'അവിസ്മരണീയ യാത്ര'യ്ക്ക് അപ്രതീക്ഷിത വിരാമം; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട വാങ്ങൽ പ്രഖ്യാപിച്ച് ഹാഷിം അംല 

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല
'അവിസ്മരണീയ യാത്ര'യ്ക്ക് അപ്രതീക്ഷിത വിരാമം; രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട വാങ്ങൽ പ്രഖ്യാപിച്ച് ഹാഷിം അംല 

ഡര്‍ബന്‍: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംല. സാങ്കേതികത്തികവാര്‍ന്ന ഇന്നിങ്‌സുകളിലൂടെയും സൗമ്യ സാന്നിധ്യത്തിലൂടെയും ക്രിക്കറ്റ് ലോകത്ത് ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച താരമാണ്.  ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും നിന്ന് വിരമിക്കുന്നുവെന്നാണ് അറിയിപ്പ്. ഇക്കഴിഞ്ഞ ലോകകപ്പിലുള്‍പ്പെടെ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അംഗമായിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അംലയുടെ പൊടുന്നനെയുള്ള വിരമിക്കല്‍ പ്രഖ്യാപനം.

124 ടെസ്റ്റുകള്‍ കളിച്ച അംല 9282 റണ്‍സിനുടമയാണ്. 46.41 റണ്‍സാണ് ശരാശരി. 181 ഏകദിനങ്ങളില്‍ നിന്ന് 8113 റണ്‍സാണ് സമ്പാദ്യം. 44 ടി20 മത്സരങ്ങളില്‍ നിന്ന് 1277 റണ്‍സാണ് നേടിയത്. 2004 ഡിസംബറില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ കൊല്‍ക്കത്തയിലായിരുന്നു അംലയുടെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. ടെസ്റ്റില്‍ 28 സെഞ്ച്വറികളും 41 അര്‍ധ സെഞ്ച്വറികളും സഹിതമാണിത്. പുറത്താകാതെ നേടിയ 311 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2008 മാര്‍ച്ചില്‍ ബംഗ്ലദേശിനെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 27 സെഞ്ച്വറികളും 39 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2009 ജനുവരിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ടി20 അരങ്ങേറ്റം. പുറത്താകാതെ നേടിയ 97 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മികച്ച ഫീല്‍ഡര്‍ കൂടിയായ അംല ടെസ്റ്റില്‍ 108, ഏകദിനത്തില്‍ 87, ടി20യില്‍ 19 ക്യാച്ചുകളും നേടി. 

ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടുള്ള ഏക ദക്ഷിണാഫ്രിക്കന്‍ താരമാണ് അംല. ഏകദിനത്തില്‍ 2000, 3000, 4000, 5000, 6000, 7000 റണ്‍സിന്റെ നാഴികക്കല്ലുകള്‍ ഏറ്റവും വേഗത്തില്‍ പിന്നിട്ടതിന്റെ റെക്കോര്‍ഡും അംലയുടെ പേരിലാണ്. 2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ അംല, ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും ശ്രീലങ്കയ്‌ക്കെതിരെയാണ് അവസാന മത്സരം കളിച്ചതെന്ന പ്രത്യേകതയുമുണ്ട്. 

ഒന്നര പതിറ്റാണ്ടു പിന്നിടുന്ന തന്റെ രാജ്യാന്തര കരിയറിനെ 'അവിസ്മരണീയ യാത്ര' എന്നു വിശേഷിപ്പിച്ചാണ് അംല വിരമിക്കല്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കന്‍ കുപ്പായത്തില്‍ സന്തോഷകരമായൊരു ക്രിക്കറ്റ് കരിയര്‍ സമ്മാനിച്ച സര്‍വശക്തനായ ദൈവത്തിന് ആദ്യമേ നന്ദിയും മഹത്വവും. ഈ അവിസ്മരണീയ യാത്രയില്‍ ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു. ഒട്ടേറെ സുഹൃത്തുക്കളെ സമ്പാദിച്ചു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കിടയില്‍ സാഹോദര്യവും സ്‌നേഹവും പങ്കുവച്ച് ജീവിക്കാനും സാധിച്ചെന്നും അംല വിരമിക്കല്‍ പ്രഖ്യാപിച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു.

തനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും സ്‌നേഹവും പിന്തുണയും നല്‍കുകയും ചെയ്ത മാതാപിതാക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വര്‍ഷങ്ങളോളം കളിക്കാന്‍ തന്നെ പ്രാപ്തനാക്കിയത് അവരുടെ നിഴല്‍ പകര്‍ന്ന കരുത്താണ്. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഏജന്റിനും ടീമിലെ സഹ താരങ്ങള്‍ക്കും പരിശീലക സംഘത്തിലെ എല്ലാവര്‍ക്കും ഒരുപാടു നന്ദി.

ബുദ്ധിമുട്ടേറിയ ഘട്ടങ്ങളില്‍പ്പോലും ഉറച്ച പിന്തുണയുമായി കൂടെനിന്ന ആരാധകര്‍ക്കും ആദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വെല്ലുവിളികളുടെ ഘട്ടങ്ങളില്‍ തനിക്കൊപ്പം ഉറച്ചുനിന്ന, വിജയങ്ങളില്‍ തന്നോടു ചേര്‍ന്നുനിന്ന് ആഹ്ലാദിച്ചവരാണ് ആരാധകരെന്നും അദ്ദേഹം പറഞ്ഞു. 

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും പ്രസിഡന്റിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു. ചീഫ് എക്‌സിക്യൂട്ടീവായ തബാങ് മോറോയിക്കും അദ്ദേഹത്തിന്റെ ഭരണ സമിതിക്കും നന്ദി പറഞ്ഞ അംല തനിക്കു തന്ന എല്ലാ അവസരത്തിനും നന്ദി പറഞ്ഞു. എല്ലാവര്‍ക്കും സ്‌നേഹവും സമാധാനവും! എന്നും കുറിച്ചാണ് വിരമിക്കല്‍ തീരുമാനം അറിയിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com