ഇന്ത്യയോട് യാചിക്കാനില്ല, മാന്യമായ രീതിയില്‍ ഇന്ത്യ-പാക് ഉഭയകക്ഷി മത്സരങ്ങള്‍ക്കായി വഴി തേടുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

ഇന്ത്യയുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം മാന്യമായ രീതിയില്‍ മെച്ചപ്പെടുത്തണം എന്നതാണ് തങ്ങളുടെ ആവശ്യം
ഇന്ത്യയോട് യാചിക്കാനില്ല, മാന്യമായ രീതിയില്‍ ഇന്ത്യ-പാക് ഉഭയകക്ഷി മത്സരങ്ങള്‍ക്കായി വഴി തേടുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍

ലാഹോര്‍: ഞങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് മുന്‍പില്‍ യാചിച്ച് എത്തില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ എഹ്‌സാന്‍ മാനി. ഇന്ത്യയുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം മാന്യമായ രീതിയില്‍ മെച്ചപ്പെടുത്തണം എന്നതാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ത്യയോടെന്നല്ല, ഒരു രാജ്യത്തിനോടും ഞങ്ങള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ ആവശ്യപ്പെട്ട് യാചിക്കില്ല. ഐസിസി വുമണ്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാവുമ്പോള്‍ പാക് വനിതാ ക്രിക്കറ്റ് ടീം ഇന്ത്യയിലേക്ക് വരുമെന്നും എഹ്‌സാന്‍ മാനി ഉറപ്പിച്ച് പറയുന്നു. നവംബറിലാണ് ചാമ്പ്യന്‍ഷിപ്പ്. ഇതിലൂടെ, ഇന്ത്യ-പാക് ഉഭയകക്ഷി പരമ്പര സാധ്യമാണോ എന്ന് മനസിലാക്കാം. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ടെസ്റ്റ് കളിക്കാനായി പാകിസ്ഥാനിലേക്ക് ശ്രീലങ്ക എത്തും. സെപ്തംബറില്‍ രണ്ട് ടെസ്റ്റുകളാണ് ശ്രീലങ്ക പാകിസ്ഥാനില്‍ കളിക്കുക. ഈ വര്‍ഷം ഡിസംബറില്‍ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കായി ശ്രീലങ്ക വീണ്ടും പാകിസ്ഥാനിലേക്കെത്തും. മറ്റ് രാജ്യങ്ങളെ പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് കളിക്കുന്നതിനായി എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സുരക്ഷ മുന്‍ നിര്‍ത്തിയുള്ള തടസങ്ങള്‍ മാറി വരികയാണെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ വ്യക്തമാക്കി.

2013ന് ശേഷം പാകിസ്ഥാനുമായി ഇന്ത്യ ഉഭയകക്ഷി പരമ്പര കളിച്ചിട്ടില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കരുത് എന്ന് പോലും രാജ്യത്തിനകത്ത് നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com