'ബൈജൂസ് ലേണിങ് ആപ്പ്' ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍; ഒപ്പോയ്ക്ക് പകരം ക്രിക്കറ്റ് ടീം സ്പോൺസറാകും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാന്‍ ബൈജൂസ് ലേണിങ് ആപ്പ്
'ബൈജൂസ് ലേണിങ് ആപ്പ്' ഇനി ഇന്ത്യന്‍ ജേഴ്‌സിയില്‍; ഒപ്പോയ്ക്ക് പകരം ക്രിക്കറ്റ് ടീം സ്പോൺസറാകും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സറാകാന്‍ ബൈജൂസ് ലേണിങ് ആപ്പ്. വരുന്ന സെപ്റ്റംബർ മുതലല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാര്‍ ബൈജൂസ് ലേണിങ് ആപ്പായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

നിലവില്‍ ചൈനീസ് മൊബൈല്‍ ബ്രാന്റായ ഒപ്പോയാണ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. മാര്‍ച്ച് 2017 ല്‍ അഞ്ച് കൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ് ജേഴ്‌സി കരാര്‍ ഒപ്പോ നേടിയത്. ഈ കരാര്‍ ഇപ്പോള്‍ ബൈജുവിന് മറിച്ച് നല്‍കുകയാണ് ഒപ്പോ. ബംഗളൂരു ആസ്ഥനമാക്കിയാണ് ബൈജൂസ് ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. മലയാളിയായ ബൈജു രവീന്ദ്രനാണ് ആപ്പിന്റെ ഉപജ്ഞാതാവും ഉടമയും.  

വിന്‍ഡീസിനെതിരായ പരമ്പര വരെ മാത്രമാണ് ഒപ്പോ ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ ഇടം പിടിക്കുക. ഇന്ത്യന്‍ ജേഴ്‌സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഒപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് അവര്‍ ജേഴ്‌സി കരാര്‍ ബൈജൂസ് ആപ്പിന് കൈമാറുന്നത്. 

കഴിഞ്ഞ അഞ്ച് കൊല്ലത്തിനുള്ളില്‍ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് ബൈജൂസ്. അടുത്തിടെ ഇന്ത്യ- ന്യൂസിലന്‍ഡ് പരമ്പരയുടെ മുഖ്യ പ്രയോജകര്‍ ബൈജൂസ് ആയിരുന്നു.

അതേസമയം ഒപ്പോ പിന്‍മാറുന്നത് ബിസിസിഐയ്ക്ക് നഷ്ടമൊന്നും ഉണ്ടാക്കില്ല. ഒപ്പോയില്‍ നിന്ന് ലഭിക്കേണ്ട തുക അതേ കരാറില്‍ തന്നെ ബിസിസിഐയ്ക്ക് ലഭിക്കും. ദക്ഷിണാഫ്രിക്കയുമായുള്ള സീരിസിലായിരിക്കും ബൈജൂസ് ആപ്പിന്റെ പരസ്യം ഇന്ത്യന്‍ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെടുക എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com