ഫെഡററെ വിറപ്പിച്ച താരമല്ലേ ഞാന്‍, എന്നിട്ട് പോലും ആരുമില്ല സഹായിക്കാന്‍; ഇപ്പോഴും ഒറ്റയ്‌ക്കെന്ന് സുമിത് നാഗല്‍

അത്രയും പോരാട്ട വീര്യം പുറത്തെടുത്തിട്ടും വേണ്ട പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്ന് സുമിത് പറയുന്നു
ഫെഡററെ വിറപ്പിച്ച താരമല്ലേ ഞാന്‍, എന്നിട്ട് പോലും ആരുമില്ല സഹായിക്കാന്‍; ഇപ്പോഴും ഒറ്റയ്‌ക്കെന്ന് സുമിത് നാഗല്‍

യുഎസ് ഓപ്പണില്‍ റോജര്‍ ഫെഡററെ വിറപ്പിച്ച താരം. ടെന്നീസ് കോര്‍ട്ടില്‍ ഇന്ത്യയുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയാണ് സുമിത് നഗല്‍ എന്ന ഇരുപത്തിരണ്ടുകാരന്‍ അവിടെ ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് നേടിയത്. അത്രയും പോരാട്ട വീര്യം പുറത്തെടുത്തിട്ടും വേണ്ട പിന്തുണ തനിക്ക് ലഭിക്കുന്നില്ലെന്ന് സുമിത് പറയുന്നു. 

തനിക്ക് വേണ്ടി പരിശീലകനോ, ഫിസിയോയോ ഇല്ലാതെയാണ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ 135ലേക്ക് സുമിത് എത്തിയത്. എടിപി ചലഞ്ചറില്‍ രണ്ട് വട്ടം സുമിത് ഫൈനലിലെത്തിയിരുന്നു. ബ്യൂണസ് എയ്‌റസ് ചലഞ്ചില്‍ വിജയം പിടിച്ചാണ് സുമിത് ഏറ്റവും ഒടുവില്‍ മികവ് കാണിച്ചത്. 

ഞാന്‍ ഇവിടെ എല്ലാ അര്‍ഥത്തിലും തനിച്ചാണെന്ന് സുമിത് പറയുന്നു. സഹായിക്കാന്‍ ആരുമില്ല. ഒറ്റയ്ക്കായിട്ടും, ടെന്നീസില്‍ എനിക്ക് മികവ് കാണിക്കാനാവുന്നു എന്നത് വലിയ കാര്യമാണ്. പക്ഷേ അതത്ര എളുപ്പമല്ല. എനിക്കതില്‍ ദുഃഖവുമുണ്ട്. യുഎസ് ഓപ്പണില്‍ മികവ് കാട്ടിയിട്ട് പോലും എനിക്കൊപ്പം ആരുമില്ല, സുമിത് പറയുന്നു. 

ഒരു ഇരുപത്തിരണ്ടുകാരന്‍ യുഎസ് ഓപ്പണിലേക്ക് യോഗ്യത നേടിയിട്ടും, ഫെഡറര്‍ക്കെതിരെ ആദ്യ സെറ്റ് നേടിയിട്ടും ഒരു മാറ്റവും അതിന് സൃഷ്ടിച്ചില്ല. ടെന്നീസില്‍ മുതല്‍മുടക്കാന്‍ തയ്യാറായി ആരും മുന്നോട്ടു വരാത്തത് നിരാശപ്പെടുത്തുന്നുവെന്നും താരം പറയുന്നു. നേരത്തെ സുമിത്ത് കേന്ദ്ര സര്‍ക്കാരിന്റെ ഒളിംപിക് പോഡിയം സ്‌കീമില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ നിന്ന് നാഗലിന്റെ പേര് ഒഴിവാക്കി. ഈ സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാസം 50,000 രൂപയാണ് നല്‍കിയിരുന്നത്. 1.5 കോടി രൂപയാണ് സുമിത്തിന് ഒരു വര്‍ഷം വേണ്ടിവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com