സിദാന്‍ റയല്‍ പരിശീലക സ്ഥാനം ഒഴിയുന്നു? കാരണം പോഗ്ബ!

പരിശീലകന്‍ സിനദിന്‍ സിദാന്‍ സ്ഥാനം രാജി വച്ച് ക്ലബിനോട് വിട പറയാന്‍ ഒരുങ്ങുകയാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
സിദാന്‍ റയല്‍ പരിശീലക സ്ഥാനം ഒഴിയുന്നു? കാരണം പോഗ്ബ!

മാഡ്രിഡ്: കഴിഞ്ഞ സീസണിലെ കനത്ത തിരിച്ചടി മറികടക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്ന സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ഈ സീസണില്‍ ശക്തമായി തിരിച്ചെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആ കണക്കു കൂട്ടലുകളെല്ലാം പിഴയ്ക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് സ്‌പെയിനില്‍ നിന്ന് വരുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതോടെ തുടങ്ങിയ തിരിച്ചടികള്‍ ഇപ്പോഴും പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പരിശീലകന്‍ സിനദിന്‍ സിദാന്‍ സ്ഥാനം രാജി വച്ച് ക്ലബിനോട് വിട പറയാന്‍ ഒരുങ്ങുകയാണെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് പോള്‍ പോഗ്ബയെ ടീമിലെത്തിക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചാണ് സിദാന്‍ ടീം വിടാനൊരുങ്ങുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.  

റൊണാള്‍ഡോ ടീം വിട്ടതിന് പിന്നാലെ സിദാന്‍ കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം വിട്ടിരുന്നു. എന്നാല്‍ അതിനു ശേഷമുള്ള റയലിന്റെ പ്രകടനം താഴോട്ട് പോയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിദാന്റെ പുതിയ നിയമനം. റയലിന്റെ മധ്യനിരയ്ക്ക് കരുത്തു പകരുകയും ഒപ്പം ചെറുപ്പം നല്‍കുകയും മുന്നില്‍ കണ്ട് സിദാന്‍ പോഗ്ബയെ ടീമിലെത്തിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. ലൂക്ക മോഡ്രിച്ചും ടോണി ക്രൂസും നിയന്ത്രിക്കുന്ന റയല്‍ മധ്യനിരയില്‍ മോഡ്രിച്ചിന് പകരം പോഗ്ബയെ എത്തിക്കാനായിരുന്നു സിദാന്റെ ശ്രമം. സ്വന്തം നിലയ്ക്ക് അദ്ദേഹം ഫ്രഞ്ച് താരവുമായി സംസാരിച്ചിരുന്നു. 

എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ ജാലകം അവസാനിച്ചതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. ഫ്രഞ്ച് താരത്തിന്റെ പ്രതിഫലമാണ് റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റിനോ പെരസിനെ പിന്നോട്ടടിപ്പിച്ചത്. ഈ സീസണില്‍ റയല്‍ സ്വന്തമാക്കിയ പ്രധാന താരം ചെല്‍സിയില്‍ നിന്നെത്തിച്ച ഈഡന്‍ ഹസാദാണ്. സെര്‍ബിയന്‍ താരം ലൂക്ക ജോവിച്, ഫ്രാന്‍സിന്റെ ഫെര്‍ലാന്‍ഡ് മെന്‍ഡി, ബ്രസീല്‍ താരം ഏദര്‍ മിലിറ്റാവോ എന്നിവരെയും ഇത്തവണ ടീം മാഡ്രിഡിലെത്തിച്ചു. 

പിഎസ്ജിയില്‍ നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ടീമിലെത്തിക്കാനാണ് പെരസ് ശ്രമിക്കുന്നത്. സിദാന്‍ ഇക്കാര്യത്തില്‍ താത്പര്യം പ്രകടിപ്പിക്കാത്തതോടെയാണ് ഇരുവരും തമ്മില്‍ ഭിന്നത രൂപപ്പെട്ടത്. ഗെരത് ബെയ്‌ലുമായി യോജിപ്പില്ലാത്ത സിദാന്‍ താരത്തോട് ടീം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബെയ്ല്‍ ചൈനീസ് ലീഗിലേക്ക് പോകാനുള്ള ശ്രമം അവസാന ഘട്ടത്തിലെത്തിയ സമയത്ത് ആ ശ്രമത്തെ റയല്‍ അധികൃതര്‍ തടഞ്ഞതും സിദാനെ ചൊടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com