രഞ്ജി ട്രോഫി; സെമിയില്‍ കേരളത്തിന്റെ എതിരാളി വിദര്‍ഭ തന്നെ, കേരളം വിയര്‍ക്കും

ഉത്തരാഖണ്ഡിനെതിരെ ജാഫര്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഉത്തരാഖണ്ഡിനെ ഉമേഷ് യാദവ് എറിഞ്ഞിടുകയും ചെയ്തു
രഞ്ജി ട്രോഫി; സെമിയില്‍ കേരളത്തിന്റെ എതിരാളി വിദര്‍ഭ തന്നെ, കേരളം വിയര്‍ക്കും

ചരിത്രമെഴുതി രഞ്ജി ട്രോഫി സെമി ഫൈനലില്‍ കടന്ന കേരളത്തിന് മുന്നിലേക്കെത്തുന്നത് ശക്തരായ വിദര്‍ഭ. കഴിഞ്ഞ സീസണില്‍ വിദര്‍ഭയോട് തോല്‍വി നേരിട്ടായിരുന്നു കേരളം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തേക്ക് പോയത്. ഉത്തരാഖണ്ഡിനെതിരെ 115 റണ്‍സിന് ഇന്നിങ്‌സ് ജയം പിടിച്ചാണ് വിദര്‍ഭ ക്വാര്‍ട്ടര്‍ ഘട്ടം പിന്നിട്ടിരിക്കുന്നത്. 

നാല്‍പ്പത് വയസിലും തളരാതെ പൊരുതുന്ന വസിം ജാഫര്‍ തന്നെയാണ് വിദര്‍ഭയുടെ കുന്തമുന. ഉത്തരാഖണ്ഡിനെതിരെ ജാഫര്‍ ഡബിള്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ഉത്തരാഖണ്ഡിനെ ഉമേഷ് യാദവ് എറിഞ്ഞിടുകയും ചെയ്തു. രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റാണ് ഉമേഷ് നേടിയത്. വസിം ജാഫര്‍ ഡബിള്‍ സെഞ്ചുറി നേടിയ കളിയില്‍ വിദര്‍ഭയുടെ രണ്ട് ബാറ്റ്‌സമാന്‍മാര്‍ കൂടി സെഞ്ചുറി നേടുകയും ചെയ്തു. 

ആദ്യ ഇന്നിങ്‌സില്‍ 355 റണ്‍സായിരുന്നു ഉത്തരാഖണ്ഡിന്റെ ടോട്ടല്‍. വിദര്‍ഭയുടെ മറുപടി 629 റണ്‍സും. രണ്ടാം ഇന്നിങ്‌സില്‍ 159 റണ്‍സിനാണ് ഉത്തരാഖണ്ഡിനെ വിദര്‍ഭ ചുരുട്ടിക്കെട്ടിയത്. രണ്ടാം ഇന്നിങ്‌സില്‍ ഉമേഷിനൊപ്പം ആദിത്യ സര്‍വാതേയും ചേര്‍ന്നാണ് ഉത്തരാഖണ്ഡിനെ തകര്‍ത്തത്. ഇരുവരും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി. 

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തരായ വിദര്‍ഭ കനത്ത  വെല്ലുവിളിയാണ് കേരളത്തിന് ഉയര്‍ത്തുന്നത്. 2017-18 സീസണിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 412 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് വിദര്‍ഭ നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 176, രണ്ടാം ഇന്നിങ്‌സില്‍ 165 എന്നിങ്ങനെയായിരുന്നു അന്നത്തെ കേരളത്തിന്റെ സ്‌കോര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com