ചോരയില്‍ മുങ്ങിയ ഹാമര്‍ എറിയാന്‍ നല്‍കി, തലച്ചോര്‍ പുറത്ത് വന്ന് അഫീല്‍ കിടക്കുമ്പോഴും സംഘാടകരുടെ ക്രൂരത

അഫീലിന്റെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ ആയിരുന്നു എങ്കില്‍, ഹാമര്‍ അഫീലിന്റെ തലയില്‍ പതിച്ചതിന് ശേഷവും സംഘാടകരുടെ ഭാഗത്ത് നിന്നുമുണ്ടായത് ക്രൂരത
ചോരയില്‍ മുങ്ങിയ ഹാമര്‍ എറിയാന്‍ നല്‍കി, തലച്ചോര്‍ പുറത്ത് വന്ന് അഫീല്‍ കിടക്കുമ്പോഴും സംഘാടകരുടെ ക്രൂരത

കോട്ടയം: ജീവിതത്തിന്റെ ട്രാക്കിലേക്ക് അഫീല്‍ മടങ്ങി എത്തുന്നതും കാത്തിരുന്നവര്‍ക്ക് തീരാ വേദന നല്‍കിയാണ് ആ മടക്കം. അഫീലിന്റെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ ആയിരുന്നു എങ്കില്‍, ഹാമര്‍ അഫീലിന്റെ തലയില്‍ പതിച്ചതിന് ശേഷവും സംഘാടകരുടെ ഭാഗത്ത് നിന്നുമുണ്ടായത് ക്രൂരത. 

പരിക്കേറ്റ അഫീലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്ന സമയം, അവന്റെ ചോര നിറഞ്ഞ ഹാമര്‍ കഴുകി എടുത്ത് അടുത്ത മത്സരാര്‍ഥിക്കായി എറിയാന്‍ സംഘാടകര്‍ നല്‍കി. അഫീലിന്റെ തലയിലേക്ക് വന്നടിച്ച ഹാമര്‍ എറിഞ്ഞ അതേ മത്സരാര്‍ഥിക്ക് തന്നെയാണ് വീണ്ടും ഇത് എറിയാനായി നല്‍കിയത്. 

ഈ ഹാമര്‍ വെച്ച് എറിഞ്ഞ ത്രോ മികച്ച ദൂരം കണ്ടെത്തുകയും ചെയ്തു. എന്നാല്‍, മത്സരം തുടരുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നത് കൊണ്ട് മാത്രമാണ് മത്സരം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ തയ്യാറായത്. തങ്ങളുടെ ഭാഗത്തല്ല തെറ്റ് എന്ന് വരുത്തി തീര്‍ക്കാന്‍ അഫീലിനെ കുറ്റക്കാരനാക്കാനും സംഘാടകര്‍ ശ്രമം നടത്തി. 

അഫീല്‍ വോളന്റീയറല്ല, കാഴ്ചക്കാരന്‍ മാത്രമാണെന്ന വാദമാണ് സംഘാടകര്‍ ഉയര്‍ത്തിയത്. എന്നാല്‍, മത്സരം നടക്കുമ്പോള്‍ ട്രാക്കിനടുത്തേക്ക് എങ്ങനെ സാധാരണ വിദ്യാര്‍ഥിക്ക് പ്രവേശിക്കാനാവുമെന്ന ചോദ്യം ഉയര്‍ന്നു. പെണ്‍കുട്ടി റെക്കോര്‍ഡ് ദൂരത്തില്‍ ഹാമര്‍ എറിഞ്ഞതാണ് അപകടമുണ്ടാക്കിയത് എന്ന വിചിത്ര വാദവും സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ തെളിവെടുപ്പില്‍ സംഘാടകര്‍ ഉന്നയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com