ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് എട്ടിന്റെ പണി; തുടരെ വിക്കറ്റ് വീഴ്ത്തി പേസര്‍മാര്‍; ഇന്ത്യ ആക്രമിക്കുന്നു

ടോസ് നേടിയാലും ഇന്ത്യ ബൗളിങ്ങായിരുന്നിരിക്കും തെരഞ്ഞെടുക്കുക എന്നാണ് നായകന്‍ കോഹ് ലി പറഞ്ഞത്‌
ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് എട്ടിന്റെ പണി; തുടരെ വിക്കറ്റ് വീഴ്ത്തി പേസര്‍മാര്‍; ഇന്ത്യ ആക്രമിക്കുന്നു

ഇന്‍ഡോര്‍: ടോസ് ഭാഗ്യം ഇന്‍ഡോര്‍ ടെസ്റ്റില്‍ ബംഗ്ലാദേശിനൊപ്പം നിന്നെങ്കിലും ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തില്‍ സന്ദര്‍ശകര്‍ക്ക് പിഴച്ചു. 12 റണ്‍സ് പിന്നിടുമ്പോഴേക്കും ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരെ ഉമേഷ് യാദവും ഇഷാന്ത് ശര്‍മയും കൂടി കൂടാരം കയറ്റി. 26 പന്തില്‍ നിന്ന് 6 റണ്‍സ് എടുത്ത ഷദ്മാന്‍ ഇസ്ലാമിനെ ഇഷാന്ത് ശര്‍മ, സാഹയുടെ കൈകളില്‍ എത്തിച്ചപ്പോള്‍ ആറ് റണ്‍സ് എടുത്ത കയേസിനെ ഉമേഷ് യാദവ് രഹാനെയുടെ കൈകളില്‍ ഭദ്രമാക്കി. 

ടോസ് നേടിയാലും ഇന്ത്യ ബൗളിങ്ങായിരുന്നിരിക്കും തെരഞ്ഞെടുക്കുക എന്നാണ് നായകന്‍ കോഹ് ലി പറഞ്ഞത്‌. പിച്ചിലെ പച്ചപ്പില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ബംഗ്ലാദേശ് എങ്ങനെ അതിജീവിക്കും എന്നതാശ്രയിച്ചിരിക്കും കളിയുടെ ഗതി. 

ഒന്നാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയതിന് ശേഷം നാലാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മുന്‍പില്‍ വമ്പന്‍ ടോട്ടല്‍ ഉയര്‍ത്തി സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ബംഗ്ലാദേശിന്റെ ലക്ഷ്യം. പ്ലേയിങ് ഇലവനില്‍ സ്പിന്നര്‍മാര്‍ക്ക് ബംഗ്ലാദേശ് പ്രാധാന്യം നല്‍കിയത് ഇത് മുന്നില്‍ കണ്ടാണ്. എന്നാല്‍ ഇന്ത്യന്‍ പേസര്‍മാരെ അതിജീവിക്കുക എന്ന ആദ്യ കടമ്പ കടക്കാന്‍ തന്നെ ബംഗ്ലാദേശ് വിയര്‍ക്കുന്നു. 

അഞ്ച് സ്‌പെഷ്യലൈസ്ഡ് ബൗളര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് ഉള്‍പ്പെടെ മൂന്ന് പേസര്‍മാര്‍ ഇലവനിലേക്ക് എത്തി. ഷഹ്ബാസ് നദീമിന് പകരം ഇഷാന്ത് ശര്‍മയെ പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തിച്ചു. കളിയുടെ തുടക്കത്തില്‍ പിച്ചില്‍ നിന്ന് ലഭിക്കുന്ന ബൗണ്‍സ് ഇന്ത്യന്‍ പേസര്‍മാരെ താളം കണ്ടെത്താന്‍ സഹായിക്കുന്നു. ബംഗ്ലാദേശ് ഇന്നിങ്‌സിലെ ആദ്യ മൂന്ന് ഓവറുകളും ഇന്ത്യന്‍ പേസര്‍മാര്‍ ഒരു റണ്‍സ് പോലും വഴങ്ങിയില്ല. 

മുസ്താഫിസുര്‍ റഹ്മാന്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയാവും എന്നാണ് ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് നായകന്‍ കോഹ് ലി വിലയിരുത്തിയത്. എന്നാല്‍ ഇടംകയ്യന്‍ പേസര്‍ ഇല്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങിയത്. മുസ്താഫിസൂറിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിനിര്‍ത്തിയതിന്റെ കാരണം ബംഗ്ലാദേശ് വ്യക്തമാക്കിയിട്ടില്ല. ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്ന മുസ്താഫിസൂറിനെ തുടരെ രണ്ട് ടെസ്റ്റ് കളിപ്പിച്ച് സമ്മര്‍ദ്ദത്തിലാക്കുന്നത് ഒഴിവാക്കി, പ്രധാനപ്പെട്ട പിങ്ക് ബോള്‍ ടെസ്റ്റിലേക്ക് മാറ്റി നിര്‍ത്തുകയാണ് ബംഗ്ലാദേശ് എന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com