ആത്മവിശ്വാസം കരുത്ത്; വിജയമാണ് ലക്ഷ്യം; അനസും ആഷിഖും സഹലും ഇന്ത്യന്‍ ടീമില്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ടീം തുടങ്ങി
ആത്മവിശ്വാസം കരുത്ത്; വിജയമാണ് ലക്ഷ്യം; അനസും ആഷിഖും സഹലും ഇന്ത്യന്‍ ടീമില്‍

ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ ടീം തുടങ്ങി. ഒക്ടോബര്‍ 15ന് നടക്കുന്ന പോരാട്ടത്തിനുള്ള പ്രാഥമിക സംഘത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച് പ്രഖ്യാപിച്ചു. 29 പേരാണ് പ്രാഥമിക പട്ടികയിലുള്ളത്. 

ഒമാനെതിരെ പൊരുതി തോല്‍ക്കുകയും ഖത്തറിനെതിരെ വിജയത്തോളം പോന്ന സമനില പിടിച്ചെടുക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങുന്നത്. ഇന്ത്യയേക്കാള്‍ റാങ്കിങ്ങില്‍ പിറകിലുള്ള ബംഗ്ലാദേശിനോട് ജയിച്ച് പോയിന്റ് ഉയര്‍ത്താന്‍ ഉറച്ചു തന്നെയാവും ഇന്ത്യ ഇറങ്ങുക. 

ടീമില്‍ മലയാളി താരങ്ങളായ അനസ് എടത്തൊടിക, ആഷിഖ് കുരുണിയന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവര്‍ പ്രാഥമിക ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഖത്തറിനെതിരായ പോരാട്ടത്തില്‍ സഹദിന്റെ കളി ശ്രദ്ധേയമായിരുന്നു.

അതേസമയം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയുടെ നെടുംതൂണായിരുന്ന റൗളിങ് ബോര്‍ഗസ് ടീമില്‍ ഇടം നേടിയിട്ടില്ല. ഒമാനെതിരെയും ഖത്തറിനെതിരെയും മഞ്ഞക്കാര്‍ഡ് വാങ്ങിയ താരത്തിന് അടുത്ത മത്സരത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. 

ആദ്യ മത്സരത്തില്‍ അവസാന 10 മിനുട്ടില്‍ ലീഡ് കൈവിട്ട് തോറ്റ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെ അവരുടെ ഗ്രൗണ്ടില്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റാണ് ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ മത്സരത്തിന് മുന്‍പ് ഖത്തറുമായി ബംഗ്ലാദേശിന് പോരാട്ടമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com