഷെയറിന് സ്വന്തം തട്ടകത്തില്‍ തന്നെ നിര്‍ണായക മത്സരത്തില്‍ പിഴച്ചു. 

2015ലാണ് മരിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും പിഎസ്ജിയിലേക്ക് വരുന്നത്. യുനൈറ്റഡിലെ ഒരു വര്‍ഷക്കാലം മരിയ പരാജയമായിരുന്നു എന്നാണ് യുണൈറ്റഡ് ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ അതിനെല്ലാം ഓള്‍ഡ് ട്രഫോര്‍ഡില്‍ മരിയയുടെ കിടിലന്‍ മറുപടി. 89ാം മിനിറ്റില്‍ യുനൈറ്റഡിന്റെ സൂപ്പര്‍ താരം പോഗ്ബ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതും മാഞ്ചസ്റ്റര്‍ യുനൈറ്റഡിനേറ്റ പ്രഹരം ഇരട്ടിപ്പിച്ചു. 

നെയ്മറും കവാനിയും ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. സ്വന്തം തട്ടകത്തില്‍ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ ഇതുപോലൊരു മാര്‍ജിനില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതുവരെ തോറ്റിട്ടില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലിലെ ചരിത്രവും അവര്‍ക്ക് എതിരാണ്. രണ്ടോ, അതില്‍ അധികമോ ഗോളുകളുടെ മാര്‍ജിനില്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് ഘട്ടത്തിന്റെ ആദ്യ പാദത്തില്‍ സ്വന്തം തട്ടകത്തില്‍ വെച്ച് തോല്‍വി നേരിട്ട ടീമുകള്‍ക്ക്‌ ക്വാര്‍ട്ടറിലേക്ക് കടക്കാനായിട്ടില്ല. ഇതോടെ പ്രീക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിയര്‍ക്കേണ്ടി വരുമെന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com