ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ ശേഖരത്തിലേക്ക് പുതിയ അതിഥി എത്തി (വീഡിയോ)

500 എണ്ണം മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. അതിലൊന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആഡംബര കാര്‍ ശേഖരത്തിലേക്ക് പുതിയ അതിഥി എത്തി (വീഡിയോ)

മിലാന്‍: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളില്‍ മുന്‍പന്തിയിലാണ് പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫുട്‌ബോള്‍ താരങ്ങളില്‍ രണ്ടാമതുള്ളത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ഫോബ്‌സ് മാസികയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വര്‍ഷത്തില്‍ ഏതാണ്ട് 800 കോടി രൂപയാണ് താരത്തിന്റെ വരുമാനം. കളിച്ച് നേടുന്ന പ്രതിഫലത്തിന് പുറമെ പരസ്യങ്ങളിലൂടെയും ബിസിനസിലൂടെയുമൊക്കെ താരം പണം സമ്പാദിക്കുന്നു. 

കളിക്കളത്തിലെ മികവിനൊപ്പം തന്നെ ക്രിസ്റ്റ്യാനോയുടെ കാറുകളോടുള്ള കമ്പവും പ്രസിദ്ധമാണ്. വിലയേറിയ ആഡംബര കാറുകളുടെ ശേഖരം തന്നെ ക്രിസ്റ്റ്യാനോയ്ക്കുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു പുത്തന്‍ കാറ് കൂടി എത്തിച്ചിരിക്കുകയാണ് സൂപ്പര്‍ താരം. ആറരക്കോടിയോളം രൂപ വരുന്ന മക്‌ലാരന്‍ സെന്ന കാറാണ് താരം സ്വന്തമാക്കിയത്. കാറിന്റെ ചിത്രങ്ങള്‍ താരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കിട്ടിരുന്നു. 

ഇതിഹാസ ഫോര്‍മുല വണ്‍ ഡ്രൈവറായിരുന്ന അയര്‍ടന്‍ സെന്നയുടെ സ്മരണയ്ക്കായാണ് കമ്പനി ഈ കാര്‍ പുറത്തിറക്കിയത്. 500 എണ്ണം മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. അതിലൊന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയത്. 2.8 സെക്കന്‍ഡില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് കാറാണ് സെന്ന. മണിക്കൂറില്‍ 340 കിലോമീറ്റര്‍ വരെയാണ് കാറിന്റെ വേഗം. 

മാസങ്ങള്‍ക്ക് മുന്‍പ് ക്രിസ്റ്റ്യാനോ ബുഗാട്ടി കമ്പനിയുടെ ആഡംബര കാര്‍ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വില കൂടിയ കാറെന്ന വിശേഷണമുള്ള കമ്പനിയാണ് ബുഗാട്ടി. പിന്നാലെയാണ് മക്‌ലാരന്‍ സെന്നയും തന്റെ കാര്‍ ശേഖരത്തിലേക്ക് ക്രിസ്റ്റ്യാനോ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com