'കോര്‍ട്ണി വാല്‍ഷ് അല്ല എന്റെ അച്ഛന്‍', ഇത് നിങ്ങളറിയാത്ത ഹെയ്ഡന്‍ വാല്‍ഷ് 

ഇനിയെങ്കിലും സ്വന്തമായി ഒരു ഐഡന്റിറ്റി സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹെയ്ഡന്‍ 
'കോര്‍ട്ണി വാല്‍ഷ് അല്ല എന്റെ അച്ഛന്‍', ഇത് നിങ്ങളറിയാത്ത ഹെയ്ഡന്‍ വാല്‍ഷ് 

'കോര്‍ട്ണി വാല്‍ഷിന്റെ മകനല്ല ഞാന്‍', വെസ്റ്റിന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളായ കോര്‍ട്ണിയുടെ പിന്മുറക്കാരനാണ് താനെന്ന് കരുതുന്നവരോട് ഹെയ്ഡന്‍ വാല്‍ഷ് പറയുന്നു. ഇന്നലെ കര്യവട്ടത്ത് ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഹെയ്ഡന് ഇനിയെങ്കിലും സ്വന്തമായി ഒരു ഐഡന്റിറ്റി സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയാണ്. 

ശിവം ദ്യൂബയുടെയും ശ്രേയസ് അയ്യരുടെയുമടക്കം രണ്ട് വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി വിന്‍ഡീസ് ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരമാണ് ഹെയ്ഡന്‍. 28 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം രണ്ട് വിക്കറ്റുകള്‍ പിഴുതത്. അര്‍ദ്ധശതകം പിന്നിട്ട് മികച്ച ഫോമില്‍ നിന്ന ദ്യൂബിന് പന്തെറിയാന്‍ വന്നപ്പോഴും താന്‍ വളരെ കോണ്‍ഫിഡന്റ് ആയിരുന്നെന്ന് ഹെയ്ഡന്‍ പറയുന്നു. "എവിന്‍ ലെവിസിനും നിക്കോളാസ് പൂരനുമൊക്കെ വേണ്ടി ഒരുപാട് തവണ ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ദ്യൂബിനായി ബോള്‍ ചെയ്യാനിറങ്ങിയപ്പോള്‍ ഞാന്‍ വളരെ ആത്മവിശ്വാസത്തിലായിരുന്നു", മത്സരശേഷം ഹെയ്ഡന്‍ പറഞ്ഞു. 

കാനഡ ടി20 ലീഗില്‍ കളിക്കുന്നതിനിടെയാണ് ആരോ കോര്‍ട്ണി വാല്‍ഷ് എന്ന് ഹെയ്ഡനെ വിളിച്ചത്. എന്നാല്‍ കോര്‍ട്ണി വാല്‍ഷ് അല്ല തന്റെ അച്ഛന്‍ എന്നാണ് അവരോട് ഈ 27കാരന് പറയാനുള്ളത്. ഇനിയങ്ങോട്ട് ആളുകള്‍ തന്നെക്കുറിച്ച് തിരക്കുകയും തന്റെ അച്ഛന്‍ ആരെന്ന് കണ്ടെത്തുകയുമൊക്കെ ചെയ്യുമെന്നാണ് ഹെയ്ഡന്റെ പ്രതീക്ഷ. 

"എന്നെസംബന്ധിച്ചിടത്തോളം ഇതുവരെയുള്ള യാത്ര ഒരു റോളര്‍കോസ്റ്റര്‍ റൈഡ് തന്നെയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എന്റെ വഴി കണ്ടെത്താനായി ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്", താരം പറഞ്ഞു. കരീബിയന്‍ പ്രിമിയര്‍ ലീഗിലെ സ്ഥിരതയുള്ള പ്രകടനമാണ് തന്റെ വിജയത്തിന് കാരണമെന്നും അതാണ് സെലക്ടര്‍മാരിലേക്ക് തന്റെ പേര് എത്തിച്ചതെന്നും വാല്‍ഷ് പറയുന്നു. ഐപിഎല്ലില്‍ കളിക്കാന്‍ താത്പര്യമുണ്ടെങ്കിലും ഇപ്പോള്‍ സിരീസ് നേട്ടമാണ് വാല്‍ഷ് ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com