പാകിസ്ഥാനെ ജയിപ്പിച്ച രണ്ട് പേര്‍! ഒരാള്‍ ഇമാദ് വസീം, രണ്ടാമത്തേത് അഫ്ഗാന്‍ നായകന്‍

ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന് പാകിസ്ഥാന്‍ വീണപ്പോള്‍, അതും 38ാം ഓവറില്‍, അഫ്ഗാനിസ്ഥാന്‍ ലോകകപ്പിലെ ആദ്യ ജയം സ്വപ്‌നം കണ്ടു കാണും
പാകിസ്ഥാനെ ജയിപ്പിച്ച രണ്ട് പേര്‍! ഒരാള്‍ ഇമാദ് വസീം, രണ്ടാമത്തേത് അഫ്ഗാന്‍ നായകന്‍

സെമി കാണിക്കാതെ പാകിസ്ഥാനെ അഫ്ഗാനിസ്ഥാന്‍ നാട്ടിലേക്ക് മടക്കുകയാണെന്ന് തോന്നിച്ചു ഒരു സമയം. പക്ഷേ, രണ്ട് പേര്‍ അവിടെ പാകിസ്ഥാന്റെ ജയം ഉറപ്പാക്കി. ഒന്ന് ഏഴാമനായി പാകിസ്ഥാന് വേണ്ടി ബാറ്റിങ്ങിന് ഇറങ്ങിയ ഇമാദ് വസിം. രണ്ടാമത്തേത് അഫ്ഗാന്‍ നായകന്‍ തന്നെ. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന് പാകിസ്ഥാന്‍ വീണപ്പോള്‍, അതും 38ാം ഓവറില്‍, അഫ്ഗാനിസ്ഥാന്‍ ലോകകപ്പിലെ ആദ്യ ജയം സ്വപ്‌നം കണ്ടു കാണും. പക്ഷേ ഇമാദ് വാസിം ഉണ്ടായിരുന്നു അവിടെ, ലോകകപ്പിലെ പാകിസ്ഥാന്റെ ജീവന്‍ നിലനിര്‍ത്താന്‍. ഏകദിനത്തില്‍ 37 ഇന്നിങ്‌സുകള്‍ പാകിസ്ഥാന് വേണ്ടി കളിച്ച ഇമാദിന്റെ കരിയറില്‍ അഫ്ഗാനെതിരെ പിടിച്ചുനിന്ന് നേടിയ ആ 49 റണ്‍സിന്റെ തട്ടു താണ് തന്നെയിരിക്കും. 

സെമി സാധ്യത നിലനിര്‍ത്താനുള്ള ജയം പിടിക്കാന്‍ പാകിസ്ഥാനെ സഹായിച്ച മറ്റൊരാള്‍ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നയ്ബ് ആണ്. 45ാം ഓവര്‍ എറിഞ്ഞ നയ്ബില്‍ നിന്നും ഇമാദ് വസീം അടിച്ചെടുത്തത് 18 റണ്‍സാണ്. ഓവറിലെ ആദ്യ പന്ത് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി. രണ്ടാമത്തേയും മൂന്നാമത്തേയും പന്തില്‍ ഡബിള്‍, നാലാമത്തെ പന്തില്‍ എഡ്ജിലൂടെ തേര്‍ഡ്മാനിലേക്ക് ബൗണ്ടറി. അഞ്ചാമത്തെ പന്തില്‍ പോയിന്റിലൂടെ ഫോര്‍. ആറാമത്തെ ഡെലിവറി വൈഡ്. എഴാമത്തേതില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ വസീം സിംഗിള്‍ എടുത്തു. ടോട്ടല്‍ 18 റണ്‍സ്. 

9.4 ഓവര്‍ എറിഞ്ഞ ഗുല്‍ബാദിന്‍ വഴങ്ങിയത് 73 റണ്‍സ്. പത്ത് ഓവര്‍ എറിഞ്ഞ് 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് നബിയും, 3.40 ഇക്കണോമിയില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ മുജീബുമെല്ലാം അഫ്ഗാനിസ്ഥാനെ ജയിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് നായകന്റെ മോശം സ്‌പെല്ലില്‍ ടീം തോല്‍വിയിലേക്ക് വീണത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com