ബാഴ്‌സയിലേക്ക് നെയ്മര്‍ എത്തുന്നതില്‍ ലാലീഗയില്‍ എതിര്‍പ്പ്‌; ലീഗിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ടെബസ്

കളിക്കളത്തിലും പുറത്തുമുള്ള പെരുമാറ്റം നല്ലതല്ലെങ്കില്‍ സ്പാനീഷ് ലീഗില്‍ കളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ല
ബാഴ്‌സയിലേക്ക് നെയ്മര്‍ എത്തുന്നതില്‍ ലാലീഗയില്‍ എതിര്‍പ്പ്‌; ലീഗിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ടെബസ്

ന്യൂകാമ്പിലേക്ക് മടങ്ങുകയാണ് നെയ്മര്‍ എന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിന് ഇടയില്‍ പ്രതികൂല നിലപാടെടുത്ത് ലാലീഗ. നെയ്മര്‍ ലാലീഗയില്‍ കളിക്കുന്നത് ലീഗിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് ലാലീഗ പ്രസിന്റ് ടെബസ് പ്രതികരിച്ചത്. 

നെയ്മര്‍ മികച്ച കളിക്കാരനാണ്. എന്നാല്‍ കളിക്കളത്തിലും പുറത്തുമുള്ള പെരുമാറ്റം നല്ലതല്ലെങ്കില്‍ സ്പാനീഷ് ലീഗില്‍ കളിക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. പിച്ചിന് പുറത്തെ നെയ്മറുടെ പെരുമാറ്റം നല്ലതാണെന്ന് തോന്നിയിട്ടില്ല. ലീഗില്‍ ശരീയായ മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഞങ്ങള്‍ വളരെയധികം പരിശ്രമിക്കുന്നുണ്ട്. ലീഗിന്റെ ആ പ്രതിച്ഛായയെ മാറ്റം വരുത്തുന്നതൊന്നും ഞങ്ങള്‍ക്ക് താത്പര്യം ഇല്ലെന്നും ടെബസ് പറഞ്ഞു. 

2017ലാണ് 222 മില്യണ്‍ യൂറോയ്ക്ക് നെയ്മര്‍ ബാഴ്‌സയില്‍ നിന്ന് പിഎസ്ജിയില്‍ ചേരുന്നത്. പിഎസ്ജിയില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി നേരിട്ട നെയ്മര്‍ക്ക് തുടരെ നേരിടേണ്ടി വന്ന പരിക്ക് തിരിച്ചടിയായി. പരിക്കിനൊപ്പം മോശം പെരുമാറ്റത്തിന് തുടരെ കളികളില്‍ നിന്ന് വിലക്ക് നേരിടേണ്ടിയും വന്നു. ഇതിന് പിന്നാലെ ലൈംഗീക പീഡനാരോപണവും നെയ്മര്‍ക്കെതിരെ എല്ലായിടത്ത് നിന്നും നെയ്മര്‍ക്ക് തിരിച്ചടി നേരിട്ടു. 

ബാഴ്‌സയില്‍ നിന്ന് ലഭിച്ച ബോണസ് തുകയുടെ പേരില്‍ നെയ്മര്‍ക്കെതിരായ സ്‌പെയിന്‍ ടാക്‌സ് അതോറിറ്റിയുടെ അന്വേഷണവും തുടരുന്നുണ്ട്. അച്ചടക്ക ലംഘനങ്ങളെ തുടര്‍ന്ന് കോപ്പ അമേരിക്കയ്ക്കുള്ള ബ്രസീല്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്നും നെയ്മറെ മാറ്റിയിരുന്നു. ബാഴ്‌സയിലേക്ക് തന്നെ തിരിച്ചെത്തി പഴയ പേര് വീണ്ടെടുക്കാന്‍ നെയ്മര്‍ ശ്രമിക്കുമ്പോഴാണ് മുന്നറിയിപ്പായി ലാലിഗ പ്രസിഡന്റിന്റെ വാക്കുകളും വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com