കടുവ കുട്ടിക്ക് ഹിമ ദാസിന്റെ പേര്; വ്യത്യസ്തമായ ആ​ദരവുമായി ബയോളജിക്കൽ പാർക്ക് 

ഈ മാസം വിവിധ യൂറോപ്യന്‍ പോരാട്ടങ്ങളില്‍ പങ്കെടുത്ത് അഞ്ച് സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യയുടെ കൗമാര സ്പ്രിന്റര്‍ ഹിമ ദാസിന് വ്യത്യസ്തമായൊരു ആദരം
കടുവ കുട്ടിക്ക് ഹിമ ദാസിന്റെ പേര്; വ്യത്യസ്തമായ ആ​ദരവുമായി ബയോളജിക്കൽ പാർക്ക് 

ബംഗളൂരു: ഈ മാസം വിവിധ യൂറോപ്യന്‍ പോരാട്ടങ്ങളില്‍ പങ്കെടുത്ത് അഞ്ച് സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ ഇന്ത്യയുടെ കൗമാര സ്പ്രിന്റര്‍ ഹിമ ദാസിന് വ്യത്യസ്തമായൊരു ആദരം. താരത്തിന്റെ സുവര്‍ണ നേട്ടങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് ബംഗളൂരു ബാനര്‍ഗട്ടയിലുള്ള ബയോളജിക്കല്‍ പാര്‍ക്കാണ് രംഗത്തെത്തിയത്. 

പാര്‍ക്കിലെ മൃഗശാലയിലുള്ള ആറ് മാസം മാത്രം പ്രായമായ റോയല്‍ ബംഗാള്‍ കടുവയ്ക്ക് 'ഹിമ' എന്ന് പേര് നല്‍കിയാണ് ഇന്ത്യയുടെ ഭാവി വാഗ്ദാനം കൂടിയായ 19കാരിയായ ഹിമ ദാസിന് പാര്‍ക്ക് അധികൃതര്‍ ആദരവ് നല്‍കിയത്. അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ചാണ് കടുവ കുട്ടിക്ക് ഹിമ എന്ന പേര് നല്‍കിയതെന്നും ഇന്ത്യന്‍ താരത്തിന്റെ അഭിമാനകരമായ നേട്ടത്തെ മാനിച്ചാണ് ഇത്തരമൊരു തീരുമാനമെന്നും മൃഗശാലയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിങ് വ്യക്തമാക്കി. 

2018ലെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഹിമ ശ്രദ്ധേയയാകുന്നത്. ജൂലൈ രണ്ടിന് പോസ്‌നന്‍ അത്‌ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രീയില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഈ മാസം താരം കുതിപ്പിന് തുടക്കമിട്ടത്. ജൂലൈ ഏഴിന് പോളണ്ടില്‍ നടന്ന അത്‌ലറ്റിക്‌സ് മീറ്റിലും 200 മീറ്റര്‍ സ്വര്‍ണം. 13ന് ചെക്ക് റിപ്പബ്ലിക്കില്‍ അരങ്ങേറിയ മീറ്റിലും 17ന് പോളണ്ടില്‍ നടന്ന പോരാട്ടത്തിലും സുവര്‍ണ നേട്ടം ആവര്‍ത്തിച്ച് ഹിമ അമ്പരപ്പിക്കുന്ന മുന്നേറ്റം നടത്തി. ജൂലൈ 20ന് പ്രാഗില്‍ നടന്ന ഗ്രാന്‍ഡ് പ്രീയില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടി ഒരു മാസത്തില്‍ വിവിധ പോരാട്ടങ്ങളിലായി അഞ്ച് സുവര്‍ണ മെഡലുകള്‍ താരം ഓടിയെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com