ആ ക്ലാസിക്ക് പോരാട്ടം വീണ്ടും; ഫ്രഞ്ച് ഓപണ്‍ സെമിയില്‍ ഫെഡറര്‍- നദാല്‍ നേര്‍ക്കുനേര്‍

ഫ്രഞ്ച് ഓപണ്‍ ടെന്നീസ് പോരാട്ടത്തില്‍ വീണ്ടും റാഫേല്‍ നദാല്‍- റോജര്‍ ഫെഡറര്‍ ക്ലാസിക്ക് പോരാട്ടം
ആ ക്ലാസിക്ക് പോരാട്ടം വീണ്ടും; ഫ്രഞ്ച് ഓപണ്‍ സെമിയില്‍ ഫെഡറര്‍- നദാല്‍ നേര്‍ക്കുനേര്‍

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നീസ് പോരാട്ടത്തില്‍ വീണ്ടും റാഫേല്‍ നദാല്‍- റോജര്‍ ഫെഡറര്‍ ക്ലാസിക്ക് പോരാട്ടം. സെമി ഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങുന്നത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫെഡറര്‍ നാട്ടുകാരന്‍ തന്നെയായ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ പരാജയപ്പെടുത്തിയപ്പോള്‍ ജപ്പാന്‍ താരം കെയ് നിഷികോരിയെ വീഴ്ത്തിയാണ് നദാലിന്റെ സെമി പ്രവേശം. 

28 വര്‍ഷത്തിന് ശേഷം പുരുഷ സിംഗിള്‍സില്‍ ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡോടെയാണ് സ്വിസ് ഇതിഹാസത്തിന്റെ സെമി പ്രവേശം. കരിയറിലെ 43ാം മേജര്‍ പോരാട്ടത്തിന്റെ സെമി പ്രവേശമാണ് ഫെഡരര്‍ റോളണ്ട് ഗാരോസില്‍ സാധ്യമാക്കിയത്. ഫ്രഞ്ച് ഓപണിലെ എട്ടാം സെമി പ്രവേശവും. 

പുരുഷ സിംഗിള്‍സില്‍ ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ഇതിഹാസ താരം ജമ്മി കോണേഴ്‌സിനാണ്. 1991ലെ യുഎസ് ഓപണ്‍ പോരാട്ടത്തിന്റെ സെമിയിലെത്തിയായിരുന്നു കോണേഴ്‌സിന്റെ നേട്ടം. അന്ന് 39 വയസായിരുന്നു കോണേഴ്‌സിന്. 

നാല് സെറ്റ് നീണ്ട ഉജ്ജ്വല പോരാട്ടമാണ് ഫെഡറര്‍- വാവ്‌റിങ്ക മത്സരത്തിന്റെ സവിശേഷത. നാലില്‍ രണ്ട് സെറ്റ് ടൈ ബ്രേക്കറിലേക്ക് നീട്ടാന്‍ വാവ്‌റിങ്കയ്ക്ക് സാധിച്ചെങ്കിലും 37കാരനായ ഫെഡററുടെ നൈസര്‍ഗിക പ്രതിഭയെ വെല്ലുവിളിക്കാന്‍ വാവ്‌റിങ്കയ്ക്ക് സാധിക്കാതെ പോയി. സ്‌കോര്‍: 7-6 (7-4), 4-6, 7-6 (7-5), 6-4. 

നിലവിലെ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ജപ്പാന്‍ താരം കെയ് നിഷികോരിയെ അനായാസം വീഴ്ത്തിയാണ് അവസാന നാലിലേക്ക് കടന്നത്. മൂന്ന് സെറ്റ് നീണ്ട പോരില്‍ ഒരു ഘട്ടത്തില്‍ പോലും നദാലിന് വെല്ലുവിളി തീര്‍ക്കാന്‍ നിഷികോരിക്ക് സാധിക്കാതെ പോയി. സ്‌കോര്‍: 6-1, 6-1, 6-3.

കളിമണ്‍ കോര്‍ട്ടിലെ തന്റെ അപ്രമാദിത്വം വിടാതെ കാത്ത നദാല്‍ കരിയറിലെ 12ാം ഫ്രഞ്ച് ഓപണ്‍ കിരീട നേട്ടത്തിനായാണ് ഒരുങ്ങുന്നത്. കരിയറില്‍ ഇത് 39ാം തവണയാണ് ഫെഡററും- നദാലും നേര്‍ക്കുനേര്‍ വരുന്നത്. 

2015ന് ശേഷം ആദ്യമാാണ് ഫെഡറര്‍ ഫ്രഞ്ച് ഓപണ്‍ കളിക്കാന്‍ ഇത്തവണ എത്തിയത്. 2012ല്‍ നൊവാക് ദ്യോക്കോവിചിനെ പരാജയപ്പെടുത്തി സെമിയിലെത്തിയ ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രഞ്ച് ഓപണ്‍ സെമിയിലേക്കുള്ള ഫെഡററുടെ പ്രവേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com