ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടി, മെസിക്ക് പരിക്ക്; കാറ്റാലന്‍സിനെ ബാധിക്കുക ഈ വിധം

ബാഴ്‌സയുടെ യുഎസ് പര്യടനത്തിന് മെസി ഉണ്ടാവില്ലെന്ന് ക്ലബ് വ്യക്തമാക്കി
ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടി, മെസിക്ക് പരിക്ക്; കാറ്റാലന്‍സിനെ ബാധിക്കുക ഈ വിധം

സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്ക്. പ്രീസീസണ്‍ പരിശീലനത്തിനായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെയാണ് ബാഴ്‌സ നായകന് പരിക്കേറ്റത്. പരിക്കേറ്റതോടെ പരിശീല സെഷന്‍ പൂര്‍ത്തിയാക്കാതെ മെസി മടങ്ങിയിരുന്നു. പിന്നാലെ ബാഴ്‌സയുടെ യുഎസ് പര്യടനത്തിന് മെസി ഉണ്ടാവില്ലെന്ന് ക്ലബ് വ്യക്തമാക്കി. 

യുഎസിലെ ബാഴ്‌സയുടെ പ്രീസീസണ്‍ ടൂര്‍ മെസിക്ക് നഷ്ടമാവും എന്നതിന് പുറമെ, ലാലീഗയിലെ ബാഴ്‌സയുടെ ആദ്യ മത്സരത്തിനും മെസിക്ക് ഇറങ്ങാനാവില്ല. അത്‌ലറ്റിക് ക്ലബിന് എതിരെയാണ് വരുന്ന ലാലീഗ സീസണില്‍ ബാഴ്‌സയുടെ ആദ്യ മത്സരം. 

സീസണ്‍ തുടങ്ങുന്നതിന് മുന്‍പ്, ക്ലബിലേക്ക് പുതിയതായി എത്തിയ ഗ്രീസ്മാന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം കളിച്ച് ഇണങ്ങാന്‍ സഹായിക്കുന്നതാണ് പ്രീസീസണ്‍ മത്സരങ്ങള്‍. നായകന് തന്നെ ഈ മത്സരങ്ങള്‍ നഷ്ടമാവുമ്പോള്‍ അത് ടീമിന് തിരിച്ചടിയാവുന്നു. ഫ്രാങ്കി ഡേ ജോങ്, ഗ്രീസ്മാന്‍, ജൂനിയര്‍ ഫിര്‍പോ, നെറ്റോ എന്നീ താരങ്ങളാണ് ഈ ട്രാന്‍സ്ഫര്‍ വിപണിയിലൂടെ ബാഴ്‌സയിലേക്ക് എത്തിയത്. 

12 ദിവസം മാത്രമാണ് ബാഴ്‌സയുടെ ലാലീഗ ക്യാംപെയ്ന്‍ ആരംഭിക്കാനുള്ളത്. പരിക്കിന്റെ പിടിയില്‍ നില്‍ക്കുകയാണെങ്കില്‍ മെസിയെ ഇറക്കി റിസ്‌ക് എടുക്കാന്‍ ബാഴ്‌സ തയ്യാറാവില്ല. പരിക്കിനെ തുടര്‍ന്ന് ബാഴ്‌സയുടെ യുഎസ് പര്യടനത്തില്‍ മെസി ഇല്ലാതെയാവുന്നത് ബാഴ്‌സയ്ക്ക് വലിയ സാമ്പത്തിക നഷ്ടം തീര്‍ക്കും. നാപോളിക്കെതിരായ സൗഹൃദ മത്സരത്തില്‍ രണ്ടിലും മെസി കളിക്കുമെന്നാണ് ബാഴ്‌സ കരാറില്‍ വ്യക്തമാക്കിയിരുന്നത്. 

മെസിക്ക് യുഎസിലേക്ക് പറക്കാന്‍ സാധിക്കാതെ വന്നതോടെ ബാഴ്‌സയ്ക്ക് പിഴ നല്‍കേണ്ടി വരും. ബാഴ്‌സയുടെ ജപ്പാന്‍ ടൂറും മെസിക്ക് നഷ്ടമായിരുന്നു. പ്രീസീസണിലേറ്റ പരിക്ക് സീസണ്‍ തുടങ്ങുമ്പോള്‍ മെസിയെ അലട്ടുമോ എന്ന ആശങ്ക തുടരുകയാണ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സീസണ്‍ തുടങ്ങാനിരിക്കെ ഫിറ്റ്‌നസ് തൃപ്തിപ്പെടുത്തി ഒരുങ്ങേണ്ട സമയത്ത് നേരിട്ട പരിക്ക് മെസിയുടെ താളം തെറ്റിക്കുമോ എന്നാണ് ആശങ്ക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com