വല ചലിപ്പിച്ച് ബെയില്‍; റയലിനും അത്‌ലറ്റിക്കോയ്ക്കും ജയം; മിലാനെ വീഴ്ത്തി ബയേണ്‍ 

ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോള്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ക്ക് വിജയം
വല ചലിപ്പിച്ച് ബെയില്‍; റയലിനും അത്‌ലറ്റിക്കോയ്ക്കും ജയം; മിലാനെ വീഴ്ത്തി ബയേണ്‍ 

സിങ്കപൂര്‍: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് ഫുട്‌ബോള്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക് ടീമുകള്‍ക്ക് വിജയം. റയല്‍ മാഡ്രിഡ് ആഴ്‌സണലിനെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തില്‍ 3-2ന് വിജയിച്ചു. നിശ്ചിത സമയത്ത് മത്സരം 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. ഗൗഡലജാരക്കെതിരെ അത്‌ലറ്റിക്കോ മാഡ്രിഡും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് വിജയിച്ചത്. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിതമായപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4നാണ് അത്‌ലറ്റിക്കോ മത്സരം സ്വന്തമാക്കിയത്. ഇറ്റാലിയന്‍ കരുത്തരായ എസി മിലാനെ വീഴ്ത്തിയാണ് ബയേണ്‍ മ്യൂണിക്ക് പിടിച്ചത്. മറുപടിയില്ലാത്ത ഒറ്റ ഗോളിനായിരുന്നു ബയേണിന്റെ വിജയം. 

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു റയലിന്റെ തിരിച്ചു വരവ്. ഹസാര്‍ഡും, ലൂക്ക ജോവിച്ചും ചേര്‍ന്നായിരുന്നു റയല്‍ ആക്രമണത്തെ നയിച്ചത്. ഗെരത് ബെയിലിന്റെ വകയായിരുന്നു റയലിന്റെ ആദ്യ ഗോള്‍.

കളി ആരംഭിച്ച് പത്താം മിനുട്ടില്‍ ആഴ്‌സണല്‍ അവരുടെ ആദ്യ ഗോള്‍ നേടി. പെനാല്‍റ്റിയില്‍ നിന്ന് അലെസാന്ദ്രെ ലക്കാസറ്റെയായിരുന്നു റയല്‍ വല കുലുക്കിയത്. 24ാം മിനുട്ടില്‍ ഔബമേയങിലൂടെ ആഴ്‌സണല്‍ തങ്ങളുടെ ലീഡ് ഉയര്‍ത്തി. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ആഴ്‌സണല്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്നു. 

രണ്ടാം പകുതി തുടങ്ങി 56ാം മിനുട്ടില്‍ ഗെരത് ബെയിലിലൂടെ റയല്‍ അവരുടെ ആദ്യ ഗോള്‍ മടക്കി. റയലില്‍ നിന്ന് പുറത്ത് പോകുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ശക്തമായി നില്‍ക്കെ കളത്തിലിറങ്ങിയ ബെയില്‍ ടീമിനെ രക്ഷിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. മൂന്ന് മിനുട്ടുകള്‍ക്ക് ശേഷം അസന്‍സിയോ റയലിനെ ഒപ്പമെത്തിച്ചു.

ഒന്‍പതാം മിനുട്ടില്‍ നാച്ചോയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നതോടെ തുടക്കത്തില്‍ തന്നെ റയലിന് പത്ത് പേരുമായി കളിക്കേണ്ടി വന്നു. 40ാം മിനുട്ടില്‍ ആഴ്‌സണല്‍ താരം സോക്രട്ടീസും ചുവപ്പ് കണ്ടതോടെ മറുപക്ഷത്തും പത്ത് പേരായി. നിശ്ചിത സമയത്തും മത്സരം സമനിലയില്‍ത്തന്നെ തുടര്‍ന്നതിനാല്‍ വിജയികളെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നു. ഷൂട്ടൗട്ടില്‍ ബെയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും ആഴ്‌സണല്‍ താരങ്ങളായ ഗ്രനിത് സാക്ക, നാച്ചോ, റോബി ബര്‍ട്ടണ്‍ എന്നിവരുടെ കിക്കുകള്‍ പാഴായി. 

അത്‌ലറ്റിക്കോ ഗൗഡലജാരയ്‌ക്കെതിരായ മത്സരത്തിലാണ് വിജയം പിടിച്ചത്. 24ാം മിനുട്ടില്‍ ഗൗഡലജാരയുടെ മാര്‍ക്കസ് ലോറന്റെ ചുവപ്പ് കാര്‍ഡ് കണ്ടപ്പോള്‍ 61ാം മിനുട്ടില്‍ കാര്‍ലോസ് ലോപ്പസും ചുവപ്പ് വാങ്ങി. നിശ്ചിത സമയം ഗോള്‍രഹിതമായപ്പോള്‍ മത്സരം ഷൂട്ടൗട്ടില്‍ തീരുമാനിക്കപ്പെടുകയായിരുന്നു. 

മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ബയേണ്‍ വിജയിച്ചത്. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലിയോണ്‍ ഗൊരെറ്റ്‌സ്‌കയാണ് ബയേണിനായി വല ചലിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com