മൂന്ന് ലോകകപ്പ് നേട്ടങ്ങളുടെ അടയാളങ്ങളുണ്ട്; ഇന്ത്യ ഇനി പുതിയ ജേഴ്സിയിൽ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലും വരാനിരിക്കുന്ന ലോകകപ്പിലും ഈ പുതിയ ജേഴ്‌സിയണിഞ്ഞാകും ഇന്ത്യ കളിക്കാനിറങ്ങുക
മൂന്ന് ലോകകപ്പ് നേട്ടങ്ങളുടെ അടയാളങ്ങളുണ്ട്; ഇന്ത്യ ഇനി പുതിയ ജേഴ്സിയിൽ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇനി പുതിയ ജേഴ്സിയിൽ കളിക്കാനിറങ്ങും. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലും വരാനിരിക്കുന്ന ലോകകപ്പിലും ഈ പുതിയ ജേഴ്‌സിയണിഞ്ഞാകും ഇന്ത്യ കളിക്കാനിറങ്ങുക.  ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകളിലെ താരങ്ങള്‍ അണിനിരന്ന ചടങ്ങിലാണ് ജേഴ്‌സി പുറത്തിറക്കിയത്. വിരാട് കോഹ്‌ലി, എംഎസ് ധോണി, പൃഥ്വി ഷാ, അജിൻക്യ രാഹനെ വനിതാ താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, ജെമിമ റോഡ്രിഗസ് എന്നിവരാണ് ചടങ്ങില്‍ ജേഴ്‌സി അവതരിപ്പിച്ചത്. 

ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ് പുതിയ ജേഴ്സി. പതിവു നീല നിറത്തിലാണ് ഇത്തവണയും ജേഴ്‌സി ഒരുക്കിയത്. എങ്കിലും നീല നിറത്തിന് ഇത്തവണ കടുപ്പം കൂടുതലലുണ്ട്. ഓറഞ്ച് കളറിനാണ് രണ്ടാം സ്ഥാനം. ഇരു കൈയുടേയും ഭാ​ഗത്ത് ഇളം നീല നിറമാണുള്ളത്. ജേഴ്‌സിയുടെ താഴെ ഇരുവശത്തുമായി ഓറഞ്ചില്‍ രണ്ടു വരകളുണ്ട്. 

അതേസമയം ജേഴ്സിയുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യയുടെ മൂന്ന് ലോകകപ്പ് വിജയങ്ങളെക്കുറിച്ചും ജേഴ്‌സിയില്‍ എഴുതിയിട്ടുണ്ടെന്നതാണ്. ജേഴ്‌സിയുടെ അകത്ത് കോളര്‍ ഭാഗത്തായാണ് രണ്ട് ഏകദിന ലോകകപ്പും ഒരു ടി20 ലോകകപ്പും നേടിയ തീയതികള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നു നക്ഷത്രങ്ങളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 1983, 2011 വർഷങ്ങളിലെ ഏകദിന ലോകകപ്പ് വിജയവും 2007ലെ ടി20 ലോകകപ്പിന്റെയും ഓർമകളാണ് ജേഴ്സിയിൽ സൂചിപ്പിച്ചിരിക്കുന്നത്. 

നൈക്കിയാണ് ഇന്ത്യക്കായി ജേഴ്സി തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് ലോകകപ്പ് വിജയങ്ങൾ നേടിയ ടീമിനുള്ള സമർപ്പണം എന്ന നിലയിലാണ് അകത്ത് ലോകകപ്പ് വിജയങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് കമ്പനി വ്യക്തമാക്കി. ഓറഞ്ച് നിറം ഇന്ത്യൻ ടീമിന്റെ നിർഭയമായ ഊർജത്തെ പ്രതിനിധീകരിക്കുന്നുവെന്നും നൈക്കി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com