ഓസ്‌ട്രേലിയ പതറുന്നു; പതിനാല് റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം, വാര്‍ണറും ഫിഞ്ചും കൂടാരം കയറി 

ഏഴു ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഓസീസിന്റെ മൂന്ന് പ്രമുഖ താരങ്ങള്‍ പുറത്തായി
ഓസ്‌ട്രേലിയ പതറുന്നു; പതിനാല് റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം, വാര്‍ണറും ഫിഞ്ചും കൂടാരം കയറി 

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെ. ഏഴു ഓവറുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ഓസീസിന്റെ മൂന്ന് പ്രമുഖ താരങ്ങള്‍ പുറത്തായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ഹാന്‍ഡ്‌സ് കോമ്പുമാണ് കൂടാരം കയറിയത്.

കഴിഞ്ഞ കളികളില്‍ മികച്ച ഫോമിലേക്ക് ഉയര്‍ന്ന ഓപ്പണര്‍ ഫിഞ്ച് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. ആര്‍ച്ചറിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവില്‍ ഫിഞ്ച് കുരുങ്ങുകയായിരുന്നു. മറ്റൊരു ഓപ്പണറും ഓസീസിന്റെ മികച്ച താരവുമായ ഡേവിഡ് വാര്‍ണര്‍ ഒന്‍പത് റണ്‍സുമായി പുറത്തായി. രണ്ട് ഫോറുകള്‍ അതിര്‍ത്തി കടത്തി മികച്ച ഫോമിലാണെന്ന തോന്നല്‍ ജനിപ്പിച്ച വാര്‍ണര്‍ വോക്‌സിന്റെ പന്തിലാണ് പുറത്തായത്. ബെയര്‍‌സ്റ്റോ വാര്‍ണറുടെ ക്യാച്ച് എടുക്കുകയായിരുന്നു. 12 പന്തില്‍ നാല് റണ്‍സ് എടുത്ത ഹാന്‍ഡ്‌സ് കോമ്പിനെ വോക്‌സ് ബൗള്‍ഡാക്കി.ഇപ്പോള്‍ സ്മിത്തും, ക്യാരിയുമാണ്് ക്രീസില്‍.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.ആറാം തവണയും കപ്പ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇറങ്ങുന്ന ഓസീസ് ടീമിനെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചാണ് നയിക്കുന്നത്. ലോകകപ്പ് ജേതാക്കള്‍ എന്നത് ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്ന ഇംഗ്ലണ്ടിന് ഇത് ജീവന്മരണ പോരാട്ടമാണ്. സ്വന്തം മണ്ണില്‍ കപ്പ് ഉയര്‍ത്താന്‍ വലിയ സാധ്യത കല്‍പ്പിക്കുന്ന ടീമാണ് ഇംഗ്ലണ്ട്.മോര്‍ഗനാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍. ഇതില്‍ ജയിക്കുന്ന ടീം ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ 18 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.

ജസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്, മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, ക്രിസ് വോക്‌സ്, പ്ലന്‍കേറ്റ്, ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ അണിനിരക്കുന്നത്. ആരോണ്‍ ഫിഞ്ചിന് പുറമേ ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സ് കോമ്പ്, മാര്‍ക്കസ് സ്‌റ്റോയിന്‍സ്, മാക്‌സ്‌വെല്‍, അലക്‌സ് ക്യാരി, പാറ്റ് കുമ്മിന്‍സ്, സ്റ്റാര്‍ക്, നാഥന്‍ ലിയോണ്‍, ജസണ്‍ ബെറന്‍ഡ്രോഫ് എന്നിവര്‍ അടങ്ങുന്നതാണ് ഓസീസിന്റെ പതിനൊന്നംഗ ടീം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com