ട്രാക്കിൽ വീണ്ടും തീ പടര്‍ത്തി 'പോക്കറ്റ് റോക്കറ്റ്'; ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ വേഗ റാണി; നാലാം സ്വർണം

വനിതകളിലെ വേഗതയുടെ പര്യായം ജമൈക്കന്‍ ഇതിഹാസം ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ ഒരിക്കല്‍ കൂടി ട്രാക്കില്‍ തീ പടര്‍ത്തി
ട്രാക്കിൽ വീണ്ടും തീ പടര്‍ത്തി 'പോക്കറ്റ് റോക്കറ്റ്'; ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ വേഗ റാണി; നാലാം സ്വർണം

ദോഹ: വനിതകളിലെ വേഗതയുടെ പര്യായം ജമൈക്കന്‍ ഇതിഹാസം ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ ഒരിക്കല്‍ കൂടി ട്രാക്കില്‍ തീ പടര്‍ത്തി. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ ഷെല്ലി സ്വര്‍ണം സ്വന്തമാക്കി. പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള 32കാരിയായ ഷെല്ലി 2013 മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പിലെ അതേ സമയത്തോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 

നേരത്തേ മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയിട്ടുള്ള ഷെല്ലി വ്യക്തിപരമായ കാരണങ്ങളാല്‍ 2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. താരത്തിന്റെ ഉജ്ജ്വല തിരിച്ചു വരവ് കൂടിയാണിത്.

അമ്മയായിട്ടും കരുത്തോടെ ട്രാക്കില്‍ ജ്വലിക്കുന്ന ഷെല്ലി ചരിത്രത്തിലെ ഏറ്റവും മികച്ച നാലാമത്തെ സമയമായ 10.71 സെക്കന്റ് എടുത്താണ് ദോഹയില്‍ ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ മുമ്പ് രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഷെല്ലി കരിയറിലെ ഏറ്റവും മികച്ചതെന്ന വിശേഷിപ്പിക്കാവുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതിഹാസങ്ങളുടെ നിരയിലേക്ക് ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞ ഷെല്ലിയുടെ കരിയറിലെ മറ്റൊരു സുവര്‍ണ രാത്രിയായി ദോഹ മാറി.  

ബ്രിട്ടീഷ് റെക്കോര്‍ഡ് പ്രകടനം നടത്തി കരിയറിലെ മികച്ച പ്രകടനം നടത്തിയ 23 കാരിയായ ഡിന ആഷ്‌ലി സ്മിത്ത് ആണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. 10.83 സെക്കന്റുകള്‍ക്കാണ താരം റേസ് പൂര്‍ത്തിയാക്കിത്. ഐവറി കോസ്റ്റിന്റെ മേരി ജോസി താ ലൗ ആണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്. 10.90 സെക്കന്റുകള്‍ക്ക് ആണ് ഐവറി കോസ്റ്റ് താരം ഓടിയെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com