ആഴ്‌സന്‍ വെങര്‍ വരുമോ? മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കാന്‍!

ഇംഗ്ലീഷ് പ്രീമിര്‍ ലീഗിലെ അതികായരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാകുക എന്നത് ഏതൊരു കോച്ചിന്റേയും സ്വപ്‌നമാണെന്ന് വെങര്‍ പറയുന്നു
ആഴ്‌സന്‍ വെങര്‍ വരുമോ? മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കാന്‍!

പാരിസ്: ആഴ്‌സണലിനെ 22 വര്‍ഷത്തോളം പരിശീലിപ്പിച്ച് ടീം വിട്ട വിഖ്യാത പരിശീലകന്‍ ആഴ്‌സന്‍ വെങര്‍ നിലവില്‍ ഒരു ടീമിന്റേയും ഭാഗമല്ല. അദ്ദേഹം ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു മറുപടി ഫുട്‌ബോള്‍ ലോകത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിര്‍ ലീഗിലെ അതികായരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാകുക എന്നത് ഏതൊരു കോച്ചിന്റേയും സ്വപ്‌നമാണെന്ന് വെങര്‍ പറയുന്നു. 

താന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകനാകാന്‍ തയ്യാറാണ്. അതിനുള്ള ധൈര്യവും ആത്മവിശ്വാസവും തനിക്കുണ്ട്. മാഞ്ചസ്റ്ററിന്റെ പരിശീലകന്‍ ആയാല്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമായ പ്ലാന്‍ ഉണ്ടെന്നും വെങര്‍ വ്യക്തമാക്കി. 

നിലവിലെ മാഞ്ചസ്റ്റര്‍ ടീമിന് നിരവധി പ്രശ്‌നങ്ങളുണ്ട്. വ്യവസ്ഥാപിതമായൊരു ഗെയിം പ്ലാന്‍ ടീമിനില്ല. എതിരാളികളില്‍ സമ്മര്‍ദ്ദം തീര്‍ക്കാന്‍ കെല്‍പ്പുള്ള സംഘമല്ല. എന്നാല്‍ പരിശീലനത്തിലൂടെ അതെല്ലാം വികസിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നും വെങര്‍ പറഞ്ഞു.  

ആഴ്‌സണലില്‍ നിന്ന് പിരിഞ്ഞ ശേഷം കഴിഞ്ഞ രണ്ട് സീസണുകളിലായി ഒരു ടീമിനേയും വെങര്‍ പരിശീലിപ്പിച്ചിട്ടില്ല. അതിനിടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സോള്‍ഷ്യറിന്റെ കീഴില്‍ അത്ര നല്ല മികവിലല്ല നീങ്ങുന്നത്. അതിനിടെയാണ് വെങര്‍ അഭിപ്രായം പറഞ്ഞിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  

ആഴ്‌സണലിന്റെ ഇന്‍വിന്‍സിബിള്‍ ടീമിനെ സൃഷ്ടിച്ച പരിശീലകനാണ് വെങര്‍. ഒരു സീസണ്‍ മുഴുവന്‍ അപരാജിതരായി ആഴ്‌സണല്‍ കളിച്ചത് ഇപ്പോഴും വേറെ ഒരു ടീമിനും സാധിക്കാത്ത കാര്യമാണ്. എന്തായാലും വെങറിന്റെ തുറന്നു പറച്ചിലും ഭാവിയില്‍ അദ്ദേഹം മാഞ്ചസ്റ്ററിന്റെ ഭാഗമാകുമോ എന്നല്ലാം കാത്തിരുന്നു കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com