അയാക്സിന് പിന്തുണയുമായി അസോസിയേഷൻ; ‍ഡച്ച് ലീ​ഗിലെ ഒരു ദിവസത്തെ മത്സരങ്ങൾ മാറ്റി

സെമിയിലെത്തിയ അയാക്സിന് പൂർണ പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ
അയാക്സിന് പിന്തുണയുമായി അസോസിയേഷൻ; ‍ഡച്ച് ലീ​ഗിലെ ഒരു ദിവസത്തെ മത്സരങ്ങൾ മാറ്റി

ആംസ്റ്റർഡാം: വമ്പൻമാരെ അട്ടിമറിച്ച് യുവേഫ ചാമ്പ്യൻസ് ലീ​ഗ് സെമിയിലേക്കുള്ള അയാക്സിന്റെ മുന്നേറ്റം ശ്രദ്ധേയമായിരുന്നു. 14 വർഷത്തിന് ശേഷമാണ് ഒരു ഡച്ച് ക്ലബ് ചാമ്പ്യൻസ് ലീ​ഗ് സെമിയിലെത്തുന്നത്. പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ച അയാക്സ് ക്വാർട്ടറിൽ കരുത്തരായ യുവന്റസിനെയാണ് തുരത്തിയത്. സെമിയിൽ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനമാണ് അവരുടെ എതിരാളികൾ. 

സെമിയിലെത്തിയ അയാക്സിന് പൂർണ പിന്തുണയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഡച്ച് ഫുട്ബോൾ അസോസിയേഷൻ. ടോട്ടനത്തിന് എതിരായുള്ള അയാക്സിന്റെ ആദ്യ പാദ സെമി മത്സരത്തിന് മുൻപായി ആവശ്യത്തിന് വിശ്രമം ലഭിക്കാൻ ഡച്ച് ലീ​ഗ് മത്സരങ്ങൾ മാറ്റിവയ്ക്കാൻ അസോസിയേഷൻ തീരുമാനിച്ചു. ഞായറാഴ്ച ലീ​​ഗിൽ അയാക്സിന് മത്സരമുണ്ട്. അയാക്സിന്റെ അടുത്ത ലീ​ഗ് മത്സരം ഏപ്രിൽ 28നാണ്. ഈ മത്സരം കഴിഞ്ഞ് രണ്ടാം ദിവസമാണ് ടോട്ടനത്തിനെതിരായ ചാമ്പ്യൻസ് ലീ​ഗ് പോരാട്ടം. 

ഈ സാഹചര്യത്തിൽ അയാക്സ് താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിനായി 28ാം തീയതി ലീ​ഗിൽ നടക്കാനിരുന്ന എല്ലാ മത്സരങ്ങളും മാറ്റി വയ്ക്കാൻ അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു. ഈ മത്സരങ്ങൾ പിന്നീട് മെയ് 15ഓടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡച്ച് ഫുട്ബോൾ അസോസിയേഷന്റെ ഈ നടപടിക്ക് ഫുട്ബോൾ ലോകത്തിന്റെ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com