ആരാവും ഇന്ത്യയുടെ പരിശീലകന്‍? ഇന്നറിയാം, കണക്കുകളിലും കളികളിലും മുന്‍തൂക്കം ഈ പേരിന് തന്നെ

പരിശീലക സ്ഥാനത്തേക്ക് ആരെന്ന പ്രഖ്യാപനവും ഇന്നുണ്ടാവും. രവി ശാസ്ത്രിക്ക് തന്നെയാണ് മുന്‍തൂക്കം
ആരാവും ഇന്ത്യയുടെ പരിശീലകന്‍? ഇന്നറിയാം, കണക്കുകളിലും കളികളിലും മുന്‍തൂക്കം ഈ പേരിന് തന്നെ

മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകനെ ഇന്നറിയാം. മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള ആറ് പേരുടെ അഭിമുഖം ഇന്ന് നടക്കും, പരിശീലക സ്ഥാനത്തേക്ക് ആരെന്ന പ്രഖ്യാപനവും ഇന്നുണ്ടാവും. രവി ശാസ്ത്രിക്ക് തന്നെയാണ് മുന്‍തൂക്കം. 

ഓസ്‌ട്രേലിയന്‍ മുന്‍ ഓള്‍ റൗണ്ടറും ലങ്കന്‍ കോച്ചുമായിരുന്ന ടോം മൂഡി, കീവീസ് മുന്‍ പരിശീലകന്‍ മൈക്ക് ഹെസന്‍ എന്നീ പേരുകളാണ് ശാസ്ത്രിക്ക് അല്‍പ്പമെങ്കിലും വെല്ലുവിളി തീര്‍ക്കുന്നത്. 2007ല്‍ ഇന്ത്യ ട്വന്റി20 ലോക കിരീടം നേടുമ്പോള്‍ ടീം മാനേജറായിരുന്ന ലാല്‍ചന്ദ് രജ്പുത്, മുംബൈ ഇന്ത്യന്‍സ് മുന്‍ കോത്ത് റോബിന്‍ സിങ്, വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഫില്‍ സിമ്മന്‍സ് എന്നിവരാണ് ഇന്ന് അഭിമുഖത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍. 

ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയം ഉള്‍പ്പെടെയുള്ള റെക്കോര്‍ഡുകള്‍ ശാസ്ത്രിക്ക് തുണയാവുന്നു. ശാസ്ത്രി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം 21 ടെസ്റ്റ് കളിച്ചതില്‍ 13 എണ്ണത്തില്‍ ഇന്ത്യ ജയം പിടിച്ചു. 52.38 ആണ് വിജയ ശരാശരി. ട്വന്റി20യില്‍ 36 കളിയില്‍ നിന്ന് ഇന്ത്യ 25 ജയവും ശാസ്ത്രിക്ക് കീഴില്‍ നേടി. 

ഏകദിനത്തിലാവട്ടെ 60 കളിയില്‍ നിന്ന് 43 വിജയങ്ങളിലേക്കാണ് ശാസ്ത്രി ഇന്ത്യയെ എത്തിച്ചത്. 71.67 വിജയ ശരാശരി. ലോകകപ്പില്‍ ഫൈനലിലേക്ക് കടക്കാന്‍ സാധിക്കാതിരുന്നതാണ് ശാസ്ത്രിക്ക് മേലുള്ള നെഗറ്റീവ് പോയിന്റ്. എന്നാല്‍, നായകന്‍ കോഹ് ലിയുടെ പരസ്യ പിന്തുണ വാങ്ങിയ ശാസ്ത്രിയെ മാറ്റി പുതിയ കോച്ചിനെ നിയമിക്കാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഇന്ത്യ വേദിയാവുന്ന 2021 ലോകകപ്പ് വരെ ശാസ്ത്രി തുടര്‍ന്നേക്കും. വിന്‍ഡിസില്‍ ഇന്ത്യന്‍ ടീമിനൊപ്പമുള്ള ശാസ്ത്രി സ്‌കൈപ്പ് വഴിയാവും അഭിമുഖത്തില്‍ പങ്കെടുക്കുക. ഹെസനായിരിക്കും ശാസ്ത്രിക്ക് ഏറ്റവും വെല്ലുവിളി തീര്‍ക്കുക. മൂഡിയാവട്ടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കുള്ള അഭിമുഖത്തില്‍ പലവട്ടം എത്തിയിട്ടും തെരഞ്ഞെടുക്കപ്പെടാതെ പോയ വ്യക്തിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com