ഇതിലും ഭീകരമായ തുടക്കമുണ്ടോ? നാണക്കേടിന്റെ റെക്കോര്‍ഡുമായി റോയല്‍ ചലഞ്ചേഴ്‌സ്

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പതിമൂന്നാം തിയതി കളിക്കാനിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും തോല്‍വി തൊട്ടാല്‍ നാണക്കേടിന്റെ ഭാരം ഓറഞ്ച് പടയ്ക്ക് മേല്‍ ഇരട്ടിയാവും
ഇതിലും ഭീകരമായ തുടക്കമുണ്ടോ? നാണക്കേടിന്റെ റെക്കോര്‍ഡുമായി റോയല്‍ ചലഞ്ചേഴ്‌സ്

ഇതിലും ഭീകരമായ തുടക്കം ഐപിഎല്‍ ചരിത്രത്തില്‍ നേരിടേണ്ടി വന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനാണ്. 2013ല്‍ അവര്‍ തങ്ങളുടെ ആദ്യ ആറ് കളിയിലും തോറ്റു. മോശം തുടക്കത്തിന്റെ റെക്കോര്‍ഡില്‍ ഡല്‍ഹിക്ക് പിന്നില്‍ കോഹ് ലിയുടെ സംഘവും ഇപ്പോള്‍ സ്ഥാനം ഉറപ്പിച്ചു.  കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ പതിമൂന്നാം തിയതി കളിക്കാനിറങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വീണ്ടും തോല്‍വി തൊട്ടാല്‍ നാണക്കേടിന്റെ ഭാരം ഓറഞ്ച് പടയ്ക്ക് മേല്‍ ഇരട്ടിയാവും. 

ഐപിഎല്‍ ചരിത്രത്തില്‍ മുന്‍പെങ്ങും ഇത്തരത്തില്‍ ബാംഗ്ലൂര്‍ തോറ്റമ്പിയിട്ടില്ല. ഈ സീസണിലെ ആറ് മത്സരങ്ങള്‍ ഉള്‍പ്പെടെ ഏഴ് മത്സരങ്ങളാണ് ബാംഗ്ലൂര്‍ തുടര്‍ച്ചയായി തോറ്റിരിക്കുന്നത്. 2018 മെയ് 19ന് ശേഷം ഐപിഎല്ലില്‍ ബാംഗ്ലൂര്‍ ജയം തൊട്ടിട്ടില്ല. 2018 മെയ് 19ന്, രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതില്‍ പിന്നെയിങ്ങോട്ട് ജയം പിടിക്കുവാന്‍ കോഹ് ലിക്കും കൂട്ടര്‍ക്കുമായിട്ടില്ല. 

കോഹ് ലി 2013ല്‍ ബാംഗ്ലൂരിന്റെ നായക സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ കിരീട പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ കോഹ് ലി നായക സ്ഥാനം ഏറ്റെടുത്ത വര്‍ഷം ബാംഗ്ലൂര്‍ അഞ്ചാമതായിരുന്നു. അടുത്ത വര്‍ഷം 14 മത്സരങ്ങളില്‍ ജയിച്ചത് അഞ്ച് എണ്ണം. 2015ല്‍ 505 റണ്‍സ് വാരിക്കൂട്ടി കോഹ് ലി മുന്നില്‍ നിന്നും നയിച്ചപ്പോള്‍ ബാംഗ്ലൂര്‍ നോക്കൗട്ട് ഘട്ടത്തിലേക്കെത്തി. 

2016ല്‍ മോശം തുടക്കമായിരുന്നുവെങ്കിലും, കോഹ് ലിയുടെ 976 റണ്‍സ് നേടിയ കുതിപ്പിന്റെ കരുത്തില്‍ ഫൈനലിലേക്ക് ബാംഗ്ലൂരെത്തി. എന്നാല്‍ 2017 ആയപ്പോഴേക്കും കാര്യങ്ങള്‍ വീണ്ടും ബാംഗ്ലൂരന് പ്രശ്‌നമായി. പരിക്കിനെ തുടര്‍ന്ന് കോഹ് ലിക്ക് മത്സരങ്ങള്‍ നഷ്ടമായി. ഒടുവില്‍ 14 മത്സരങ്ങളില്‍ ബാംഗ്ലൂര്‍ ജയിച്ചത് 3 എണ്ണത്തില്‍. 

2017ല്‍ ഏപ്രില്‍ 23 മുതല്‍ മെയ് ഏഴ് വരെയുള്ള ആറ് മത്സരങ്ങളും ബാംഗ്ലൂര്‍ തോറ്റിരുന്നു. 2018ല്‍ തിരിച്ചുവരവ് പ്രതീക്ഷകള്‍ ബാംഗ്ലൂരിന് ലഭിച്ചുവെങ്കിലും ആറാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു. 2019ല്‍ ഹര്‍ഭജന്‍ ഏല്‍പ്പിച്ച പ്രഹരത്തോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. 

മുംബൈയ്‌ക്കെതിരെ ഡിവില്ലിയേഴ്‌സിന്റെ ഹീറോയിക് കളി വന്നിട്ടും തോറ്റു. ഹൈദരാബാദില്‍ വാര്‍ണറും, ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ജയം എന്നത് ബാംഗ്ലൂരിന്റെ കയ്യില്‍ നിന്നും തട്ടിയകറ്റി. കോഹ് ലി, ഡിവില്ലിയേഴ്‌സ്, ഹെറ്റ്‌മെയര്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി ശ്രേയസ് ഗോപാല്‍ അവിടെ പ്രഹരിച്ചപ്പോള്‍ രാജസ്ഥാനോടും തോറ്റു. 

കോല്‍ക്കത്തയ്‌ക്കെതിരെ ആധിപത്യം പുലര്‍ത്തിയത് ബാംഗ്ലൂരായിരുന്നു, റസല്‍ വരുന്നത് വരെ. റസല്‍ വന്നതോടെ അവിടെയും തോല്‍വിയായിരുന്നു ഫലം. ഡല്‍ഹി ക്യാപിറ്റല്‍സും ശ്വാസമെടുക്കുവാന്‍ ഒരു അവസരം ബാംഗ്ലൂരിന് നല്‍കാതിരുന്നതോടെ വലിയ നാണക്കേടിലേക്ക് കോഹ് ലിയും കൂട്ടരും വീണു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com