പരമ ദയനീയം ബാഴ്‌സലോണ; നാണംകെട്ട തോല്‍വി; വീണ്ടും എവേ ദുരന്തം

സീസണിലെ അഞ്ചാം ലാ ലിഗ പോരാട്ടത്തിനിറങ്ങിയ ബാഴ്‌സലോണ ഗ്രാനഡയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി
പരമ ദയനീയം ബാഴ്‌സലോണ; നാണംകെട്ട തോല്‍വി; വീണ്ടും എവേ ദുരന്തം

മാഡ്രിഡ്: ബാഴ്‌സലോണയ്ക്ക് ഇതെന്തുപറ്റിയെന്ന് ആരാധകര്‍ ചോദിക്കുകയാണിപ്പോള്‍. സീസണിലെ അഞ്ചാം ലാ ലിഗ പോരാട്ടത്തിനിറങ്ങിയ ബാഴ്‌സലോണ ഗ്രാനഡയോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഗ്രനാഡ ബാഴ്‌സയെ അട്ടിമറിച്ചത്. 

സീസണില്‍ ബാഴ്‌സലോണ നേരിടുന്ന രണ്ടാം തോല്‍വിയാണിത്. തുടര്‍ച്ചയായി എട്ടാം എവേ പോരാട്ടത്തിലാണ് അവര്‍ വിജയിക്കാനാകാതെ ഇരുട്ടില്‍ തപ്പുന്നത്. ലാലിഗയില്‍ ഈ സീസണില്‍ കളിച്ച മൂന്ന് എവേ മത്സരത്തിലും ബാഴ്‌സലോണക്ക് വിജയമില്ല.

ലയണല്‍ മെസിയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെ ബെഞ്ചില്‍ ഇരുത്തി ഇറങ്ങിയ ബാഴ്‌സലോണ ആദ്യ മിനുട്ടില്‍ തന്നെ ഒരു ഗോളിന് പിന്നില്‍ പോയി. ഡിഫന്‍ഡര്‍ ഫിര്‍പോയ്ക്ക് പറ്റിയ അബദ്ധം മുതലെടുത്ത് റാമോണ്‍ അസീസാണ് ആദ്യ മിനുട്ടില്‍ തന്നെ ഗ്രനാഡയെ മുന്നിലെത്തിച്ചത്. 

കളിയില്‍ പന്തടക്കത്തിലും പാസുകളിലുമൊക്കെ ബാഴ്‌സ പതിവ് മികവ് പുലര്‍ത്തിയെങ്കിലും ഗോളടിക്കാന്‍ അവര്‍ മറന്നു പോയി. എട്ടോളം ഗോള്‍ ശ്രമങ്ങളുണ്ടായതില്‍ ഒന്ന് മാത്രമാണ് ഓണ്‍ ടാര്‍ഗറ്റായത്. മറുഭാഗത്ത് ഗ്രനാഡ കിട്ടിയ അവസരം മുതലെടുത്തു. ഒന്‍പതോളം ശ്രമങ്ങള്‍. അതില്‍ നാല് ഓണ്‍ ടാര്‍ഗറ്റ്. രണ്ട് ഗോളുകളും. 

രണ്ടാം പകുതിയില്‍ മെസിയെ ഇറക്കിയെങ്കിലും കാര്യമുണ്ടായില്ല. 66ാം മിനുട്ടില്‍ ആല്‍വരോ വഡില്ലോ ഒരു പെനാല്‍റ്റിയിലൂടെ ഗ്രാന്‍ഡയുടെ ലീഡ് ഇരട്ടിയാക്കി.  പരാജയത്തോടെ ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്ത് നില്‍ക്കുകയാണ് ബാഴ്‌സലോണ. ഗ്രാനഡ 10 പോയിന്റുമായി ലീഗിന്റെ തലപ്പത്തെതുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com