ഈ തിരിച്ചു വരവ് എന്തിന്? അതും ഈ സമയം? റയലിനെ തിരിച്ചു പിടിക്കുവാന്‍ ചില്ലറ കളി പോര

ക്രിസ്റ്റിയാനോയെ ടീമില്‍ നിലനിര്‍ത്തണം, ബെയ്‌ലിനെ വില്‍ക്കണം, പുതിയ ഗോള്‍ കീപ്പറെ വേണ്ട...ഒന്‍പത് മാസം മുന്‍പ് ക്ലബിനോട് സിദാന്‍ ആവശ്യപ്പെട്ടത് ഇതൊക്കെയായിരുന്നു
ഈ തിരിച്ചു വരവ് എന്തിന്? അതും ഈ സമയം? റയലിനെ തിരിച്ചു പിടിക്കുവാന്‍ ചില്ലറ കളി പോര

ഇനി 11 മത്സരങ്ങള്‍. അതിനെ കുറിച്ച് മാത്രമാണ് ചിന്ത. ബെര്‍ണാബ്യുവിലേക്ക് എത്തിയ സിനദിന്‍ സിദാന് അത് മാത്രമാണ് പറയുവാനുള്ളത്. അടുത്ത സീസണ്‍ അല്ല. ഈ സീസണ്‍ മുതല്‍ തിരിച്ചു പിടിക്കണം...തുടര്‍ച്ചയായ മൂന്നാം വട്ടം റയലിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് മുത്തമിടീച്ച പരിശീലകന്റെ സാന്നിധ്യം മാത്രം മതി തിരിച്ചടിക്കാന്‍ റയലിന് ശക്തിപകരുവാന്‍ എന്ന് വിശ്വസിക്കുന്നവരുണ്ട്. പക്ഷേ വിജയം ആവര്‍ത്തിക്കുവാനെത്തുന്ന സിദാന് മുന്നില്‍ സമ്മര്‍ദ്ദങ്ങള്‍ ഏറെയാണ്. 

അയാക്‌സില്‍ നിന്നും പ്രഹരമേറ്റ് ചാമ്പ്യന്‍സ് ലീഗില്‍ നിന്നുമുള്ള പുറത്താവല്‍, കോപ ദെല്‍ റേയില്‍ ബാഴ്‌സയുടെ കൈകള്‍കൊണ്ട് തന്നെ പുറത്തേക്ക് പോവേണ്ടി വന്നത്, ലാലീഗയിലെ നാണക്കേട്...ഈ സീസണില്‍ റയലിന്റെ കൈകളിലുള്ളത് ഇതൊക്കെയാണ്. 

ക്രിസ്റ്റിയാനോയെ ടീമില്‍ നിലനിര്‍ത്തണം, ബെയ്‌ലിനെ വില്‍ക്കണം, പുതിയ ഗോള്‍ കീപ്പറെ വേണ്ട...ഒന്‍പത് മാസം മുന്‍പ് ക്ലബിനോട് സിദാന്‍ ആവശ്യപ്പെട്ടത് ഇതൊക്കെയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ സിദാന്‍ മടങ്ങി എത്തുമ്പോഴോ? ക്രിസ്റ്റിയാനോയെ വിറ്റു, ബെയ്ല്‍ തുടരുന്നു, ചെല്‍സിയില്‍ നിന്നും കോര്‍ട്ടോയ്‌സ് ബെര്‍ണാബ്യുവിലേക്ക് വല കാക്കുവാന്‍ എത്തി. 

രണ്ടര വര്‍ഷം കൊണ്ട് ഒന്‍പത് കിരീടങ്ങളാണ് ബെര്‍ണാബ്യുവിലേക്ക് സിദാന്‍ എത്തിച്ചിരുന്നത്. സിദാന്‍ വീണ്ടുമെത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ അതിനനുസരിച്ച് കൂടും. ഇത് സിദാനിലും താരങ്ങളിലും സമ്മര്‍ദ്ദം നിറയ്ക്കുമെന്നുറപ്പ്. ക്ലബ് പ്രസിഡന്റ് വിളിച്ചതിനെ തുടര്‍ന്നാണ് തന്റെ തിരിച്ചു വരവ് എന്നാണ് സിദാന്‍ പറയുന്നത്. സിദാന്‍ റയലിലേക്ക് എത്തിയതിന് പിന്നാലെ ചെല്‍സി സൂപ്പര്‍ താരം ഹസാര്‍ഡ് റയലിലേക്ക് എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിട്ടുണ്ട്. 

റയലിനെ സിദാന്‍ നേട്ടങ്ങളിലേക്ക് എത്തിച്ചപ്പോള്‍ ക്രിസ്റ്റിയാനോ അവിടെ ഉണ്ടായിരുന്നു. ക്രിസ്റ്റിയാനോയുടെ അഭാവം ഗോള്‍ വലയ്ക്ക് മുന്നില്‍ റയലിനെ വല്ലാതെ അലട്ടുന്ന സമയമാണ് ഇത്. ബെന്‍സമ ഈ സീസണില്‍ നേടിയത് 22 ഗോള്‍, ബെയില്‍ 13. റയലിലെ ഈ സീസണിലെ മൂന്നാമത്തെ ഗോള്‍ വേട്ടക്കാരന്‍ ക്യാപ്റ്റന്‍ റാമോസ് ആണെന്നും ഓര്‍ക്കണം. തിരിച്ചു വരണം എങ്കില്‍ സ്‌ട്രൈക്കര്‍ക്ക് വേണ്ടി റയല്‍ ഇനിയും പണം മുടക്കണം എന്ന് വ്യക്തം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com