ബ്ലാസ്റ്റേഴ്സിന് ഇനി പ്രൊഫസറുടെ തന്ത്രങ്ങൾ; നെലോ വിൻ​ഗഡ പുതിയ പരിശീലകൻ

ടീമിന്റെ പുതിയ പരിശീലകനായി മുൻ പോർച്ചുഗൽ ദേശീയ ടീം കോച്ച് നെലോ വിൻ​ഗഡ ചുമതലയേൽക്കും
ബ്ലാസ്റ്റേഴ്സിന് ഇനി പ്രൊഫസറുടെ തന്ത്രങ്ങൾ; നെലോ വിൻ​ഗഡ പുതിയ പരിശീലകൻ

കൊച്ചി: സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മികവ് പുലർത്തി മാനം കാക്കാനൊരുങ്ങുന്ന ഐഎസ്എൽ ടീം കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി പോർച്ചു​ഗൽ തന്ത്രങ്ങൾ. ടീമിന്റെ പുതിയ പരിശീലകനായി മുൻ പോർച്ചുഗൽ ദേശീയ ടീം കോച്ച് നെലോ വിൻ​ഗഡ ചുമതലയേൽക്കും. ഫുട്ബോൾ ലോകത്തെ പ്രൊഫസർ എന്നാണ് വിൻ​ഗഡ അറിയപ്പെടുന്നത്.

അഞ്ചാം സീസണിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകനായിരുന്ന ഡേവിഡ് ജെയിംസിനെ പുറത്താക്കിയ ഒഴിവിലാണ് വിൻ​ഗഡയെത്തുന്നത്. ലോകത്തെ വിവിധ ടീമുകളെ പരിശീലിപ്പിച്ച് മുൻപരിചയം ഏറെയുള്ള ആളാണ് വിൻ​ഗഡ. 2016 -17 സീസണിൽ ഐഎസ്എൽ ടീം തന്നെയായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും മുഖ്യ പരിശീലകനായിരുന്നു.

1993-94 കാലഘട്ടത്തിൽ പോർച്ചുഗൽ ദേശീയ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള വിൻ​ഗഡ അവരുടെ അണ്ടർ 20 ടീമിനേയും കളി പഠിപ്പിച്ചിട്ടുണ്ട്‌. 1997-98ൽ പോർച്ചുഗീസ് ക്ലബ്ബായ ബെനഫിക്കയുടെ സഹ പരിശീലകനുമായിരുന്നു. 1981ൽ തന്റെ പരിശീലക കരിയർ തുടങ്ങിയ വിൻ​ഗഡയ്ക്ക്, 38 വർഷത്തെ പരിശീലന പരിചയമുണ്ട്‌. 

വിൻ​ഗഡ അവസാനമായി ഒരു ടീമിന്റെ മുഖ്യ പരിശീലകനാവുന്നത് 2017 ലാണ്. അന്ന് മലേഷ്യൻ ദേശീയ ടീമിന്റെ കോച്ചായിരുന്നു അദ്ദേഹം. മലേഷ്യയ്ക്കും, പോർച്ചുഗലിനും പുറമേ ജോർദാൻ, ഇറാൻ, ഈജിപ്റ്റ് ദേശീയ ടീമുകളുടേയും പരിശീലകനായി അദ്ദേഹം പ്രവർത്തിച്ചു.

അഞ്ചാം സീസൺ ഐ എസ് എല്ലിൽ പ്രതീക്ഷകൾ അവസാനിച്ചെങ്കിലും ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്താൻ ടീമിനെ പ്രാപ്തമാക്കുകയാകും വിൻ​ഗഡയുടെ പ്രധാന ജോലി. അതേസമയം എത്ര നാളത്തേക്കാണ് വിൻ​ഗഡയുമായി ബ്ലാസ്റ്റേഴ്സ് കരാറിലെത്തിയിരിക്കുന്നത് എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. 

ഈ മാസം 25ന് കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെയുമാണ് ഏറ്റുമുട്ടുന്നത്. കൊച്ചിയിൽ രണ്ടു മത്സരങ്ങൾ ഉൾപ്പെടെ ആറ് മത്സരങ്ങളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് ഒൻപത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com