ഇങ്ങനെയും പെനാല്‍റ്റി പിറക്കും! അമ്പരപ്പിക്കുന്ന തീരുമാനവുമായി റഫറി (വീഡിയോ)

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ പോരാട്ടത്തിനിടെ റഫറി വിളിച്ച പെനാല്‍റ്റിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
ഇങ്ങനെയും പെനാല്‍റ്റി പിറക്കും! അമ്പരപ്പിക്കുന്ന തീരുമാനവുമായി റഫറി (വീഡിയോ)

മ്യൂണിക്ക്: ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ മൈതാനത്ത് പല വിചിത്ര സംഭവങ്ങളും അരങ്ങേറുന്നത് പുതിയ കാര്യമല്ല. അത്തരം രസകരമായ സംഭവങ്ങള്‍ ആരാധകര്‍ ആസ്വദിക്കാറുമുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ജര്‍മനിയില്‍ നിന്ന് വരുന്നത്. 

ജര്‍മനിയിലെ രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ പോരാട്ടത്തിനിടെ റഫറി വിളിച്ച പെനാല്‍റ്റിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം നടന്ന ഹോള്‍സ്റ്റന്‍ കീല്‍- വിഎഫ്എല്‍ ബോചം ടീമും തമ്മിലുള്ള മത്സരത്തിനിടെയാണ് വിചിത്രമായൊരു പെനാല്‍റ്റി തീരുമാനം റഫറി കൈക്കൊണ്ടത്. 

മത്സരത്തിന്റെ ഒന്നാം പകുതിക്കിടെയായിരുന്നു സംഭവം. ബോചം സ്‌ട്രൈക്കര്‍ സില്‍വരെ ഗാന്‍വൗല എംബൗസിയുടെ ഒരു ഗോള്‍ ശ്രമം പുറത്തേക്ക് പോകുന്നു. ഈ സമയത്ത് സര്‍ക്കിളിന് പുറത്ത് വാം അപ് ചെയ്യുകയായിരുന്നു ഹോള്‍സ്റ്റന്‍ താരമായ മിഷേല്‍ എബര്‍വിന്‍. ഗോള്‍ ലക്ഷ്യമാക്കി സില്‍വരെ അടിച്ച പന്ത് പുറത്തെത്തും മുന്‍പ് തന്നെ മിഷേല്‍ എബര്‍വിന്‍ തടുത്തിട്ടു. 

ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ റഫറി വാറിന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ വീണ്ടും കണ്ടു. സ്‌റ്റേഡിയത്തില്‍ കളി കണ്ടവരെ അമ്പരപ്പിച്ച് റഫറിയുടെ കൈ പെനാല്‍റ്റി ബോക്‌സിലേക്ക് നീണ്ടു. പന്ത് തടുത്തിട്ട താരത്തിന് മഞ്ഞ കാര്‍ഡും റഫറി നല്‍കി. ടച്ച് ലൈനില്‍ വച്ച് തന്നെ പന്ത് തടുത്ത് ഗ്രൗണ്ടിലിട്ടത് മിഷേല്‍ എബര്‍വിനെ ബോധ്യപ്പെടുത്തിയായിരുന്നു റഫറി കാര്‍ഡ് പുറത്തെടുത്തത്. 

ഈ സമയത്ത് ഹോള്‍സ്റ്റന്‍ കീല്‍ 1-0ത്തിന് മുന്നിലായിരുന്നു. പെനാല്‍റ്റി കിക്കെടുത്തത് സില്‍വരെയായിരുന്നു. നേരത്തെ മുന്നില്‍ തുറന്നു കിട്ടിയ ഗോളവസരം പാഴാക്കിയ സില്‍വരെ ഇത്തവണ പക്ഷേ പെനാല്‍റ്റി പിഴക്കാതെ വലയിലെത്തിച്ച് ടീമിന് 1-1ന് സമനില സമ്മാനിച്ചു. 

എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍ നേടി ഹോള്‍സ്റ്റന്‍ കീല്‍ മത്സരം സ്വന്തമാക്കി. എന്തായാലും റഫറിയുടെ തീരുമാനം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com