കണിശതയോടെ റബാഡ; ബാം​ഗ്ലൂരിനെ എറിഞ്ഞൊതുക്കിയ ഡൽഹിക്ക് ലക്ഷ്യം 150 റൺസ്

ആദ്യ വിജയമെന്ന പ്രതീക്ഷ ഇപ്പോഴും അകലെ നിൽക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന് ഡൽഹി ക്യാപിറ്റൽസിനെതിരെ നേടാൻ സാധിച്ചത് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ്
കണിശതയോടെ റബാഡ; ബാം​ഗ്ലൂരിനെ എറിഞ്ഞൊതുക്കിയ ഡൽഹിക്ക് ലക്ഷ്യം 150 റൺസ്

ബംഗളൂരു: ആദ്യ വിജയമെന്ന പ്രതീക്ഷ ഇപ്പോഴും അകലെ നിൽക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന് ഡൽഹി ക്യാപിറ്റൽസിനെതിരെ നേടാൻ സാധിച്ചത് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ്. ബാം​ഗ്ലൂരിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ ‍ഡൽഹിക്ക് ലക്ഷ്യം 150 റൺസ്. 

നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ക​ഗിസോ റബാഡയുടെ കണിശതയ്ക്ക് മുന്നിലാണ് ബാം​ഗ്ലൂരിന് പിഴച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സിനായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി (41) റൺസ് നേടി ടോപ് സ്‌കോററായി. രണ്ട് സിക്സും ഒരു ഫോറും സഹിതമാണ് കോഹ്‌ലിയുടെ ബാറ്റിങ്.

ഓപണർ പാര്‍ത്ഥിവിനെ (ഒൻപത്) ക്രിസ് മോറിസ് രണ്ടാം ഓവറില്‍ ലമിച്ചാനെയുടെ കൈകളിലെത്തിച്ചു. എബി ഡിവില്ല്യേഴ്സ് 17 റൺസിലും  സ്റ്റോയിനിസ് 15 റൺസിലും പുറത്തായതോടെ ബാംഗ്ലൂര്‍ 10.4 ഓവറില്‍ മൂന്നിന് 66 എന്ന നിലയിലായി. പിന്നീട് കോഹ്‌ലിയും മൊയിന്‍ അലിയും ചേര്‍ന്ന് 15ാം ഓവറില്‍ ടീം സ്കോർ 100 കടത്തി. എന്നാല്‍ ഇതേ ഓവറില്‍ മെയിന്‍ അലിയെ (32) ലമിച്ചാനെ ബൗള്‍ഡാക്കി. 18 പന്തിൽ മൂന്ന് സിക്സും ഒരു ഫോറും സ​ഹിതമാണ് അലി കത്തിക്കയറിയത്. 

പിന്നീട് പ്രതീക്ഷ കോഹ്‌ലിയിൽ മാത്രമായി. എന്നാല്‍ റബാഡ എറിഞ്ഞ 18ാം ഓവര്‍ ബാംഗ്ലൂരിന്‍റെ പ്രതീക്ഷകള്‍ തകര്‍ത്തു. ആദ്യ പന്തില്‍ കോഹ്‌ലി ശ്രേയസിന്‍റെ കൈകളില്‍ അവസാനിച്ചു. രണ്ട് പന്തുകളുടെ ഇടവേളയില്‍ അക്ഷ്‌ദീപ് (19) പുറത്തായി. അവസാന പന്തില്‍ നേഗിയും (പൂജ്യം) വീണു. മോറിസ് എറിഞ്ഞ 19ാം ഓവറിലെ ആറാം പന്തില്‍ സിറാജ് (ഒന്ന്) എല്‍ബിയില്‍ കുടുങ്ങി. റബാഡയുടെ അവസാന  ഓവറിലും ബാംഗ്ലൂരിന് കാര്യമായ റണ്‍ എടുക്കാൻ സാധിക്കാതെ വന്നതോടെ അവരുടെ പോരാട്ടം 149ൽ ഒതുങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com