ഇനി കളി നാട്ടില്‍; ബ്രസീലിന്റെ ഡാനി ആല്‍വെസ് സാവോ പോളോയില്‍

വെറ്ററന്‍ ബ്രസീല്‍ താരം ഡാനി ആല്‍വെസ് നാട്ടിലെ ക്ലബില്‍ തിരികെയെത്തി
ഇനി കളി നാട്ടില്‍; ബ്രസീലിന്റെ ഡാനി ആല്‍വെസ് സാവോ പോളോയില്‍

സാവോ പോളോ: വെറ്ററന്‍ ബ്രസീല്‍ താരം ഡാനി ആല്‍വെസ് നാട്ടിലെ ക്ലബില്‍ തിരികെയെത്തി. ഇക്കഴിഞ്ഞ സീസണോടെ ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്‌നുമായുള്ള കരാര്‍ അവസാനിപ്പിച്ച് താരം ചേക്കേറിയത് സാവോ പോളോ എഫ്‌സിയിലേക്കാണ്. മൂന്ന് വര്‍ഷത്തെ കരാറാണ് നാട്ടിലെ ക്ലബുമായി 36കാരനായ താരം കരാറിലെത്തിയത്. പിഎസ്ജിയില്‍ നിന്ന് ഫ്രീ ട്രാന്‍സ്ഫര്‍ കരാറിലാണ് താരം സാവോ പോളോയില്‍ കളിക്കാനിറങ്ങുന്നത്. 

കരാര്‍ അനുസരിച്ച് 2022 ഡിസംബര്‍ വരെ ആല്‍വെസ് സാവോപോളോയ്ക്ക് വേണ്ടി കളത്തിലിറങ്ങും. 2022ലെ ഖത്തര്‍ ലോകകപ്പ് അവസാനിക്കുന്നതിന് പിന്നാലെയാണ് താരത്തിന്റെ കരാര്‍ തീരുന്നതെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ 12 അവസാനിച്ചപ്പോള്‍ സാവോ പോളോ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനക്കാരായ സാന്റോസുമായി എട്ട് പോയിന്റ് വ്യത്യാസമാണ് അവര്‍ക്കുള്ളത്. 

ബ്രസീല്‍ ക്ലബ് ബഹിയയിലൂടെയാണ് ആല്‍വെസ് പ്രൊഫഷണല്‍ രംഗത്തെത്തുന്നത്. 2002 മുതല്‍ 2008 വരെ സ്പാനിഷ് ടീം സെവിയ്യക്കായി കളത്തിലിറങ്ങി. സെവിയ്യയില്‍ നിന്നാണ് താരം സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ തട്ടകത്തിലെത്തിയത്. 

2008 മുതല്‍ 2016 വരെ ബാഴ്‌സലോണയുടെ താരമായിരുന്നു ആല്‍വെസ്. 2017 ലാണ് പിഎസ്ജിയിലേക്കെത്തുന്നത്. ഇത്തവണ പിഎസ്ജി വിട്ട താരം ഏത് ക്ലബിലേക്കാകും പോകുകയെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ഒരു സൂചനയും ലഭിച്ചിരുന്നില്ല. മുന്‍ ക്ലബായ ബാഴ്‌സലോണയുമായും ചില ഇംഗ്ലീഷ് ക്ലബുകളുമായും താരത്തിന്റെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും തന്റെ സ്വന്തം രാജ്യത്തെ ക്ലബ് തന്നെ തിരഞ്ഞെടുക്കാന്‍ ആല്‍വെസ് തീരുമാനിക്കുകയായിരുന്നു.

പ്രായം 36 പിന്നിട്ടെങ്കിലും ഇപ്പോഴും മൈതാനത്ത് ഉജ്ജ്വല മികവ് പുറത്തെടുക്കുന്ന താരമാണ് ആല്‍വെസ്. ഇത്തവണ സ്വന്തം നാട്ടില്‍  നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ബ്രസീല്‍ കിരീടം നേടുമ്പോള്‍ ഡാനി ആല്‍വെസായിരുന്നു അവരുടെ നായകന്‍. കരിയറില്‍ 40ഓളം കിരീടങ്ങള്‍ വിവിധ ടീമുകളുടെ കൂടെ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ് തിളക്കവും ആല്‍വെസിന് സ്വന്തം. 

ആല്‍വെസിനെ അടുത്ത ആഴ്ച ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്ന് സാവോ പോളോ അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com