ഏഴുവിക്കറ്റ് പിഴുത് ജലജ് സക്സേന; സെഞ്ച്വറിയുമായി ​ഗില്ലും മായങ്കും ; ഇന്ത്യ സിയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

കേരള രഞ്ജി താരം ജലജ് സക്സേനയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ സിക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്
ഗില്ലും ജലജ് സക്‌സേനയും
ഗില്ലും ജലജ് സക്‌സേനയും

റാഞ്ചി: ദേവ്ധർ ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇന്ത്യ സിക്ക് തകർപ്പൻ ജയം. ഇന്ത്യ എയെ 232 റണ്‍സിനാണ് ഇന്ത്യ സി തകർത്തത്. കേരള രഞ്ജി താരം ജലജ് സക്സേനയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് ഇന്ത്യൻ സിക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. നായകൻ ശുഭ്മാൻ ​ഗില്ലിന്റെയും മായങ്ക് അ​ഗർവാളിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സി മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 366 റൺസാണ് അടിച്ചുകൂട്ടിയത്. ​ഗിൽ 142 പന്തിൽ 143 റൺസും, മായങ്ക് 111 പന്തിൽ 120 റൺസുമെടുത്തു.

ഗിൽ-മായങ്ക്  സഖ്യം ഒന്നാം വിക്കറ്റിൽ 226 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച സൂര്യകുമാർ യാദവാണ് സ്കോർ 350 കടത്തിയത്. സൂര്യകുമാർ 29 പന്തുകൾ മാത്രം നേരിട്ട് 72 റണ്‍സെടുത്തു. ഇതിൽ ഒൻപത് ഫോറും നാല് സിക്സും ഉൾപ്പെടുന്നു. 367 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്ത ഹനുമ വിഹാരിയുടെ ഇന്ത്യ എ  29.5 ഓവറിൽ 134 റണ്‍സിന് എല്ലാവരും പുറത്തായി.

മലയാളി താരം വിഷ്ണു വിനോദ് ആക്രമിച്ചു തുടങ്ങിയെങ്കിലും അഞ്ച് പന്തുകൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഒരു ഫോറും സിക്സും ഉൾപ്പടെ 12 റണ്‍സ് നേടിയ വിഷ്ണുവിനെ ആദ്യ പന്തിലെ അഞ്ചാം പന്തിൽ ധവാൽ കുൽക്കർണി വിക്കറ്റിന് മുന്നിൽ കുടുക്കി. 31 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലാണ് ഇന്ത്യ എ നിരയിലെ ടോപ്പ് സ്കോറർ. ഇന്ത്യ എയുടെ അവസാന ഏഴ് വിക്കറ്റുകൾ നേടിയത് ജലജ് സക്സേനയാണ്. 9.5 ഓവർ പന്തെറിഞ്ഞ സക്സേന 41 റണ്‍സ് മാത്രം വഴങ്ങിയാണ് ഏഴ് വിക്കറ്റുകൾ പിഴുതത്. തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യ എ ദേവ്ധർ ട്രോഫിയിൽ നിന്നും പുറത്തായി. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ബിയോടും ഇന്ത്യ എ പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com