വി ബി ചന്ദ്രശേഖറിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബെറ്റിംഗ് ലോബി?: ഒരു ഐപിഎല്‍ താരവും കോച്ചും സംശയനിഴലില്‍; തമിഴ്‌നാടിന് പിന്നാലെ മുംബൈ, കര്‍ണാടക ടി-20 ലീഗുകളും നിരീക്ഷണത്തില്‍

തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ  അന്വേഷണം ആരംഭിച്ചു
വി ബി ചന്ദ്രശേഖറിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ബെറ്റിംഗ് ലോബി?: ഒരു ഐപിഎല്‍ താരവും കോച്ചും സംശയനിഴലില്‍; തമിഴ്‌നാടിന് പിന്നാലെ മുംബൈ, കര്‍ണാടക ടി-20 ലീഗുകളും നിരീക്ഷണത്തില്‍

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തില്‍ ബിസിസിഐ  അന്വേഷണം ആരംഭിച്ചു. അഴിമതി വിരുദ്ധ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഒരു ഐപിഎല്‍ താരവും ഒരു രഞ്ജി ടീം പരിശീലകനും ഒത്തുകളി ആരോപണം നേരിടുന്നുണ്ട്. ഒരു ദേശീയ ടീമംഗത്തിനും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത് സിങ് ഇക്കാര്യം നിഷേധിച്ചു. 

ടൂര്‍ണമെന്റില്‍ ഒരു ടീമിനെ നിയന്ത്രിച്ചിരുന്നത് വാതുവെയ്പ്പുകാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ടീമിന്റെ നിയന്ത്രണം വാതുവെയ്പ്പുകാര്‍ക്ക് കൈമാറിയതിന് ഫ്രാഞ്ചൈസി ഉടമയ്ക്ക് നാലു കോടി രൂപ പ്രതിഫലം ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്ത്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള ബുക്കികളാണ് രംഗത്തെത്തിയത്. വിവരങ്ങള്‍ കൈമാറുന്നതിന് പരിശീലകന്‍ 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അപരിചിതരായ ചിലര്‍ ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതായി താരങ്ങളില്‍ ചിലര്‍ തന്നെ ബിസിസിഐയെ അറിയിക്കുകയായിരുന്നു. ഒത്തുകളിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പല താരങ്ങള്‍ക്കും ലഭിച്ചു. താരങ്ങളെ ലക്ഷ്യമിട്ടല്ല, ഈ സന്ദേശങ്ങളെ കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണമെന്നും അജിത് സിങ് പറഞ്ഞു. രവിചന്ദ്രന്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക്, അഭിനവ് മുകുന്ദ്, മുരളി വിജയ്, വിജയ് ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചവരാണ്. 

തമിഴ്‌നാട് പ്രീമിയര്‍ ലീഗിന് പുറമെ, കര്‍ണാടക പ്രീമിയര്‍ ലീഗിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ട്വന്റി-20 ലീഗിലും സംശയാസ്പദമായ ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യങ്ങളും പരിശോധിച്ചുവരികയാണെന്നും ബിസിസിഐ അഴിമതി വിരുദ്ധ ബ്യൂറോ തലവന്‍ സൂചിപ്പിച്ചു. ഇതിനിടെ മുന്‍ ക്രിക്കറ്റ് താരവും പ്രീമിയര്‍ ലീഗ് ടീം ഉടമയുമായ വി ബി ചന്ദ്രശേഖറിന്റെ ആത്മഹത്യയ്ക്ക് പിന്നിലും ഒത്തുകളി മാഫിയക്ക് പങ്കുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രശേഖറിന്റെ ആത്മഹത്യ അന്വേഷിച്ച ചെന്നൈ പൊലീസിനാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com