പൊചെറ്റിനോ പുറത്തേക്ക്; ടോട്ടനത്തെ പരിശീലിപ്പിക്കാന്‍ അല്ലെഗ്രി...?

പൊചെറ്റിനോയ്‌ക്കെതിരെ ആരാധകര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉടലെടുത്തത്
പൊചെറ്റിനോ പുറത്തേക്ക്; ടോട്ടനത്തെ പരിശീലിപ്പിക്കാന്‍ അല്ലെഗ്രി...?

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇത്തവണ ടോട്ടനം ഹോട്‌സ്പര്‍ ആകെ പരുങ്ങലിലാണ്. കഴിഞ്ഞ സീസണില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വരെ മുന്നേറിയ അവര്‍ക്ക് ഇത്തവണ പ്രീമിയര്‍ ലീഗിലെ തുടക്കം അത്ര സുഖകരമായ നിലയിലല്ല. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി അവര്‍ ഏഴാം സ്ഥാനത്താണ്. ചാമ്പ്യന്‍സ് ലീഗില്‍ ഒളിംപ്യാകോസിനെതിരെ രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷം സമനില വഴങ്ങേണ്ടി വന്നതും ടോട്ടനത്തിന് ക്ഷീണമായി. 

അതിനിടെയാണ് ലീഗ് കപ്പില്‍ മൂന്നാം റൗണ്ടില്‍ കോള്‍ചെസ്റ്ററെന്ന രണ്ടാം ഡിവിഷന്‍ ടീമിനോട് നാണംകെട്ട് തോറ്റ് പുറത്ത് പോകേണ്ടി വന്നത്. ഇതോടെ പരിശീലകന്‍ മൗറീഷിയോ പൊചെറ്റിനോയ്‌ക്കെതിരെ ആരാധകര്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉടലെടുത്തത്. പരിശീലക സ്ഥാനത്ത് നിന്ന് പൊചെറ്റിനോയെ പുറത്താക്കണമെന്ന സാമൂഹിക മാധ്യമങ്ങള്‍ വഴി ആരാധകര്‍ വലിയ ക്യാമ്പയിനാണ് നടത്തിയത്. വരാനിരിക്കുന്ന മത്സരങ്ങളിലെ ഫലങ്ങളെ ആശ്രയിച്ചാവും പൊചെറ്റിനോയുടെ ഭാവി. 

അതിനിടെ ടോട്ടനം അധികൃതര്‍ അര്‍ജന്റീന പരിശീലകന് പകരം മറ്റൊരാളെ മുഖ്യ കോച്ചാക്കാനുള്ള ശ്രമത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. മുന്‍ യുവന്റസ് പരിശീലകന്‍ മാസിമിലിയാനോ അല്ലെഗ്രിയുടെ പേരാണ് പകരക്കാരുടെ പട്ടികയില്‍ ആദ്യമുള്ളത്. ഇംഗ്ലീഷ് മാധ്യമമായ 'ദി സണ്‍' ആണ് ഈ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. 

യുവന്റസിന്റെ പരിശീലക സ്ഥാനം ഈ സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് ഉപേക്ഷിച്ച അല്ലെഗ്രി നിലവില്‍ ഒരു ടീമിന്റേയും കോച്ചല്ല. യുവന്റസിനൊപ്പം തുടര്‍ച്ചയായി അഞ്ച് സീരി എ കിരീടങ്ങള്‍ നേടിയ പരിശീലകനാണ്. രണ്ട് തവണ ഇറ്റാലിയന്‍ കരുത്തരെ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിക്കാനും അലെഗ്രിക്ക് സാധിച്ചു. 

ടോട്ടനത്തിന്റെ ഇനിയുള്ള പ്രകടനങ്ങള്‍ പൊചെറ്റിനോയ്ക്ക് നിര്‍ണായകമാണ്. നിരാശപ്പെടുത്തുന്ന പ്രകടനങ്ങള്‍ ഉണ്ടായാല്‍ അര്‍ജന്റീന കോച്ചിന്റെ സ്ഥാനത്തിന് അത് വന്‍ ഭീഷണിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com