എന്താണ് ഇവരുടെ ഉദ്ദേശം? അയാക്‌സിന്റെ അട്ടിമറിയില്‍ യുവന്റ്‌സ് പുറത്ത്‌

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് കടന്നപ്പോള്‍ ക്രിസ്റ്റിയാനോ ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗാണ് ആരാധകര്‍ക്ക് മുന്നിലുള്ളത്
എന്താണ് ഇവരുടെ ഉദ്ദേശം? അയാക്‌സിന്റെ അട്ടിമറിയില്‍ യുവന്റ്‌സ് പുറത്ത്‌

ക്രിസ്റ്റ്യാനോയെ സ്വന്തമാക്കുമ്പോള്‍ യുവന്റ്‌സിന് മുന്നിലുള്ള ലക്ഷ്യങ്ങളില്‍ ഒന്ന് ഇതായിരുന്നു, ചാമ്പ്യന്‍സ് ലീഗ് കിരീടം. പക്ഷേ ക്വാര്‍ട്ടര്‍ ഫൈനലില്‍ ക്രിസ്റ്റ്യാനോയുടെ ഗോളിനും യുവന്റ്‌സിനെ രക്ഷിക്കുവാനായില്ല. അയാക്‌സ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് കടന്നപ്പോള്‍ ഒന്‍പത് വര്‍ഷത്തിന് ശേഷം ക്രിസ്റ്റ്യാനോ ഇല്ലാത്ത ചാമ്പ്യന്‍സ് ലീഗ് സെമിയാണ് 
ആരാധകര്‍ക്ക് മുന്നിലുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷവും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിച്ച താരമാണ് ക്വാര്‍ട്ടറില്‍ അപ്രതീക്ഷിത പ്രഹരവുമേറ്റ് മടങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അയാക്‌സിന്റെ ജയം. രണ്ട് പാദങ്ങളിലുമായി 3-2 എന്ന അഗ്രഗേറ്റില്‍ സെമിയിലേക്ക്. 

കളിയുടെ 28ാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി ക്രിസ്റ്റിയാനോ യുവന്റ്‌സിനെ മുന്നിലെത്തിച്ചു. ക്രിസ്റ്റിയാനോയുടെ ഹെഡറിലൂടെയാണ് ഗോള്‍ പിറന്നത്. ചാമ്പ്യന്‍സ് ലീഗിലെ ക്രിസ്റ്റ്യാനോയുടെ 126ാം ഗോളായിരുന്നു പ്യാനിച്ചിന്റെ ക്രോസില്‍ നിന്നും പിറന്നത്. എന്നാല്‍ 34ാം മിനിറ്റിലും 67ാം മിനിറ്റിലും തിരിച്ചടിച്ച് അയാക്‌സ് അട്ടിമറി വീര്യം കാട്ടി. 67ാം മിനിറ്റിലെ ഡെലിറ്റിന്റെ ഹെഡര്‍ ഫുട്‌ബോള്‍ പ്രേമികള്‍ അടുത്തെങ്ങും മറക്കുവാന്‍ ഇടയില്ല.

പത്തൊന്‍പതുകാരനായ അയാക്‌സിന്റെ ഡെലിറ്റെന്ന നായകനാണ്, തുടര്‍ച്ചയായ നാലാം വട്ടവും ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടാന്‍ സ്വപ്‌നം കണ്ട ക്രിസ്റ്റ്യാനോയെ തകര്‍ത്തു കളഞ്ഞത്. പ്രീക്വാര്‍ട്ടറില്‍ റയലിനെ തകര്‍ത്തെത്തിയ സംഘം ഇനിയെന്ത് അട്ടിമറി കഥയാണ് കരുതി വെച്ചിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 1997ന് ശേഷം ആദ്യമായിട്ടാണ് അയാക്‌സ് ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com