കിങ്സ് കപ്പ്; ഇന്ത്യൻ ടീമിൽ സഹൽ അബ്ദുൽ സമദും; അവസാന നിമിഷം ജോബി ജസ്റ്റിൻ പുറത്ത്

ഈ മാസം തായ്ലൻഡിൽ നടക്കുന്ന കിങ്സ് കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു
കിങ്സ് കപ്പ്; ഇന്ത്യൻ ടീമിൽ സഹൽ അബ്ദുൽ സമദും; അവസാന നിമിഷം ജോബി ജസ്റ്റിൻ പുറത്ത്

ന്യൂഡൽഹി: ഈ മാസം തായ്ലൻഡിൽ നടക്കുന്ന കിങ്സ് കപ്പിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. മലയാളി യുവ താരം സഹൽ അബ്ദുൽ സമദ് അവസാന ടീമിൽ ഇടം പിടിച്ചപ്പോൾ, മറ്റൊരു മലയാളി താരവും ഇക്കഴിഞ്ഞ ഐ ലീ​ഗിൽ മിന്നും ഫോമിൽ കളിക്കുകയും ചെയ്ത ജോബി ജസ്റ്റിൻ ടീമിൽ നിന്ന് പുറത്തായി. 

37 പേരുമായി കഴിഞ്ഞ മാസമാണ് കിങ്സ് കപ്പിനുള്ള ടീമിന്റെ പരിശീലന ക്യാമ്പ് ഡൽഹിയിൽ തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ ഇതിൽ നിന്ന് ആറ് പേരെ ഒഴിവാക്കിയ പരിശീലകൻ ഇഗോർ സ്റ്റിമാച്ച്, രണ്ടാം ഘട്ടത്തിൽ അടുത്ത ആറ് പേരെ കൂടി ടീമിൽ നിന്ന് ഒഴിവാക്കി. ഇതോടെ 25 പേരായിരുന്നു അവസാന ഘട്ടത്തിൽ ടീമിൽ അവശേഷിച്ചിരുന്നത്. എന്നാൽ ഇതിൽ നിന്ന് 23 അംഗ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ജോബി ജസ്റ്റിനും, നിഷു കുമാറും ടീമിൽ നിന്ന് പുറത്തായി.

പുതിയ പരിശീലകനായി ചുമതലയേറ്റ ഇ​ഗോർ സ്റ്റിമാചിന്റെ കീഴിൽ ആദ്യമായി ഇന്ത്യ ഇറങ്ങാൻ പോകുന്ന ടൂർണമെന്റാണ് കിങ്സ് കപ്പ്. ഈ മാസം അഞ്ച് മുതൽ എട്ട് വരെ തായ്ലൻഡിലാണ് പോരാട്ടം. ഇന്ത്യയെ കൂടാതെ തായ്ലൻഡ്, കുറക്കാവോ, വിയറ്റ്നാം ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്. ജൂൺ അഞ്ചിനാണ് ടൂർണമെന്റിൽ ഇന്ത്യയുടെ ആദ്യ മത്സരം.

1968 മുതൽ തായ്ലൻഡ് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിംഗ്സ് കപ്പിൽ 1977, 1981 വർഷങ്ങളിലാണ് ഇതിന് മുൻപ് ഇന്ത്യൻ ടീം പങ്കെടുത്തത്. 1977ൽ മൂന്നാം സ്ഥാനത്തെത്തിയതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com